UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സൈന്യം റാന്നിയിലേക്ക്; നിരവധി പേര്‍ ഒറ്റപ്പെട്ടതായി സൂചന

ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം.

പത്തനംതിട്ടയിലെ പ്രധാന നദിയായ പമ്പ കരകവിഞ്ഞതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് പമ്പയിലും കൈവഴികളിലും ജലനിരപ്പ് നിയന്ത്രണാതീമായി ഉയര്‍ന്നത്. ഇതോടെ റാന്നി ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത, റാന്നി ബൈപാസ്, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ വെള്ളത്തിനടിയിലായി. റാന്നി പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശബരിഗിരി പദ്ധതിയുടെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ആറടി ഉയരത്തില്‍ ഉയര്‍ത്തിയും പെട്ടന്നുള്ള പ്രളയത്തിന് കാരണമായതാണ് വിവരം. ഇതിനിടെ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നും ഷോക്കേറ്റ് ഇട്ടിയപ്പാറയില്‍ ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.  റാന്നി അങ്ങാടി കാപിറ്റോള്‍ തിയറ്ററില്‍ 10 പേര്‍ കുടുങ്ങി. റാന്നി ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടില്‍ മുങ്ങി. ശബരിമല ഉള്‍പ്പെടെ റാന്നിയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. ഇതു നീരൊഴുക്കു കൂടാന്‍ കാരണമായി.ജില്ലയുടെ പത്തോളെ ഇടങ്ങളില്‍ ഉരുള്‍ പൊ്ട്ടല്‍ ഉണ്ടായതായും റിപോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ മേഖലയിലെ ദുരിതം നേരിടുന്നതിനായി സൈന്യം രംഗത്തെത്തി. പാങ്ങോട് സൈനിക ക്യാംപില്‍ നിന്നുള്ള 69 അംഗ സംഘമാണ് ഇതിനായി റാന്നിയിലേക്ക് തിരിച്ചിട്ടുള്ളത്. മേഖലയില്‍, കലക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘവും പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘവും ക്യാംപ് ചെയ്യുന്നു. നഗരത്തില എല്ലാ റോഡുകളും വെള്ളത്തിനടിയിലായത് രക്ഷപ്രവര്‍ത്തനത്തിനു തടസം നേരിടാന്‍ കാരണമായിട്ടുണ്ട്.

അതേസമയം , ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം. പമ്പയില്‍ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുള്‍പ്പൊട്ടല്‍ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാര്‍ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പമ്പയിലേക്കുള്ള ബസ്സ് സര്‍വ്വീസ് കെ.എസ്ആര്‍ടിസി നിറുത്തിവച്ചു.പമ്പ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപ ന്തലും വിശ്രമകേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്.
പമ്പയിലെ ഒഴുക്ക് കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. കൊമ്പു പമ്പാ ഡാമിന്റെ ഷട്ടറുകള്‍ കൂടുതലായി തുറന്നിട്ടുണ്ട്. പമ്പയില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വെള്ളത്തിനടിയിലായിരിക്കുകയാണ്. വൈദ്യുതി ബന്ധവും ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ട്. പൂര്‍ണ്ണമായും ശബരിമലയും പമ്പയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പൊലീസ് പമ്പയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പാതകള്‍ അടച്ചിട്ടു.
എല്ലായിടത്തും മുന്നറിയിപ്പ് നല്‍കാന്‍ ദേവസ്വം ബോര്‍ഡ് പൊലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിരിക്കുകയാണ്.അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരും പമ്പയിലെ അപകടകരമായ സാഹചര്യം മാറിയ ശേഷം അയ്യപ്പ ദര്‍ശനത്തിനെത്തുന്നതാകും ഉചിതമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. പമ്പയിലും ശബരിമലയിലും ജോലിക്കെത്തിയിരിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാരും തൊഴിലാളികളും സുരക്ഷിതരാണ്. ശബരിമലയില്‍ മേല്‍ശാന്തിയും സഹായികളും ദേവസ്വം ജീവനക്കാരും മാളികപ്പുറം മേല്‍ശാന്തിയും നിലവില്‍ താമസിക്കുന്നുണ്ട്.ശക്തമായ മഴയും ജലത്തിന്റെ കുത്തൊഴുക്കും കാരണം ക്ഷേത്ര തന്ത്രിക്ക് ശബരിമലയില്‍ എത്താനായിട്ടില്ല. തന്ത്രിയും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും അടങ്ങുന്ന സംഘം ഇന്നലെ വണ്ടിപ്പെരിയാര്‍ പുല്‍മേട് വഴി സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥ യാത്രയ്ക്ക് ഉപ്പുതറയില്‍ തടസ്സം സൃഷ്ടിച്ചു.ഇന്ന് വൈകുന്നേരമെങ്കിലും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയിലേക്ക് പ്രവേശിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ നിറപ്പുത്തരി പൂജ കൃത്യമായി തന്നെ ക്ഷേത്ര മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ശബരിമലയില്‍ നടന്നു. പതിവ് പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് അടയ്ക്കും. ചിങ്ങമാസപൂജയ്ക്കായി നാളെ വൈകിട്ട് ക്ഷേത്ര നട വീണ്ടും തുറക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍