Top

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളം; സര്‍ക്കാരും കോടതിയും ഗവര്‍ണറും ഇന്നലെ ചെയ്തത് ഇതാണ്

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കേരളം; സര്‍ക്കാരും കോടതിയും ഗവര്‍ണറും ഇന്നലെ ചെയ്തത് ഇതാണ്
സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ കാസർകോട് പെരിയയില്‍ ഇരട്ടക്കൊലപാതകത്തിൽ നടപടികൾ ശക്തമാകുന്നു. കൊലപാതകം നടന്ന സംഭവത്തിൽ രണ്ട് ദിവസം പിന്നിടുമ്പോൾ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അറസ്റ്റിലായതാണ് ഇതിൽ പ്രധാനം. അതിനിടെ ആക്രമികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. എസ് യുവി മാതൃകയിൽ പെടുന്ന സൈലോയാണ് പോലീസ് പിടിച്ചെടുത്തു. എച്ചിലോട്ട് സ്വദേശി സജി ജോർജ് എന്നയാളുടേതാണ് വാഹനം. ഇയാളും പോലീസ് കസ്റ്റഡിയിലാണ്.

പീതാംബരനെ പുറത്താക്കി സിപിഎം

അതിനിടെ, കേസിൽ കസ്റ്റഡിയിലെടുത്തതിന് പിറകെ പെരിയ ലോക്കൽ കമ്മിറ്റി അംഗമാണ് പീതാംബരനെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന പീതാംബരനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. കൊലപാതകം ആസൂത്രണം ചെയ്തത് പീതാംബരനാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ പീതാംബരന് പങ്കുണ്ടെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും സമ്മതിച്ചിരുന്നു.

ഗവർണറുടെ ഇടപെടൽ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതിയുമായ് സമീപിച്ചതിന് പിറകെ കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ട് കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി. കൊലപാതകം ഞെട്ടിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞതായി പിന്നീട് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

കാസർക്കോട്ടെ സംഭവങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തി. സംഭവത്തിൽ ആദ്യമായാണ് ഇന്ന് മുഖ്യമന്ത്രി പരസ്യ പ്രതിരണത്തിന് മുതിർന്നത്. പ്രതികളെ പിടികൂടാൻ സർക്കാർ കർ‌ശനമായ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയന്നു. സര്‍ക്കാര്‍ അപലപിക്കുന്നു. സംഭവത്തെ ഗൗരവമായി കണ്ട് പ്രതികള്‍ക്കെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. കാസര്‍കോട് എല്‍ഡിഎഫ് ജാഥ നടക്കുന്ന സമയത്താണ് ഈ കൊലപാതകം നടന്നത്. രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരം അറിയുന്നവര്‍ ഇതിന് സന്നദ്ധരാകുമോ എന്നും പിണറായി ചോദിക്കുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

രമേശ് ചെന്നിത്തല

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം സി.പി.എം നേതൃത്യം ആലോചിച്ച് തയ്യാറാക്കിയ ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് വരെ സിപിഎം നടത്തിയ കൊലപാതകങ്ങളുടെ പിതൃത്യം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കൊലപാതകങ്ങളെ നിസ്സാരവത്കരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ലോക്കല്‍ നേതാവിനെ പുറത്താക്കി കൊലപാതകത്തില്‍ നിന്നും സി പി എമ്മിന് ഒഴിഞ്ഞുമാറാനാകില്ല. ചോരക്കള്ളി സിപിഎം അവസാനിപ്പിക്കണം. നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതിനിടെ  മകന്റെ വിവാഹസത്കാര ചടങ്ങുകള്‍ ഉപേക്ഷിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് ഈ തുക കൈമാറുമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മൂല്ലപ്പള്ളി രാമചന്ദ്രൻ

സി.പി.എം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് കൊലപാതക കേസില്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് പറഞ്ഞാണ് മുല്ലപ്പള്ളി സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായാണ് വിമര്‍ശിച്ചത്. കേരളത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ കൊലപാതകമായി അറിയപ്പെടുന്ന വാടിക്കൽ രാമകൃഷ്ണൻ വധക്കേസിലെ പ്രതിയായ പിണറായി വിജയൻ കേരളം ഭരിക്കുകയും കോടിയേരി ബാലകൃഷ്ണൻ സി.പി.എമ്മിന്‍റെ അമരത്തിരിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ രക്തപ്പുഴകൾ ഒഴുകിക്കൊണ്ടിരിക്കുമെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.

കോടിയേരി ബാലകൃഷ്ണൻ

കല്ല്യോട്ട‌് രണ്ട‌് യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ പാർടിയുടെ അറിവോടു കൂടി അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്ന‌് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാർടി സംരക്ഷിക്കില്ല. പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽകൊണ്ടുവരണമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർടി പ്രവർത്തകർ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുത‌് എന്ന പാർട്ടി തീരുമാനം ഉൾകൊള്ളാൻ കഴിയാത്തവർക്ക് സിപിഎമ്മിൽ സ്ഥാനമില്ല. ആക്രമങ്ങൾ ആര‌് നടത്തിയാലും അത‌് ഒഴിവാക്കണം. ഈ കൊലപാതകം നടന്ന സ്ഥലത്ത് മുമ്പ് പല അക്രമങ്ങളും നടന്നിട്ടുണ്ട്. അതൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. കൊലപാതക രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പേയില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപി എമ്മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷുഹൈബ് വധക്കേസിലെ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ നാലു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്ന ഹൈക്കോടതിയുടെ നടപടി. രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുന്ന സിദ്ധാന്തം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നായിരുന്നു കോടതിയുടെ പരാമർശം. കേസിലെ ഒന്നുമുതൽ നാലുപ്രതികളായ ആകാശ് തില്ലങ്കേരി, ജിതിൻ ദീപ്ചന്ത് എന്നിവരാണ് ജാമ്യം തേടി കോടതിയെ സമീപിച്ചത്.

രേഖകൾ പരിശോധിക്കുമ്പോൾ ആസൂത്രിതമായി നടപ്പാക്കിയതാണ് കൊലയാണ് ഷുഹൈബിന്റെതെന്ന് വ്യക്തമാകുന്നുണ്ട്.  കൊലപാതകം ഹീനവും പൈശാചികമുമാണ് അതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ല. ഹീനമായ രാഷ്ട്രീയ കൊലപാതകം നടത്തുന്നവർ ശക്തമായ ശിക്ഷയും അനുഭവിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

Next Story

Related Stories