UPDATES

ബോഫോഴ്സ് കേസില്‍ തുടരന്വേഷണം നടത്തും; ഹർജി പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് സിബിഐ

തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചതാണെന്നും സിബിഐ വക്താവ്

ബോഫോഴ്സ് ആയുധ ഇടപാട് കേസില്‍ തുടരന്വേഷണം നടത്തില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് സിബിഐ. പുതിയ തെളിവുകളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സിബിഐ വക്താവ് നിതിന്‍ വകന്‍കറിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് പറയുന്നു. സ്വകാര്യ അന്വേഷകന്‍ മിഖായേല്‍ ഹെര്‍ഷ്മാന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ചത്. എന്നാൽ തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ സിബിഐ അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുവാദം നിര്‍ബന്ധമില്ല. മെയ് ഒമ്പതിന് തുടരന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിബിഐക്ക് സ്വാതന്ത്ര്യവും അധികാരവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തുടരന്വേഷണത്തിന് അറ്റോര്‍ണി ജനറലും അനുവാദം നല്‍കിയിരുന്നു.

കേസ് അട്ടിമറിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സിബിഐ പിൻവലിച്ചു എന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ടുകൾ. 64 കോടിയുടെ ബോഫേഴ്‌സ് അഴിമതിക്ക് തെളിവില്ലെന്ന് കാണിച്ച് 12 വര്‍ഷം മുമ്പ് കേസ് റദ്ദാക്കി ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടിരുന്നു ഇതിനെതിരെയാണ് തുടരന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ 2018 ഫെബ്രുവരി 1ന് ഡൽഹി കോടതിയിൽ ഹർജി നൽകിയത്. കേസിൽ‌ പുതിയ തെളിവുകളുണ്ടെന്നും പുതിയ രേഖകള്‍ സമർപ്പിക്കാനുണ്ടെന്നുമായിരുന്നു സിബി ഐയുടെ ഹർജി.

വര്‍ഷങ്ങള്‍ താമസിച്ചുവെന്ന കാരണം കാട്ടി ഹരജി തള്ളിപ്പോകാനിടയുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇത് മറികടന്നായിരുന്നു സി.ബി.ഐ അപ്പീല്‍ സമര്‍പ്പിച്ചത്. കേസിൽ ഇനി പുതിയ തീരുമാനം എന്തുവേണമെന്ന് സിബിഐ തീരുമാനിക്കുമെന്നും ഇപ്പോൾ ഹർജി പിൻവലിക്കുകയാണെന്നും ചീഫ് മെട്രോപ്പൊളിറ്റൻ മജിസ്ട്രേറ്റ് നവീൻ കുമാർ കശ്യപിനു മുൻപിൽ അന്വേഷണ ഏജൻസി അറിയിക്കുകയായിരുന്നു. കോടതി ഇത് അനുവദിച്ചു. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ തങ്ങളുടെ അനുവാദം എന്തിനാണ് തേടുന്നതെന്ന് കഴിഞ്ഞ വർഷം ഡിസംബർ നാലിന് കോടതി സിബിഐയോടു ചോദിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്സില്‍ നിന്ന് പീരങ്കികൾ വാങ്ങിയ സംഭവമാണ് പിന്നീട് അഴിമതി ആരോപിക്കപ്പെട്ടത്. സര്‍ക്കാര്‍ 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കിതോക്കുകകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി 1987 ഏപ്രില്‍ 16ന് സ്വീഡീഷ് റേഡിയോ വാര്‍ത്ത നല്‍കുകയും പിന്നീട് വിവാദം ഉയരുകയായിരുന്നു.

കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ഡല്‍ഹി ഹൈക്കോടതി പിന്നീട് കേസ് തള്ളുകയായിരുന്നു. കേസിലെ പ്രതികളെ എല്ലാവരെയും വെറുതേവിട്ട 2005 മേയ് 31ലെ ഡൽഹി കോടതി വിധിയെ ചോദ്യം ചെയ്ത 2018 ഫെബ്രുവരി 2ന് സുപ്രീംകോടതിയിലും സിബിഐ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ 13 വർഷങ്ങൾക്കുശേഷം നൽകുന്ന അപ്പീൽ കോടതി 2018 നവംബർ 2ന് തള്ളി.

Also Read- ക്രെഡിറ്റ് തട്ടാന്‍ ഇടതും വലതും തിരിഞ്ഞു തല്ലുന്ന സൈബര്‍ പോരാളികളേ, ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി പഠിച്ചും പരീക്ഷ എഴുതിയുമാണ് പോലീസ് ആയത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍