UPDATES

കൊടുംതണുപ്പിൽ സിക്കിമിൽ യാക്കുകൾ ചത്തൊടുങ്ങുന്നു; രക്ഷാദൗത്യവുമായി സൈന്യം

ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഇവയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

കൊടുംതണുപ്പും മഞ്ഞുവീഴ്ചയും ശക്തമായതോടെ ഹിമാലയൻ താഴ്വരയിൽ യാക്കുകൾ വ്യാപകമായി ചത്തൊടുങ്ങുന്നതായി റിപ്പോർട്ട്. മഞ്ഞുവീഴ്ചയിൽ തീറ്റ കിട്ടാതെ വടക്കൻ സിക്കിമിൽ മാത്രം ഏകദേശം 300 യാക്കുകൾ ചത്തതായാണ് വിവരം. കനത്ത മഞ്ഞുവീഴ്ച മൂലം കഴിഞ്ഞ ഡിസംബർ മുതൽ സിക്കീമിലെ മുഖുതാങിൽ കുടുങ്ങിപ്പോയ യാക്കുകൾ തീറ്റകിട്ടാതെ ചത്തൊടുങ്ങുകയായിരുന്നു. തണുപ്പ് കനത്തതോടെ യാക്കുക്കുകളെ വളർത്തുന്നവർ ഇവയെ ഉപേക്ഷിച്ച് പോന്നതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്.

സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിലുള്ള പ്രദേശമാണ് ഇപ്പോള്‍ യാക്കുകൾ ചത്ത സിക്കീമിലെ മുഖുതാങ്. യാക്കുകളെ മേയിച്ചും അവയുടെ പാൽകൊണ്ട് ഉപജീവനം നടത്തിയും ജീവിക്കുന്നവരാണ് ഇവിടങ്ങളിലുള്ളവർ. എന്നാൽ ഈ വർഷം കൊടും തണുപ്പുമൂലം മൃഗങ്ങളെ അവിടെ വിട്ടു തങ്ങളുടെ ജീവൻ രക്ഷിക്കാൻ താഴ്‌വരയിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ഡിസംബർ മുതൽ മേഖലയിൽ നിരവധി യാക്കുകൾ കുടുങ്ങിക്കിടക്കുകയായിരുന്നു. തണുപ്പ് കാലത്ത് എല്ലാവർഷവും പത്തോ പതിനഞ്ചോ യാക്കുകൾ തണുപ്പും ഭക്ഷണദൗർലഭ്യവും മൂലം ചാകാറുണ്ടെങ്കിലും ഇത്തവണ എണ്ണത്തിൽ വൻ വർധന വരികയായിരുന്നു.

അതേസമയം, തണുപ്പ് രൂക്ഷമായ ഇന്തൊ–ടിബറ്റൻ അതിർത്തിയിൽ ഇപ്പോഴും 40–50യാക്കുകൾ ജീവനോടെ ഉണ്ടെന്നാണ് കലക്ടർ രാജ്കുമാർ യാദവിന്റെ പ്രതികരണം. ഇവയെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും കളക്ടര്‍ പറയുന്നു. ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സിന്റെ നേതൃത്വത്തിൽ ഇവയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചത്തയാക്കുകൾക്കായി ഉടമകൾക്ക് നഷ്ടപരിഹാരമായി 30000 രൂപ ധന സഹായം അനുവദിക്കുമെന്നും അദ്ദേഹം പറയുന്നു. ചത്ത യാക്കുകളുടെ യഥാർത്ഥ കണക്കെടുത്ത് വരികയാണെന്നും അദ്ദേഹം പറയുന്നു.

Read More- കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ തിങ്ങിഞെരുങ്ങി 9 മാസം; പ്രളയത്തില്‍ നിന്നും കരകയറാനാവാതെ കാട് കയറുകയാണ് ആനക്കയത്തെ കാടര്‍ ജനത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍