UPDATES

നിപ; നിരീക്ഷണത്തില്‍ ഉള്ളത് 86 പേര്‍, ആരെയും ഭയത്തോടെ കാണരുതെന്നും എല്ലാ മുന്‍കരുതലുകളുമായി ഒപ്പമുണ്ടെന്നും ആരോഗ്യവകുപ്പ്

ഹോം ക്വോറന്റീല്‍ ഉള്ളവര്‍ വീടിന് പുറത്തേക്ക് ഇറങ്ങിയെന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്നും മറ്റുള്ളവര്‍ അവരെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി

എറണാകുളത്ത് ചികിത്സയിലിരിക്കുന്ന വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ 86 പേര്‍ കൂടി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. രോഗിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍(രോഗി നേരിട്ട് ഇടപഴകിയിട്ടുള്ളവര്‍, അത്തരത്തില്‍ ഇടപഴകിയവരുമായിട്ട് പിന്നീട് ബന്ധപ്പെട്ടിട്ടുള്ളവര്‍ എന്നിങ്ങനെ രണ്ട് ലെവലില്‍ ആയി ആളുകളെ കണ്ടെത്തിയാണ് കോണ്‍ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ രോഗിയെ പരിചരിച്ചവരും ഉള്‍പ്പെടുന്നുണ്ട്) ഉള്ളവരെയാണ് നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. ഇവരില്‍ നാലുപേര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പനി, തൊണ്ടവേദന എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടതുകൊണ്ടാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ഇതില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയുടെ സഹപാഠിയും ഒരാള്‍ ബന്ധുവും മറ്റു രണ്ടുപേര്‍ രോഗിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ നഴ്‌സുമാരുമാണ്. ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ ഉണ്ട്. നഴ്‌സുമാര്‍ക്ക് രണ്ടുപേര്‍ക്കും തൊണ്ടയില്‍ അസ്വസ്ഥത കണ്ടതിനെ തുടര്‍ന്നാണ് പ്രത്യേക പരിചരണം നല്‍കുന്നത്. നഴ്‌സുമാര്‍ അതേ ആശുപത്രിയില്‍ തന്നെയാണ് ഉള്ളത്. ഇവരില്‍ ആര്‍ക്കും തന്നെ നിപയുടെ സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്. 16 പേര്‍ ഇപ്പോള്‍ നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിക്കൊപ്പം തൃശൂര്‍ കെല്‍ട്രോണില്‍ പരിശീലനത്തിന് എത്തിയവരാണ്. രോഗിയുള്‍പ്പെടെയുള്ള ഈ വിദ്യാര്‍ത്ഥികള്‍ ഒരു വീട് എടുത്ത് താമസിക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ രോഗിയുമായി അല്ലാതെ അടുത്തിടപഴകിയവരാണ്.

രോഗിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ബാക്കി 82 പേരാണ് ഹോം ക്വോറന്റീനില്‍(home quarantine) ഉള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത ആളുകളെ പുറത്തേക്ക് അധികം പോകാതെ നിര്‍ദേശം നല്‍കി വീടുകളില്‍ തന്നെ നിരീക്ഷണണത്തില്‍ വയ്ക്കുന്നതിനെയാണ് ഹോം ക്വോറന്റീന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. കോഴിക്കോട് നിപ ബാധിച്ചപ്പോഴും ഇതേ പ്രതിരോധരീതി സ്വീകരിച്ചിരുന്നു. ഹോം ക്വോറന്റീനില്‍ ഉള്ളവരുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഏതെങ്കിലും തരത്തിലുള്ള ചികിത്സ ആവശ്യമെങ്കില്‍ അതാത് സമയത്ത് ലഭ്യമാക്കും. നാല് മുതല്‍ പതിനാല് ദിവസം വരെയാണ് സാധാരണ രോഗിയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ നിരീക്ഷണത്തില്‍ വയ്ക്കുന്നത്(incubation period). ചില ഘട്ടങ്ങളില്‍ ഇതിന്റെ ഇരട്ടി ദിവസങ്ങള്‍ ഇന്‍ക്യുബേഷന്‍ പിരീഡ് ആയി അന്താരാഷ്ട്ര സംവിധാനങ്ങള്‍ നിര്‍ദേശിക്കാറുണ്ട്. കോഴിക്കോട് നിപ ബാധിച്ച സമയത്ത് അതില്‍ നിന്നും 14 ദിവസങ്ങള്‍ കൂടി എടുത്ത് നിരവധി തവണ പരിശോധനകള്‍ നടത്തി, നിപ ബാധിക്കില്ലെന്നു പൂര്‍ണമായി സ്ഥിരീകരിച്ചശേഷമാണ് ഹോം ക്വോറന്റീന്‍ അവസാനിപ്പിച്ചത്. പുതിയ സാഹചര്യത്തിലും അതേ രീതി തന്നെ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി പറയുന്നത്.

അതേസമയം ഹോം ക്വോറന്റീല്‍ ഉള്ളവര്‍ വീടിന് പുറത്തേക്ക് ഇറങ്ങിയെന്നതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്നും മറ്റുള്ളവര്‍ അവരെ ഭയപ്പാടോടെ കാണേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി വ്യക്തമാക്കി. അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പതിമൂന്നാമത്തെ ദിവസമായിരിക്കും രോഗലക്ഷണം കാണിക്കുന്നത്. രോഗം ലക്ഷണം കാണിക്കാത്ത സമയത്തോളം ഈ വൈറസ് മറ്റൊരാളിലേക്ക് പകരുന്നില്ല. ഇവര്‍ തുമ്മിയാലോ ചുമച്ചാലോ പോലും. കടുത്ത പനിയും ചുമയും ജലദോഷവുമൊക്കെയായി ശക്തമായ തോതില്‍ രോഗലക്ഷണം കാണിച്ചു തുടങ്ങിയതിനുശേഷമാണ് വൈറസ് രോഗിയില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെല്ലാം തന്നെ ഇങ്ങനെയാണെന്നും ആരോഗ്യമന്ത്രി പറയുന്നു. അതുകൊണ്ട്, ഒരാളില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ട്, എന്നാലത് രോഗകാരിയായി ശരീരാവയങ്ങളെ ബാധിക്കാതിരിക്കുകയും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയിട്ടും ഇല്ലെങ്കില്‍ അയാളെ സ്പര്‍ശിക്കുന്നതുകൊണ്ടൊന്നും ഒരു കുഴപ്പവുമില്ല. ഹോം ക്വോറന്റീനില്‍ ഉള്ളയാളുമായോ അയാളുടെ കുടുംബാംഗങ്ങളുമായോ സംസാരിക്കിതിരിക്കുകയോ കാണാതാരിക്കുകയോ ചെയ്യേണ്ടതില്ല. അത്തരത്തില്‍ ഭയപ്പെടുത്തുന്ന സാഹചര്യം ആരും ഉണ്ടാക്കരുത് എന്നും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു. കോഴിക്കോട് അത്തരം അനുഭവങ്ങള്‍ ഉണ്ടായ കാര്യം മന്ത്രി ഓര്‍മിപ്പിക്കുന്നു. നിരീക്ഷണത്തില്‍ ഉള്ളവരുടെ കുടുബാംഗങ്ങളെ കാണുമ്പോള്‍ പോലും പേടിച്ച് മറ്റുള്ളവര്‍ തങ്ങളുടെ വീടുകളിലേക്ക് കയറിപ്പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് മന്ത്രിയുടെ അഭ്യര്‍ത്ഥന. രോഗലക്ഷണങ്ങള്‍ ഗുരുതരമായി കണ്ടെത്തിയതിനു ശേഷം രോഗിയുമായി അടുത്തിടപഴകുന്ന സമയത്ത് ഉമിനീരോ കഫമോ മറ്റൊരാളില്‍ വീണാല്‍ മാത്രമാണ് വൈറസ് പകരുന്നത്. ഇക്കാര്യം എല്ലാവരും മനസിലാക്കണമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്. ഭയംകൊണ്ട് ആരെയും മാറ്റി നിര്‍ത്തരുത്.

അതേസമയം, രോഗലക്ഷണങ്ങള്‍ വന്നവര്‍ മറ്റുള്ളവരുടെ സാന്നിധ്യമുള്ളിടത്തേക്ക് പോകാതിരിണ്ടേതുണ്ട്. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അതിനുവേണ്ടിയാണ് മുന്‍കൂര്‍ ആയി ഹോം ക്വോറന്റീനില്‍ വയ്ക്കുന്നത്. അതൊരിക്കലും ഒരു തടവ് അല്ല. അവര്‍ക്ക് വേണ്ട സഹായം ഒരുക്കലാണ്. മറ്റുള്ളവര്‍ അവരെക്കുറിച്ചോര്‍ത്ത് പേടിക്കുകയും വേണ്ട. എന്റെ വീടിന്റെ അടുത്താണല്ലോ, അതുകൊണ്ട് ഞാന്‍ ഇവിടെ നിന്നും വീടും മാറിപോകേണ്ടി വരുമോ എന്നൊന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. ആരും വീടും നാടും ഉപേക്ഷിച്ചു പോകരുത്. രോഗലക്ഷണമുള്ളവരുടെ കൂടെ കഴിയുന്നവര്‍ക്കും വൈറസ് ബാധിക്കണമെന്നില്ല. കോഴിക്കോട് നിപ ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച അദ്ദേഹത്തിന്റെ മാതാവിന് വൈറസ് ബാധിച്ചില്ലെന്ന കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. രോഗപ്രതിരോധശേഷി കൂടിയവരില്‍ വൈറസ് ബാധിക്കാതെ പോകുന്നുണ്ടെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ചികില്‍സയിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നില തൃപ്തിരമാണ്. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ല. മരണ സംഖ്യ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട്ടെ അനുഭവം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങളെന്നും അരോഗ്യമന്ത്രി അറിയിച്ചു. എന്നാല്‍, നിപ ബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കുന്നു. ഉറവിടം സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. വിദ്യാര്‍ത്ഥി പഠനം നടത്തുന്ന ഇടുക്കി ജില്ലയിലെ മേഖലയാണ് ഉറവിടം എന്ന് ഉറപ്പിക്കാനാവില്ലെന്നും മന്ത്രി അറിയിച്ചു. അതിനിടെ, നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം കൊച്ചിയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദഗ്ദ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് എറണാകുളത്ത് എത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍