TopTop
Begin typing your search above and press return to search.

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; കക്കയം ഡാം ഉച്ചയ്ക്ക് തുറക്കും

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ; കക്കയം ഡാം ഉച്ചയ്ക്ക് തുറക്കും
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ഇടയാക്കിയെക്കുമെന്ന ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് മുന്നൊരുക്കങ്ങളും ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ ഡാമുകള്‍ തുറക്കാന്‍ തീരുമാനമായി. മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ കെഎസ് ഇബി തയ്യാറെടുപ്പ് തുടങ്ങി. ഇടുക്കി അണക്കെട്ടിന്റെ പരമാവധി ജലനിരപ്പായ 2403 അടിയേക്കാല്‍ 156 അടി കുറവാണ് ഇപ്പോഴത്തെ ജലനിരപ്പ്. ആവശ്യമെങ്കില്‍ കുറേശ്ശെയായി വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് നീക്കം. ഇതിന് പുറമെ പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ഇതോടെ പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശങ്ങള്‍ പറയുന്നു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. സംസ്ഥാനത്ത ജാഗ്രതാ നിര്‍ദേശം നിലവിലുള്ള പല ജില്ലകളും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും മഴ ശക്തമാണ്. ഇതോടെ കല്ലടയാറ്റിന്റെ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉച്ചയോടെ തുറക്കും.

ജാഗ്രതയുടെ ഭാഗമായി നീലക്കുറിഞ്ഞി കാണാനെത്തുന്നവരുള്‍പ്പെടെ ഇടുക്കിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരവും നിരോധിച്ചു. രാത്രിയാത്ര നിരോധനവും ഇന്ന് പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നാണ്് കലക്ടര്‍ എന്‍ ജീവന്‍കുമാര്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്നലെ കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കോഴിക്കോടിന്റെ മലയോര മേഖലയില്‍ വലിയ തോതില്‍ മഴ പെയ്യുന്ന സാഹര്യത്തില്‍ കക്കയം ഡാം തുറക്കാന്‍ തീരുമാനിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ ഡാം തുറക്കാനാണ് നീക്കം. ഇതോടെ കുറ്റ്യാടി പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. മഴ ശക്തമാകുമെന്ന നിര്‍ദേശം കണക്കിലെടുത്ത് പാലക്കാട് ജില്ലയിലും മുന്‍കരുതല്‍ തുടരുകയാണ്. മലമ്പുഴ, പോത്തുണ്ടി, മംഗലംഡാം അണക്കെട്ടുകളുടെ ഷട്ടറുകള്‍ വഴി നിശ്ചിത അളവില്‍ വെളളം തുറന്നുവിടുകയാണ്. നെല്ലിയാമ്പതി ഉള്‍പ്പെടെ മലയോര വിനോദ സഞ്ചാരമേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാന്‍ ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുന്നതിനും നടപടിയായി.

മലപ്പുറം ജില്ലയില്‍ മലയോര മേഖലയിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ചാലിയാര്‍, മമ്പാട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലാണ് അതീവ ജാഗ്രത പുറപ്പെടുവിച്ചത്. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ വീണ്ടും ക്യാംപ് സജ്ജമാകണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ അടുത്ത ബുധനാഴ്ചവരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്, വൃഷ്ടി പ്രദേശത്തെ മഴയുടെ തോത്, എന്നിവ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയോഗം നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഡാമുകള്‍ തുറന്നുവിടാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രജലകമ്മിഷനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ന്യൂന മര്‍ദവും കാറ്റും ശക്തമാവുന്നതോടെ കടല്‍ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തെണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്നുമാണ് നിര്‍ദ്ദേശം.

https://www.azhimukham.com/news-update-idukki-cheruthony-dam-again-open-today/

Next Story

Related Stories