ന്യൂസ് അപ്ഡേറ്റ്സ്

മഴക്കെടുതി: സംസ്ഥാനത്ത് ഇന്ന് 22 മരണം; വന്‍ നാശനഷ്ടങ്ങള്‍

ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍ പെട്ട് അഞ്ചുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

രണ്ടു ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് ഇന്നു മാത്രം റിപോര്‍ട്ട് മരണങ്ങള്‍. കനത്ത മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് സംസ്ഥാനത്ത വലിയ ദുരന്തത്തിന് ഇടയാക്കിയത്. വലിയ ഉരുള്‍ പൊട്ടല്‍ റിപോര്‍ട്ട് ചെയ്ത ഇടുക്കി മലപ്പുറം ജില്ലകളിലാണ് മരണ സംഖ്യ കൂടുതല്‍. ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചിലില്‍ ഒരുകുടുംബത്തിലെ അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേരും മരിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍ പെട്ട് അഞ്ചുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ചെട്ടിയംപാറ പറമ്പില്‍ സുബ്രഹ്മണ്യന്റെ കുടുംബത്തിനാണ് ദുരന്തം സംഭവിച്ചത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9) നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരാണ് മരിച്ചത്. എന്നാല്‍ സുബ്രഹ്മണ്യനായി (30)തിരച്ചില്‍ തുടരുകയാണ്.  ഇവരുടെ വീടിന് സമീപത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. മലപ്പുറം കാളിക്കാവ്, നിലമ്പൂര്‍, കരുവാരകുണ്ട് മേഖലകളില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ മാത്രം 11 പേരാണ് മരിച്ചത്. ഏഴ് പേരെ കാണാതായി. ദേവികുളം താലൂക്കിലെ മന്നംകണ്ടത്ത് മഴയിലും മണ്ണിടിച്ചിലിലും പെട്ട് ഏഴ് പേര്‍ മരിച്ചു. ഇതില്‍ പാത്തുമ്മ (65), മുജീബ് (38), ഷമീന (35) നിയ (7) മിയ (5) എന്നീ അഞ്ച് പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. കൊരങ്ങട്ടില്‍ മോഹനന്‍ കുറുമ്പനക്കല്‍ (52), ഭാര്യ ശോഭന (41) എന്നിവരാണ് മരിച്ച ബാക്കി രണ്ടുപേര്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പല മേഖലകളിലും ഗതാഗതം തടസപ്പെട്ട നിലയിലാണ്. നേരിയമംഗലം- പമ്പള-കീറിതോട് റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും , ഉടുമ്പന്‍ചോല റോഡ്, രാജാക്കാട് പൊന്‍മുടി റോഡ്,രാജാക്കാട്- എ.എം.സി.എച്ച് സിറ്റി, ചെമ്മന്നര്‍- ഉടുമ്പന്‍ചോല എന്നീ റോഡുള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇടുക്കി താലൂക്കിലെ രാജപുരം ക്രിസ്തുരാജ് എല്‍.പി സ്‌കൂളിനു സമീപം ഉരുള്‍പൊട്ടലില്‍ മൂന്ന് പേരെ കാണാതായി. കുടുംബാഗങ്ങളായ കരികുളത്തില്‍ വീട്ടില്‍ മീനാക്ഷി അവരുടെ മകന്‍ രാജന്‍, മകള്‍ ഉഷ എന്നിവരെയാണ് കാണാതായത്.

മഴക്കെടുതിയില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വയനാട്ടില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ചുരങ്ങളില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ല ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. കുറിച്യര്‍മല, കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയി എന്നിവിടങ്ങിളിലാണ് ഉരുള്‍പൊട്ടല്‍ റിപോര്‍ട്ട് ചെയ്തത്്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപവും വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായി. കോളനിയിലെ ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇവിടെയാണ് വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് ലില്ലി എന്ന സ്ത്രീ് മരിച്ചത്.
താമരശ്ശേരി, പാല്‍ച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.നിരവധി യാത്രക്കാര്‍ താമരശ്ശേരി ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്. കെടുതി നേരിടാന്‍ ജില്ലയിലാകമാനം 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷാണ് കാറടക്കം ഒഴുക്കില്‍പ്പെട്ടത്.

പാലക്കാട് നഗരത്തിന്റെ ചുറ്റുപാടും വെളളം കയറിയ നിലയിലാണ്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അഞ്ചടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കല്‍പ്പാത്തി പുഴയില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഒലവക്കോട് ജംക്ഷന്‍ വെള്ളത്തിലായി. ശേഖരിപുരത്തെ കോളനിയി നിവാസികളെ രക്ഷാ കേന്ദ്രത്തിലേയ്ക്ക് മാറ്റി. പാലക്കാടും പരിസരപ്രദേശത്തുമായി 10 ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കഞ്ചിക്കോട് വനമേഖലയില്‍ ഉരുള്‍ പൊട്ടി. വെള്ളപ്പാച്ചിലില്‍ റെയില്‍വേ ട്രാക്ക് ഒഴുകിപ്പോയി. കഞ്ചിക്കോട് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുണ്ടായ തടസങ്ങള്‍ നീക്കം ചെയ്തു. ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. പോത്തുണ്ടി, മംഗലംഡാം എന്നിവയും ഇന്ന് തുറന്നിട്ടുണ്ട്. മഴക്കെടുതികള്‍ രൂക്ഷമായതോടെ ശനിയാഴ്ച നടക്കാനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി അധികൃതര്‍ അറിയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍