UPDATES

ട്രെന്‍ഡിങ്ങ്

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

മാറിടത്തില്‍ മുഴയുമായി ചികിത്സതേടിയ യുവതിക്ക് ക്യാന്‍സര്‍ ആണെന്ന ധാരണയില്‍ കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി. രോഗം ഇല്ലാതെ കീമോതെറാപ്പിക്ക് വിധേയയാകേണ്ടി വന്നത് ആലപ്പുഴ കുടശ്ശനാട് സ്വദേശിനി രജനിക്കാണ്. ക്യാന്‍സര്‍ ഇല്ലാതെ ക്യാന്‍സറിന് ചികിത്സയും മരുന്നുകളും ഏറ്റുവാങ്ങേണ്ടിവന്ന രഞ്ജിനിയുടെ ശരീരത്തില്‍ കീമോയുടെ അനന്തരഫലങ്ങള്‍ പ്രകടമാണ്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളേജിലും ആര്‍സിസിയിലും നടത്തിയ വിശദ പരിശോധനകളില്‍ ഇവര്‍ക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞിരുന്നു.

മുടി മുഴുവന്‍ നഷ്ടപ്പെട്ട ഇവരുടെ ശരീരത്തില്‍ ഇതില്‍ വ്യാപകമായി കരുവാളിപ്പുണ്ട്. കീമോയെ തുടര്‍ന്ന് അസ്വസ്ഥതകളും ആരോഗ്യപ്രശ്‌നങ്ങളും ഇവരെ അലട്ടുന്നു. 2019 ഫെബ്രുവരി 28നാണ് മാറിടത്തില്‍ അസ്വാഭാവികമായി ഒരു മുഴ കണ്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗനിര്‍ണയത്തിനായി എടുത്ത രണ്ട് സാമ്പിളുകളില്‍ ഒന്ന് മെഡിക്കല്‍ കോളജിലെ പാത്തോളജി ലാബിലേക്ക് മറ്റൊന്ന് ഒന്ന് മെഡിക്കല്‍ കോളേജിന് സമീപം തന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബായ ഡയനോവയിലേക്കും അയയ്ക്കുകയായിരുന്നു. സ്വകാര്യ ലാബിലെ പരിശോധനാഫലം ഇവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടെന്നായിരുന്നു. അതിനെ തുടര്‍ന്ന് സമീപത്തുള്ള സിഎംസി സ്‌കാനിംഗ് സെന്റര്‍ സ്‌കാനിങ് നടത്തിയപ്പോഴും ക്യാന്‍സര്‍ ഉള്ളതായാണ് അവര്‍ കണ്ടെത്തിയത്. പത്തോളജി ലാബിലെ ഫലം വരാന്‍ കാത്തുനില്‍ക്കാതെ സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം അനുസരിച്ച് മാര്‍ച്ച് പത്തൊമ്പതാം തീയതി ഇവരുടെ ആദ്യത്തെ കീമോ നടത്തുകയായിരുന്നു. കീമോ കഴിഞ്ഞ് എട്ടു ദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 27നാണ് പത്തോളജി റിപ്പോര്‍ട്ട് വന്നത്. പത്തോളജി റിപ്പോര്‍ട്ടില്‍ ക്യാന്‍സര്‍ ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ലാബിലേക്ക് കൊടുത്ത സാമ്പിള്‍ വാങ്ങി പത്തോളജി ലാബില്‍ പരിശോധിച്ചു. ഇതില്‍ ക്യാന്‍സറിന്റെ യാതൊരു അംശവും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് സ്ഥിരീകരണത്തിനായി തിരുവനന്തപുരം ആര്‍സിസിയില്‍ പരിശോധനകള്‍ നടത്തി.

ക്യാന്‍സര്‍ ഇല്ല എന്ന് സ്ഥിരീകരിച്ചതോടെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ നടത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറിയുടെ എസ് ഫോര്‍ വിഭാഗത്തില്‍ 12 ദിവസം ഇവരെ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍ സുരേഷ് കുമാറിന്റെ കീഴിലായിരുന്നു ശസ്ത്രക്രിയ.

കീമോ ചെയ്തതിന്റെ അസ്വസ്ഥതകള്‍ തന്നെ നിരന്തരം അലട്ടുന്നതായും കാരുണ്യ പദ്ധതിയുടെ ഗുണഭോക്താവായതുകൊണ്ട് മാത്രമാണ് വന്‍ തുക മുടക്കേണ്ടി വരാതിരുന്നതെന്നും ഇല്ലെങ്കില്‍ സ്വകാര്യ ലാബിന്റെ ഈ അനാസ്ഥ മൂലം കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയേനെയെന്നും രജനി അഴിമുഖത്തോട് പറഞ്ഞു.

ആശുപത്രികള്‍ ഓടി ചേര്‍ന്ന് കൂണുപോലെ മുളച്ചു വരുന്ന സ്വകാര്യ ലാബുകളും രോഗനിര്‍ണ്ണയത്തിനായി അവയെ ആശ്രയിക്കുന്ന ഡോക്ടര്‍മാരും സാധാരണക്കാരില്‍ നിന്ന് അകന്നുപോകുന്ന എന്ന അവസ്ഥയാണ് ഞങ്ങള്‍ക്ക് മനസ്സിലായതെന്നും ഇനി ആര്‍ക്കും തന്നെ ഈ അനുഭവം ഉണ്ടാകാതിരിക്കാന്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കുമെന്നും ലാബുകള്‍ക്കെതിരെ സത്വരമായ നടപടി ആവശ്യപ്പെടുമെന്നും രജനി കൂട്ടിച്ചേര്‍ത്തു. ലാബിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും ലാബിന്റെയും ലാബ് ടെക്‌നീഷ്യന്റെയും ലൈസന്‍സ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ പാത്തോളജി ലാബില്‍ നിന്ന് എത്രയും വേഗം റിസള്‍ട്ടുകള്‍ ലഭ്യമാക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഈ അവസ്ഥ ഉണ്ടാവുകയില്ലായിരുന്നു. രോഗം ഉറപ്പിക്കാതെ ഇത്രയും പാര്‍ശ്വഫലങ്ങളുള്ള ചികിത്സ ആരംഭിച്ച ഡോക്ടര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

മൂന്നുമാസം കൂടി കൊണ്ട് പൂര്‍ണ ആരോഗ്യസ്ഥിതി വീണ്ടെടുക്കാന്‍ ആവൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത് എന്ന് വേദനയോടെ അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്നും പ്രതികരണം ആരാഞ്ഞെങ്കിലും അവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

Read More : കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്റെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു; എംപിയുടെ രണ്ട് അനുയായികള്‍ക്ക് വെട്ടേറ്റു

ജയശ്രീ ശ്രീനിവാസന്‍

ജയശ്രീ ശ്രീനിവാസന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍