UPDATES

മണ്ഡലങ്ങളിലൂടെ

കനത്ത സുരക്ഷാ വലയത്തില്‍ വയനാട്; രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ പുത്തൻ ഉണർവുണ്ടാക്കുമെന്ന് കോൺഗ്രസ്

കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധി ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ പുത്തൻ ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കും. മോദിയുടെ വർഗീയ പ്രചരണങ്ങൾക്ക് കേരളം നൽകുന്ന മറുപടിയായിരിക്കും രാഹുലിന്റെ ജയം. വയനാട്ടിൽ മാത്രമല്ല കേരളത്തിലെ എല്ലാമണ്ഡലങ്ങളിലും രാഹുൽ ഗാന്ധിയെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്രികാ സമര്‍പ്പണത്തിനായി ഇന്ന് കോഴിക്കോട്ടെത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിന്റെ ഒരുങ്ങൾ വിലയിരുത്താനായി ചേർന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ, പത്രികാ സമർപ്പണത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടലെത്തുന്ന സാഹചര്യത്തിൽ ജില്ല ഇതിനോടകം തന്നെ കനത്ത സുരക്ഷാ വലയത്തിലാണ്. വൻ പോലീസ് സംഘത്തെയാണ് കളക്ടറേറ്റ് സ്ഥിതിചെയ്യുന്ന കൽപ്പറ്റയിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. എസ്പിജിയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ട്. രാത്രിയോടെ കോഴിക്കോട്ടെത്തുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് ചിലവിടുന്ന ഗസ്റ്റ് ഹൗസിന്‍റെ നിയന്ത്രണവും എസ്പിജി ഏറ്റെടുത്തു.

നാളെ 11.30 ഓടെ കല്‍പ്പറ്റയിലെത്തി രാഹുൽ നാമനിര്‍ദ്ദേശപത്രിക നല്‍കും. ഇതിനായി സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പം യുഡിഎഫ് നേതാക്കളും അദ്ദേഹത്തിനൊപ്പം വയനാട്ടിലെത്തും.  അതിന് ശേഷം രാഹുൽ ദില്ലിക്ക് മടങ്ങുമെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി വയനാട് ഡിസിസി ഓഫീസ് സന്ദർശിക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളാലാണ് ഡിസിസി ഓഫീസിൽ‌ നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒഴിവാക്കിയത്. ഡിസിസി യിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രാഹുൽഗാന്ധിയെ കൊണ്ടു പോകാനാവില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഡിസിസിയെ അറിയിച്ചിട്ടുണ്ട്. സന്ദർശനം മുൻ നിർത്തി ഓഫീസ് മോടിപിടിപ്പിക്കലടക്കം പുരോഗമിക്കുന്നതിനിടെയായിരുന്നു പുതിയ അറിയിപ്പ്.

കോഴിക്കോട് വിക്രം മൈതാനിയിൽ നിന്നും നാളെ രാവിലെ ഹെലികോപ്റ്ററിൽ കൽപ്പറ്റയിലെ എകെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങുന്ന രാഹുൽ ഗാന്ധി ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ച് കളക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം. ഇതോടൊപ്പം റോഡ് ഷോ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. എന്നാൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിനായി എകെഎംജെ ഹൈസ്കൂൾ മൈതാനം സജ്ജമാക്കുന്ന അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് നടപടി. എകെഎംജെ ഹൈസ്കൂൾ മൈതാനത്തിന് പുറമെ പുത്തൂര്‍ വയൽ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്‍റ്മേരീസ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ് പിജി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, പത്രികാ സമർപ്പണത്തിന് ശേഷമുള്ള രാഹുലിന്റെ പരിപാടികൾ സംബന്ധിച്ച് ഇനിയും വ്യക്തമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍