UPDATES

ഇരട്ടക്കൊലപാതകം: ഏഴ് പേർ കസ്റ്റഡിയിൽ, അന്വേഷണം കണ്ണൂർ രജിസ്ട്രേഷൻ ജീപ്പ് കേന്ദ്രീകരിച്ച്

അരും കൊലയ്ക്ക് പിന്നില്‍ പ്രവർത്തിച്ചവർ അയൽ സംസ്ഥാനമായ കർണാടകത്തിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.

കാസർക്കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷും, ശരത്ത് ലാലും കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോൾ അജ്ഞാതരായ കൊലയാളിളെത്തിയ ജീപ്പിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മുന്ന് മൊബൈൽ ഫോണുകളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിൽ ഒന്ന് കൊലയാളി സംഘാംഗത്തിന്റേതാണെന്നാണ് വിലയിരുത്തൽ. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും, കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന വടിവാളിന്റെ പിടിയും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.  ഇതിൽ രണ്ടെണ്ണം ശരത്‍ലാലിന്റെയും ഒരെണ്ണം കൃപേഷിന്റെയുമാണെന്നു തിരിച്ചറിഞ്ഞു. ശേഷിക്കുന്ന ഫോൺ  സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധന നടത്തിവരുകയാണ്.

കല്യോട്ട് ഭഗവതി ക്ഷേത്രത്തിൽ ഒരു കളിയാട്ട മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂർ രജിസ്ട്രേഷനുള്ള ഒരു വാഹനം സ്ഥലത്ത് കണ്ടുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള മൊഴി. ഇതോടെയാണ് സംഭവത്തിന് പിന്നിൽ കണ്ണൂരിലെ ക്വട്ടേഷൻ സംഘമാണോ സംശയം ശക്തമാകാനുള്ള കാരണമെന്ന്  മലയാള മനോരമ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.  കണ്ണൂർ രജിസ്ട്രേഷനുള്ള ഈ ജീപ്പാണ് കൃപേഷിനെയും ശരത്‍ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്. സിപിഎം പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവർക്കു ചൂണ്ടിക്കാണിച്ചുകൊടുത്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം സംഘം കാഞ്ഞിരടുക്കത്തെ ഒരു വീട്ടിൽ പോയി വസ്ത്രം മാറിയ ശേഷമാണു മടങ്ങിയതെന്നും സൂചനകളുണ്ടെന്നും

സംഭവവുമായി ബന്ധപ്പെട്ട് എഴുപേരെ കസ്റ്റഡിയിലെടുത്തതായി  പോലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് കരുതുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുൾപ്പടെയുള്ളവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ഇന്നും ചോദ്യം ചെയ്യും.  കൊലപാതത്തിൽ നേരിട്ട് പങ്കടുത്തവരും ഇതിലുണ്ടെന്നാണ് സൂചകൾ‌.   ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇന്നലെ അന്വേഷണ സംഘം വിപുലീകരിക്കുകയം ചെയ്തിരുന്നു.

അരും കൊലയ്ക്ക് പിന്നില്‍ പ്രവർത്തിച്ചവർ അയൽ സംസ്ഥാനമായ കർണാടകത്തിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല. ഇതിന്റെ ഭാഗമായി അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് ഡിജിപി ഇന്നലെ കർണാടക പൊലീസിന്‍റെ സഹായം തേടിയിരുന്നു. എല്ലാ സഹായവും അവർ നൽകിയിട്ടുണ്ടെന്നും ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇരട്ട കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് പോലീസ് തയ്യാറാക്കിയ എഫ്ഐആർ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള രാഷ്ട്രീയ പ്രതികാരമാണ് കൊലപാതകമെന്നും പോലീസ് സൂചനകള്‍ നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയുമായിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.  തനിക്ക് ഫേസ്ബുക്കിലൂടെയും വാട്‍സ് ആപ്പിലൂടെയും വധഭീഷണി ഉണ്ടെന്നായിരുന്നെന്ന കൊല്ലപ്പെട്ട കൃപേഷിന്‍റെ പരാതിയിൽ നേരത്തെ ബേക്കൽ പൊലീസ് കേസ് എടുത്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷം ഒക്ടോബര്‍ മൂന്നിന് അരുണേശ്, നിഥിൻ, നീരജ് എന്നിവർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

റോ‍ഡരികിൽ ബൈക്ക് മറിഞ്ഞിരിക്കുന്നതു കണ്ടു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു ഞായറാഴ്ച രാത്രി ശരത്തിനെ അബോധാവസ്ഥയിൽ രക്തം വാർന്നുകിടക്കുന്നതു കണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽനിന്നു മംഗളൂരുവിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. ഒപ്പം കൃപേഷും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞു വീണ്ടും തിരച്ചിൽ നടത്തുകയായിരുന്നു. സംഭവം നടന്നതിന് 150 മീറ്റർ അകലെ കുറ്റിക്കാട്ടിൽ രക്തം വാർന്ന നിലയിൽ പിന്നീട് കൃപേഷിനെയും കണ്ടെത്തുകയായിരുന്നു. പൊലീസ് ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെട്ടുകൊണ്ടു വീടു ലക്ഷ്യമാക്കി ഓടുന്നതിനിടെ കൃപേഷ് വീണുപോകുകയായിരുന്നുവെന്നാണ് നിഗമനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍