Top

പരീക്ഷയിലെ ആൾമാറാട്ടം: കർശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി, തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് വിദ്യാർത്ഥി

പരീക്ഷയിലെ ആൾമാറാട്ടം: കർശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി, തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് വിദ്യാർത്ഥി
കോഴിക്കോട് കോഴിക്കോട് നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പർ തിരുത്തിയ സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. ഇത്തരം നടപടികൾ ഒരുതരത്തിലും ന്യായീകരിക്കില്ല. വിഷയത്തിൽ വകുപ്പ് തല നടപടി മതിയായില്ലെങ്കിൽ അന്വേഷണം പോലീസിന് കൈമാറുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രതികരിച്ചു.

നിലവിൽ ഒരു അധ്യാപകൻമാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് നിഗമനം. അദ്ദേഹം എന്തിനാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല. വിജയ ശതമാനം കൂട്ടാൻ സ്കൂളുകൾക്കോ അധ്യാപകർക്കോ മുകളിൽ യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന പരാതി അടുത്ത ദിവസം ഡിജിപിക്ക് കൈമാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ ചില സഹായങ്ങള്‍ ചെയ്യുകയാണ് ഉണ്ടായതെന്ന ആരോപണ വിധേയനായ അധ്യാപകന്റെ നിലപാട് തള്ളി നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി രംഗത്തെത്തി. അധ്യാപകന്‍ നിഷാദ് വി.മുഹമ്മദിനെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍പ്പോലും സംസാരിച്ചിട്ടുപോലും ഇല്ലെന്ന് വിദ്യാർത്ഥി പറയുന്നു.  മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

ഇംഗ്ലീഷ് പരീക്ഷയിൽ ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ തന്റെതുൾപ്പെടെ പരീക്ഷാ ഫലം പുറത്ത് വരാത്തതു കടുത്ത നിരാശയുണ്ടാക്കി. എന്നാൽ പരീക്ഷാഫലം വൈകുന്നതിലെ കാലതാമസം ചോദിച്ചപ്പോൾ പ്രിന്‍സിപ്പല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അധ്യാപകന്‍ തന്റെ ഉത്തരക്കടലാസ് തിരുത്തിയെന്നു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വിദ്യാർത്ഥി ആരോപിക്കുന്നു. ഉപരിപഠനം പ്രതിസന്ധിയിലായതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്‍ക്കാണെന്നും വിദ്യാർത്ഥിയും കുടുംബവും ആവര്‍ത്തിക്കുന്നു.

പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് പരീക്ഷ എഴുതിയതെന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.

എന്നാൽ വിവാദത്തിൽ  വിശദമായ അന്വേഷണം നടത്തണമെന്ന് സ്‌കൂള്‍ പിടിഎ ആവശ്യപ്പെട്ടു. അധ്യാപകരുടെ നിലപാടില്‍ സംശയമുണ്ടെന്നായിരുന്നു പി.ടി.എ പ്രസിഡന്റ് അബൂബക്കറിന്റെ പ്രതികരണം. പഠന നിലവാരത്തില്‍ ഏറെ മുന്നിലുള്ള കുട്ടികളാണ് സ്‌കൂളിലേത്. പിന്നില്‍ പണമിടപാട് നടന്നോയെന്ന് പൊലീസ് കണ്ടത്തട്ടെ എന്നും പിടിഎ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത് പി.ടി.എയോട് മറച്ചുവെച്ചു. മാത്രമല്ല, സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമം നടന്നോയെന്നും അന്വേഷിക്കണമെന്നും പിടിഎ ആവശ്യപ്പെട്ടു.

സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദാണ് ക്രമക്കേട് നടത്തിയതെന്നാണ് റിപ്പോർട്ട്. ഇയാൾ കുട്ടികൾക്കുവേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അധ്യാപകനെയും ക്രമക്കേടിന് കൂട്ടുനിന്നെന്ന കുറ്റത്തിന് സ്‌കൂൾ പ്രിൻസിപ്പലും പരീക്ഷാ ചീഫ് സൂപ്രണ്ടുമായിരുന്ന കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ പി.കെ. ഫൈസൽ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.

മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പിലെ അധ്യാപകന് തോന്നിയ സംശയമാണ് ആൾമാറാട്ടം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് ഉത്തരപ്പേപ്പർ നോക്കിയ അധ്യാപകന് രണ്ട് കുട്ടികളുടെ കൈയക്ഷരത്തിൽ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർഥികൾക്കായി അധ്യാപകൻ പരീക്ഷയെഴുതിയതായി കണ്ടെത്തുകയായിരുന്നു. മാർച്ചിൽ നടന്ന പരീക്ഷയിൽ കോഴിക്കോട് മുക്കം നീലേശ്വരം സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർഥികളുടെ ഇംഗ്ളീഷ് പേപ്പർ പൂർണമായും 32 വിദ്യാർഥികളുടെ കംപ്യൂട്ടർ സയൻസ് ഉത്തരക്കടലാസുകൾ തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്.Also Read- “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്


Next Story

Related Stories