TopTop
Begin typing your search above and press return to search.

വ്യാഴാഴ്ച നിർണായക മന്ത്രിസഭാ യോഗം, എച്ച് ഡി കുമാരസ്വാമി രാജിവച്ചേക്കും

വ്യാഴാഴ്ച നിർണായക മന്ത്രിസഭാ യോഗം, എച്ച് ഡി കുമാരസ്വാമി രാജിവച്ചേക്കും
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കർണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി രാജി വച്ചേക്കുമെന്ന് സൂചനകൾ. നാളെ ചേരുന്ന നിർണായക മന്ത്രി സഭാ യോഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാവിലെ 11 നാണ് മന്ത്രി സഭായോഗം. അതിനിടെ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും എന്നാണ് സൂചന. മുഖ്യമന്ത്രി നാളെ ഗവര്‍ണറെ കണ്ട് കത്തു നല്‍കുമെന്നും അതല്ലെങ്കില്‍ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തില്‍ രാജിപ്രസംഗം നടത്തിയ ശേഷം രാജിവച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെ വ്യാഴാഴ്ച മുതൽ ഈ മാസം 14 വരെ കർണാടക വിധാൻ സഭയുടെ പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബെയിലുള്ള വിമത എംഎൽഎമാരുമായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതും ഇതിന് പിന്നാലെ രണ്ട് അംഗങ്ങൾ കൂടി രാജിവച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഇതിന് പുറമെയാണ് മന്ത്രി സഭ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്ത് നൽകിയതും. എല്ലാ സാഹചര്യങ്ങളും തിരിച്ചടി ആയതോടെയാണ് രാജിയെന്ന തീരുമാനത്തിലേക്ക് കുമാര സ്വാമിയെ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ‌.

അതിനിടെ മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡികെ ശിവകുമാർ അറിയിച്ചിരുന്നു. അതേസമയം കർണാടകയിൽ രാജിവെച്ച കോൺഗ്രസ് എംഎൽഎ സുധാകറിനെ ഗവർണറുടെ നിർദേശ പ്രകാരം പെലീസെത്തി മോചിപ്പിച്ചു. രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശമെന്നാണ് വിവരം രാജി വച്ചതിന് പിന്നാലെ സുധാകറിനെ മന്ത്രി കെജെ ജോർജിന്റെ മുറിയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നെന്നാണ് റിപ്പോർട്ട്.




Next Story

Related Stories