UPDATES

വിദേശം

ആര്‍എസ്എസിന് ഹിന്ദുവിനെ കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല; ലോക ഹിന്ദു കോണ്‍ഗ്രസിനെതിരെ ഷിക്കാഗോയിലെ ജനപ്രതിനിധി

വിവേചനവും ഇസ്ലാംവിരോധവും ഹിന്ദുദേശീയതയും പ്രോത്സാഹിപ്പിക്കുന്നവരെ ലോക ഹിന്ദു കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നതില്‍ എനിക്ക് അസ്വസ്ഥതയും നാണക്കേടും അനുഭവപ്പെടുന്നുണ്ട്.

ഷിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷിക്കാഗോയിലെ ഇന്ത്യന്‍ വംശജനായ ജന പ്രതിനിധി. ഷിക്കാഗോ നഗരത്തിന്റെ 47ാം വാര്‍ഡിന്റെ അധികാരിയായ അമേയ പവാറാണ് ആര്‍എസ്എസ് പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിക്കെതിരേ നിലപാടുകളുമായി രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്. അസഹിഷ്ണുക്കളായ ആര്‍എസ്എസിന് ഹിന്ദുയിസത്തെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.  പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന അക്രമത്തെയും അദ്ദേഹം വിമര്‍ശിച്ചു.

സപ്തംബര്‍ ഏഴിലെ അമേയ പവാറിന്റെ ട്വീറ്റ്: ഞാന്‍ ഹിന്ദു ആണെന്നതിലും ഷിക്കാഗോ നഗരത്തിന്റെ കൗണ്‍സിലായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍- അമേരിക്കനാണെന്നതിലും അഭിമാനിക്കുന്നു. വിവേചനവും ഇസ്ലാംവിരോധവും ഹിന്ദുദേശീയതയും പ്രോത്സാഹിപ്പിക്കുന്നവരെ ലോക ഹിന്ദു കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നതില്‍ എനിക്ക് അസ്വസ്ഥതയും നാണക്കേടും അനുഭവപ്പെടുന്നുണ്ട്. ഇത് ഞങ്ങള്‍ അല്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ തള്ളിമാറ്റിയും ചവിട്ടിയും അധിക്ഷേപിച്ചതില്‍ എനിക്ക് വെറുപ്പ് തോന്നുന്നു. കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ ചിലരുടെ പെരുമാറ്റം കാണിക്കുന്നത് ഹിന്ദു ദേശീയവാദികള്‍ക്കും അസഹിഷ്ണുക്കളായ ആര്‍എസ്എസിനും ഹിന്ദുയിസത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സ്ഥാനമില്ലെന്നാണ്.

2015ല്‍ 82 ശതമാനം വോട്ടുകളോടെ രണ്ടാമതും നഗരത്തിന്റെ അധികാരിയായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് പവാര്‍. ഷിക്കാഗോയില്‍ 1893ല്‍ നടന്ന ലോകമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണത്തിന്റെ 125ാം വാര്‍ഷികത്തന്റെ ഭാഗമായാണ് രണ്ടാമത് ലോക ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്. സപ്തംബര്‍ 7 മുതല്‍ 9 വരെയായിരുന്നു ഷിക്കാഗോയില്‍ ഹിന്ദു കോണ്‍ഗ്രസ് നടന്നത്.

അതിനിടെ കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ മതനേതാക്കള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം പ്രതിഷേധക്കാര്‍ വേള്‍ഡ് ഹിന്ദു കോണ്‍ഗ്രസിന്റെ പരിപാടികളില്‍ തടസം സൃഷ്ടിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയ രണ്ട് സ്ത്രീകളെ അതിക്രമിച്ചുകടന്നതിന്റെയും കുഴപ്പം സൃഷ്ടിച്ചതിന്റെയും പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അവരെ പിന്നീട് വിട്ടയച്ചു. തങ്ങള്‍ പ്രതിഷേധിച്ചത് സമ്മേളനത്തിലെത്തിയ മതനേതാക്കള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നടപടികളെ എതിര്‍ക്കണമെന്ന് ആവശ്യപ്പെടാനായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് സ്ത്രീകള്‍ പിടിഐയോട് പറഞ്ഞു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയാണ് പ്രതിഷേധക്കാര്‍ പരിപാടിയുടെ അകത്ത് കടന്നതെന്ന് സംഘാടകര്‍ ആരോപിക്കുന്നു. സംഘാടകര്‍ ഇതിനെതിരെ പോലീസിനെ സമീപിച്ചിട്ടുണ്ട്. ആര്‍എസ്എസ് മുഖ്യന്‍ മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസ്ബലെയും മറ്റ് പ്രമുഖ ഹിന്ദു മതനേതാക്കളും ഹിന്ദു പുനരുദ്ധാരണത്തെക്കുറിച്ചുള്ള ഒരു പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് ഹാളിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇരുന്നിരുന്നവര്‍ പെട്ടെന്ന് തങ്ങളുടെ കസേരകളില്‍ എഴുന്നേറ്റ് നില്‍ക്കുകയും ഹിന്ദു ഫാസിസത്തിനെതിരെയും ആര്‍എസ്എസിനെതിരെയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമായിരുന്നു.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ മറ്റുള്ളവര്‍ ഇവര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഇവര്‍ ഉയര്‍ത്തിയ ബാനര്‍ തടയുകയും ചെയ്തു. മിനുട്ടുകള്‍ക്കകം തന്നെ പ്രതിഷേധക്കാരെ ഹാളിന് പുറത്താക്കി സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഞങ്ങള്‍ ആറുപേരുണ്ടായിരുന്നു. സമ്മേളനത്തിനും സംഘാടകര്‍ക്കും അവിടെ സംസാരിക്കാനെത്തിയവര്‍ക്കും പങ്കെടുക്കാനെത്തിയവര്‍ക്കും ആര്‍എസ്എസും അത് പോലുള്ള മറ്റ് സംഘടനകളും നടത്തുന്ന അക്രമങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പിന്തണക്കും എതിരെ പ്രതിഷേധിക്കാനാണ് ഞങ്ങള്‍ അവിടെ എത്തിയത്. ജയില്‍ മോചിതയായ ശേഷം പ്രതിഷേധിക്കാനെത്തിയവരില്‍ ഒരാളായ സ്ത്രീ പിടിഐയോട് പറഞ്ഞു.

മിക്ക ചര്‍ച്ചകളും ഞങ്ങള്‍ കേട്ടു. ആറു പേരാണ് സംസാരിച്ചത്. മുറിയുടെ ഒരു ഭാഗത്ത് ഞങ്ങള്‍ രണ്ടുപേരും മറ്റൊരു ഭാഗത്ത് ബാക്കിയുള്ളവരും ഇരുന്നു. ഞങ്ങള്‍ ബാനറുമായി എഴുന്നേറ്റ് നിന്നു. ആര്‍എസ്എസ് തിരിച്ചു പോകണമെന്നും ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്നുമുള്ള മുദ്രാവാക്യമാണ് ഞങ്ങള്‍ ഉയര്‍ത്തിയത്. ഉടനെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മറ്റുള്ളവര്‍ തങ്ങളെ പൊതിയുകയും തങ്ങള്‍ക്കെതിരെ നിലവിളിക്കുകയും ചെയ്‌തെന്നും അവര്‍ പറയുന്നു. കൈയ്യില്‍ വിലങ്ങുവെച്ചാണ് രണ്ട് സ്ത്രീകളെ ഹോട്ടലില്‍ നിന്നു പുറത്തുകൊണ്ടുവന്നത്. ഇവരുടെ മേല്‍ തുപ്പിയെന്ന ആരോപണത്തില്‍ മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ മുന്നില്‍ നിന്നാണ് അയാള്‍ അങ്ങനെ ചെയ്തത്, അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍