TopTop

റൊഹീങ്ക്യന്‍ അഭയാര്‍ത്ഥികളെന്ന് സംശയം; അഞ്ച് മ്യാന്‍മര്‍ സ്വദേശികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍

റൊഹീങ്ക്യന്‍ അഭയാര്‍ത്ഥികളെന്ന് സംശയം; അഞ്ച് മ്യാന്‍മര്‍ സ്വദേശികള്‍ വിഴിഞ്ഞത്ത് കസ്റ്റഡിയില്‍
കേരളത്തിലേക്ക് വ്യാപകമായി റൊഹീങ്ക്യന്‍ വംശജര്‍ കുടിയേറുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ തലസ്ഥാനത്ത് ഒരു സംഘം മ്യാന്‍മര്‍ സ്വദേശികള്‍ പോലീസ് പിടിയില്‍. ഹൈദരാബാദില്‍ നിന്നും കേരളത്തിലെത്തിയ അഞ്ചംഗ സംഘത്തെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇന്നലെ രാത്രിയാണ് തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാസഹോദരന്‍ അന്‍വര്‍ ഷാ എന്നിവര്‍ ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തിയത്.

ഡല്‍ഹിയിലെ ക്യാംപില്‍ കഴിഞ്ഞിരുന്ന ഇവര്‍ അവിടെ നിന്നും ഹൈദരാബാദിലെത്തുകയും പിന്നീട് കേരത്തിലേക്ക് വരികയായിരുന്നെന്നും പോലീസ് പറയുന്നു. ഐക്യരാഷ്ട്ര സഭ അനുവദിക്കുന്ന തിരിച്ചറിയല്‍ രേഖ ഇവരുടെ പക്കലുണ്ടെന്നും, ഇതുപ്രകാരം ഇവര്‍ക്ക് ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ സാഹചര്യം ഉണ്ട്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ കേരളത്തിലെത്തിയതെന്നും പോലീസ് പറയുന്നു.

അതേസമയം, കസ്റ്റഡിയിലെടത്തവരെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ പറയുന്നു. വിഷയത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പോലീസ് പറയുന്നു.

അതേസമയം, സംസ്ഥാനങ്ങളിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥി തിരിച്ചറിയണമെന്നും, റിപോര്‍ട്ട് കേന്ദ്രത്തിന് അയയ്ക്കണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ് 23ാം ഈസ്റ്റേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെ ആവശ്യപ്പെട്ടിരുന്നു. ഇത്തക്കാരെ കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കേന്ദ്രസേനയെ നല്‍കുമെന്നും സിങ് പറഞ്ഞു. ഇതിന് പിറകെയാണ് കേരളത്തില്‍ അഭയാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍കുമാര്‍ മോദി, ഒഡിഷ ധനകാര്യമന്ത്രി എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു നിര്‍ദേശം. അടുത്തിടെ 40,000ത്തിലധികം റോഹിങ്ക്യ മുസ്ലിങ്ങള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്കുകള്‍. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.


Next Story

Related Stories