Top

പാലായില്‍ നിഷ ജോസ് മത്സരിച്ചാലും പിന്തുണക്കും, കേരള കോണ്‍ഗ്രസ് എമ്മിന്റെ അടുത്ത ചെയര്‍മാന്‍ സിഎഫ് തോമസ്: പിജെ ജോസഫ്‌

പാലായില്‍ നിഷ ജോസ് മത്സരിച്ചാലും പിന്തുണക്കും, കേരള കോണ്‍ഗ്രസ് എമ്മിന്റെ അടുത്ത ചെയര്‍മാന്‍ സിഎഫ് തോമസ്: പിജെ ജോസഫ്‌
കേരള കോണ്‍ഗ്രസ് എമ്മിന്റെ പുതിയ ചെയര്‍മാന്‍ സിഎഫ് തോമസ് ആയിരിക്കുമെന്ന് ഇടക്കാല ചെയര്‍മാന്‍ പിജെ ജോസഫ്. ജോസഫിന്റേയും ജോസ് കെ മാണിയുടേയും നേതൃത്വത്തിലുള്ള രണ്ട് വിഭാഗങ്ങളായി കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതിന് പിന്നാലെയാണ് ജോസഫിന്റെ പ്രഖ്യാപനം. മൂന്നര മിനുട്ടില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തി മറു വിഭാഗത്തിന്റെ യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും പിജെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെറ്റ് തിരുത്തിയാല്‍ പുറത്തുപോയവര്‍ക്ക് തിരിച്ചുവരാം. ഒരുമിച്ച് പോകാം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഞങ്ങള്‍ക്കാണ് അധികാരം ഞങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന യോഗമാണ് ഔദ്യോഗിക യോഗം - ജോസഫ് പറഞ്ഞു. ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത യോഗം ആകെ തട്ടിപ്പ് പരിപാടിയായിരുന്നു എന്നും പങ്കെടുക്കാത്ത മൂന്ന് പേരുടെ കള്ള ഒപ്പ് ഇട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

അതേസമയം പാല ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് സ്ഥാനാര്‍ത്ഥിയാവുകയും അവരെ പിന്തുണക്കാന്‍ യുഡിഎഫ് ആവശ്യപ്പെടുകയും ചെയ്താന്‍ പിന്തുണ നല്‍കുമെന്നും ജോസഫ് പറഞ്ഞു. കെഎം മാണി ജീവിച്ചിരുന്നപ്പോള്‍ തുടങ്ങിയ രൂക്ഷമായ ഗ്രൂപ്പുപോരാണ് മാണിയുടെ മരണത്തിന് ശേഷം പാര്‍ട്ടിയെ പിളര്‍ക്കുന്ന പൊട്ടിത്തെറിയായത്. നേരത്തെ തന്നെ ജോസഫ് ഗ്രൂപ്പുകാരനായിരുന്ന മോന്‍സ് ജോസഫിന് പുറമെ മാണി ഗ്രൂപ്പുകാരായിരുന്ന സിഎഫ് തോമസും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും ജോസഫ് ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുത്തു. സിഎഫ് തോമസ് അടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫ് ആണ് കെഎം മാണിയുടെ നിര്യാണത്തിന് ശേഷം ചെയര്‍മാന്‍ എന്ന് കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ജോസ് കെ മാണി വിഭാഗം അംഗീകരിച്ചിരുന്നില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലവിലുള്ള അഞ്ച് എംഎല്‍എമാരില്‍ ജോസഫും സിഎഫ് തോമസും മോന്‍സ് ജോസഫും ഒരു ഭാഗത്തും ബാക്കി രണ്ട് പേര്‍ - റോഷി അഗസ്റ്റിനും എന്‍ ജയരാജും മറുഭാഗത്തുമായാണ് നില്‍ക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് വേണമെന്നും കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി യുഡിഎഫില്‍ ആവശ്യപ്പെടണം എന്നുമുള്ള ജോസഫിന്റെ ആവശ്യം കെഎം മാണി അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി പിളരേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ജോസഫ് പിന്‍വാങ്ങി. എന്നാല്‍ മാണിയുടെ മരണ ശേഷം പാര്‍ട്ടി കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളുമായി ജോസഫും ജോസ് കെ മാണിയും മുന്നോട്ടുപോവുകയായിരുന്നു. കോട്ടയത്തെ കേരള കോണ്‍ഗ്രസ് എം ആസ്ഥാനം നിലവില്‍ ജോസ് കെ മാണിയുടെ നിയന്ത്രണത്തിലാണ്.

Next Story

Related Stories