TopTop
Begin typing your search above and press return to search.

രാഹുലിന്റെ പ്രധാനമന്ത്രി പദം; സ്റ്റാലിനോട് വിയോജിച്ച് ഇതര പ്രതിപക്ഷ നേതാക്കൾ

രാഹുലിന്റെ പ്രധാനമന്ത്രി പദം; സ്റ്റാലിനോട് വിയോജിച്ച് ഇതര പ്രതിപക്ഷ നേതാക്കൾ
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയ ഡിഎം കെ അധ്യക്ഷൻ സ്റ്റാലിന്റെ നടപടിയിൽ പ്രതിപക്ഷ നിരയിലെ നേതാക്കൾക്ക് ഭിന്നതയെന്ന് റിപ്പോർട്ട്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു ശക്തിപ്രകടനമായി മാറിയ ചെന്നെയിലെ കരുണാനാധി പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.

“മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരൂ, രാജ്യത്തെ രക്ഷിക്കൂ” എന്നു പ്രസ്താവിച്ച സ്റ്റാലിന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നും കൂട്ടിച്ചേർത്തു.  രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തുടങ്ങി പ്രതിപക്ഷ നിരയിലെ പ്രമുഖരെ സാക്ഷിയാക്കിയായിരുന്നു സ്റ്റാലിന്റെ പ്രസംഗം.

പ്രസംഗം ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയതിന് പിറകെ തന്നെ പ്രസ്താവനയോട് വിയോജിച്ച് പ്രമുഖ പ്രതിപക്ഷ നേതാക്കൾ തന്നെ രംഗത്തെത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. നിർദേശത്തെ എതിർത്ത് സമാജ് വാദി പാർട്ടി, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഫാറൂഖ് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ്, ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികൾക്കൊപ്പം സിപിഎമ്മും രംഗത്തെത്തിയെന്നാണ് റിപ്പോർട്ടുകള്‍.

തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്നും കോൺഗ്രസ് ഉൾപ്പെടെ ഇതുവരെ തന്ത്രപരമായി മൗനം പാലിച്ച് വരികയായിരുന്നു. ഇതിനിടെ ഹിന്ദി ഹൃദയ ഭുമിയിലെ മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടിയ മികച്ച വിജയമാണ് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വീണ്ടും ചർച്ചകൾക്കിടയാക്കിയത്. പ്രാദേശിക പാർട്ടികളെ ഒന്നിപ്പിച്ച്  മമതാ ബാനർജി ഉൾപ്പെടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം കക്ഷികളെ ഒരുമിപ്പിച്ച് കോൺഗ്രസുമായി വില പേശുന്നതിനുള്ള ശ്രമങ്ങളാണ് മമതാ ബാനർജി നടത്തിവരുന്നത്. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാൾ, മായാവതി എന്നിവരെ ഒരുമിപ്പിക്കാനുള്ള നീക്കമാണ് മമതയുടെ നേതൃത്വത്തിൽ നടക്കുന്നത്. സംയുക്ത പ്രതിപക്ഷത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സമാജ് വാദി പാർട്ടി പക്ഷേ പ്രാദേശിക മുന്നണിയുടെ ഭാഗമാവാൻ ഇടയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ 2019-ലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നത് തുറന്നിട്ട വാതിലാണെന്നായിരുന്നു എസ് പി വക്താവ് ഗ്യാൻശ്യാം തിവാരിയുടെ പ്രതികരണമെന്ന് എഡിടിവി റിപ്പോർട്ട് പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിന് സാധ്യതയുള്ളൂ. പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക അജണ്ടകളിലൂടെയാണ്. അതിന് ശേഷമാത്രമാണ് നേതാവിനെ തിരഞ്ഞടുക്കൂ എന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസ് അവരുടെ നേതാവായി രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടിയേക്കാമെന്നും എന്നാല്‍  പ്രധാനമന്തി ആരെന്നുള്ളത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം തീരുമാനിക്കുമെന്നാണ് ടിഡിപിയുടെ നിലപാട്.

കോണ്‍ഗ്രസ് വിജയിച്ച മധ്യ പ്രദേശ്‌, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ഇന്ന്  മുഖ്യമന്ത്രിരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നുണ്ട്. ഇതില്‍ മൂന്നിലും സംബന്ധിക്കുമെന്ന് നായിഡു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിലേക്ക് മമത ബാനര്‍ജി എത്തുമോ എന്നുറപ്പില്ല. നേരത്തെയും കോണ്‍ഗ്രസിനെയും ഇടതു പാര്‍ട്ടികളെയും ഒഴിവാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് വിരുദ്ധ- ബിജെപി വിരുദ്ധ മൂന്നാം മുന്നണിക്ക് മമത ഒരുക്കം കൂട്ടിയിരുന്നു. ഇതില്‍ മമത പ്രധാനമായും സമീപിച്ച തെലങ്കാന രാഷ്ട്ര സമിതി, ഒഡീഷയിലെ ബിജു ജനതാ ദള്‍ എന്നിവര്‍ ഈ നീക്കവുമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്.

അതേസമയം, ദേശീയ തലത്തില്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പായി സഖ്യം രൂപീകരിക്കുന്നതിനോട് സിപിഎമ്മിനും യോജിപ്പില്ല. അതത് സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതകള്‍ തേടുമ്പോള്‍ തന്നെ തെരഞ്ഞെടുപ്പിന് ശേഷം വിശാല സഖ്യം ദേശീയതലത്തില്‍ ആലോചിക്കാമെന്നും പാര്‍ട്ടി പറയുന്നു.

https://www.azhimukham.com/newsupdate-rahul-gandhi-should-be-pm-mk-stalin-dmk/

https://www.azhimukham.com/india-rahul-gandhi-one-year-as-congress-president/


Next Story

Related Stories