UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സർക്കാർ ഭൂമി പാട്ടത്തിന്; വയനാട്ടിൽ ക്രിസ്ത്യൻ പള്ളികൾ സ്വന്തമാക്കിയത് ഏക്കറുകൾ

വയനാടിലെ മൂന്ന് പള്ളികൾക്ക് ഹെക്ടർ കണക്കിന് സ്ഥലം പതിച്ചു കൊടുത്തതെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു.

ആദിവാസികൾക്ക് ഭൂമി നൽകാനില്ലാത്ത വയനാട്ടിൽ ക്രിസ്ത്യൻ പള്ളികൾക്കായി സർക്കാർ ഏക്കറുകണക്കിന് ഭൂമി പാട്ടത്തിന് പതിച്ച് നൽകിയതായി റിപ്പോർട്ട്. പൊതു പ്രവർത്തകനായ ധനരാജിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് ഭുമി പതിച്ച് നൽകലിന്റെ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. രേഖയിലെ വിവരങ്ങൾ സേവ് അവർ സിസ്റ്റേഴ്സ് കൗൺസിൽ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. വയനാട് ജില്ലയിൽ മൂന്ന് പള്ളികൾക്ക് സർക്കാർ ഭുമി പതിച്ചു കൊടുത്തതായാണ് റിപ്പോർട്ട്. അതേസമയം, ചില ഉടപാടുളിൽ ഭുമി പാട്ടത്തിന് നൽകിയതിലുടെ സർക്കാറിന് ലഭിച്ച തുക രേഖയിൽ വെളിപ്പെടുത്തുന്നില്ലെങ്കിലും വെറും 1300 രുപയ്ക്കാണ് നടപടിയെന്നും ആരോപണമുണ്ട്.

1957 ലെ കേരള ലാൻഡ് കൺസർവൻസി ആക്ടിലും 60 ലെ ലാൻഡ് അസൈന്മെന്റ്‌സ് ആക്ടിലും പുറമ്പോക്ക് ഭൂമി സർക്കാരിന്റേതാണെന്നും ഇത് പൊതുജന താൽപര്യത്തിന് വിധേയമായി മാത്രമേ ഉപയോഗിക്കാവൂയെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം വിസ്മരിച്ചുകൊണ്ടാണ് വയനാടിലെ മൂന്ന് പള്ളികൾക്ക് ഹെക്ടർ കണക്കിന് സ്ഥലം പതിച്ചു കൊടുത്തതെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു.

മാനന്തവാടി താലൂക്കിൽ ഇടവക വില്ലേജിൽ റീ സർവ്വേ 80/1, 96/5, 20/2, 35/8 പിറ്റി, 35/9, 35/10, 101/1, 19/1 എന്നീ സർവ്വേ നമ്പറുകളിലായി 5.4480 ഹെക്ടർ സർക്കാർ ഭൂമി കല്ലോടി സെന്റ് ജോർജ്ജ് ഫെറോന പള്ളി വികാരിയുടെ പേരിലും പതിച്ചു നൽകിയിട്ടുണ്ട്. കാപ്പാട് വില്ലേജിലെ ബ്ലോക്ക് 17 ൽ റീ സർവ്വേ 244/2 (OS423/1/B1pt441444) നമ്പറുകളിലായി 1.9875 ഹെക്ടർ (4.91 എക്കർ) സ്ഥലം സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരിക്കും, സുൽത്താൻ ബത്തേരി വില്ലേജ് ബ്ലോക്ക് 18 ൽ സർവ്വേ നമ്പർ 538/2, 3, 4, 5 ൽ പെട്ട 1.8145 ഹെക്ടർ ഭൂമി അസംപ്ഷൻ ചർച്ച് വികാരി ഫാ. സ്റ്റീഫൻ കൊട്ടകലിന്റെ പേരിലും സർക്കാർ പതിച്ചു കൊടുത്തതായും രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച് മെയ് 23 ന് ഉത്തരവ് പുറത്തിറക്കിയിട്ടണ്ട്. എന്നാൽ ഇത് രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു.

ഇതിന് പുറമെയാണ് കല്ലോടി ഫെറോന പള്ളി വർഷങ്ങളായി കൈവശം വച്ചിട്ടുള്ള 13.67 ഏക്കർ ഭൂമിക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജനുവരി മൂന്നിന് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച വയനാട് കളക്ടർ സെന്റിന് 22,309 രൂപ നിരക്കിൽ 3496403 രൂപ വിലമതിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാറിന് ശുപാർശയും സമർപ്പിച്ചിട്ടുണ്ട്. മാർച്ച് 26, ഏപ്രിൽ 7 തീയതികളിൽ അയച്ച കത്തുകളിലൂടെയാണ് ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 30 വർഷത്തേക്ക് പാട്ടത്തിന് 100 രൂപ നിരക്കിൽ നിലവിലുള്ള പാട്ടവ്യവസ്ഥകൾക്കും മറ്റ് നിബന്ധനകൾക്കും വിധേയമായി റവന്യൂവകുപ്പ് മെയ് അഞ്ചിന് ഉത്തരവിറക്കിയിട്ടുള്ളത്.

മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഒരേക്കർ ഭുമിയും, നഷ്ടപരിഹാരവും സർക്കാർ വാഗ്ദാനമൊന്നും പാലിക്കപ്പെട്ടില്ല എന്നാരോപിച്ച് ആദിവാസികൾ വീണ്ടും സെക്രട്ടറിയേറ്റ് പടിയിൽ നിൽപ്പ് സമരം നടത്താൻ ഒരുങ്ങുമ്പോഴാണ് ജില്ലയിൽ നിന്നും പുതിയ റിപ്പോർട്ട് പുറത്ത് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍