Top

കുട്ടനാടിനെ രക്ഷിക്കാന്‍ നടപടികള്‍ വേണം; അടിയന്തിരമായി നടപ്പാക്കേണ്ട 9 നിര്‍ദേശങ്ങളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

കുട്ടനാടിനെ രക്ഷിക്കാന്‍  നടപടികള്‍ വേണം; അടിയന്തിരമായി നടപ്പാക്കേണ്ട 9 നിര്‍ദേശങ്ങളുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
അതിവര്‍ഷത്തെ തുടര്‍ന്ന് അസാധാരണമായ പ്രകൃതിദുരന്തം നേരിടുന്ന കേരളത്തിന് ദുരിതം മറികടക്കാന്‍ സമസ്ത പ്രസ്ഥാനങ്ങളും അടിയന്തിരമായി രംഗത്തിറങ്ങണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിച്ചു. മഴക്കെടുതി രൂക്ഷമായി ബാധിച്ച കുട്ടനാടന്‍ പ്രദേശങ്ങള്‍ ആഴ്ചകളായി വെള്ളത്തിനടിയിലാണ്. മറ്റുജില്ലകളില്‍ നിന്ന് വ്യത്യസ്തമായി അത്യന്തം ഭീതിജനകവും, സവിശേഷ ഇടപെടല്‍ ആവശ്യമുള്ളതുമാണ് കുട്ടനാട്ടിലെ അവസ്ഥ. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ് ഇവിടെത്തെ പ്രധാന വെല്ലുവിളി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള വലിയ സാധ്യതകളും മുന്നിലുണ്ട്. വിഷപ്പാമ്പുകളുടെ സാന്നിധ്യം അപകടകരമാണ്. പല ഗ്രാമങ്ങളിലും യാത്ര സൗകര്യങ്ങള്‍ തകര്‍ന്ന അവസ്ഥയിലാണ്.

ജനങ്ങള്‍ക്ക് അടിയന്തരമായി ഭക്ഷണം, കുടിവെള്ളം, അത്യാവശ്യം ചികിത്സാസൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയും പ്രളയജലം പിന്‍വാങ്ങിയാല്‍ ഉണ്ടാകാനിടയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യണം. വെള്ളക്കെട്ടിനെ തുടര്‍ന്ന് പലായനം ചെയത കുടുംബങ്ങള്‍ പലര്‍ക്കും ഇനിയും മടങ്ങിയെത്താനാവാത്ത സാഹചര്യമാണുള്ളത്. ഇവര്‍ക്ക് അവശ്യമായ പാര്‍പ്പിട സൗകര്യം ഏര്‍പ്പെടുത്തണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.

ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ നേരിടാനുള്ള സ്ഥിരം സംവിധാനം ഒരുക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ പൂര്‍ണമായും സജീവമാകുകയും അവയെ പിന്തുണയ്ക്കാന്‍ ബഹുജനപ്രസ്ഥാനങ്ങള്‍ രംഗത്തിറങ്ങുകയും വേണം. കുട്ടനാടിന്റെ ദുരന്തം കേരളത്തിന്റെ പൊതുദുരന്തമായി പരിഗണിച്ചുകൊണ്ട് അത് പരിഹരിക്കാന്‍ സമൂഹമാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് അഭ്യര്‍ഥിച്ചു.

കുട്ടനാട് നേരിടുന്ന ദുരിതങ്ങള്‍ മറികടക്കാന്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട 9 കാര്യങ്ങളും പരിഷത്ത് നിര്‍ദേശിക്കുന്നുണ്ട്.
1. ഭക്ഷണ-കുടിവെള്ള-ഔഷധ ലഭ്യത എല്ലാവര്‍ക്കും ഉറപ്പാക്കണം.
2. സമഗ്രമായ പ്രളയാനന്തര ശുചീകരണ പദ്ധതി തയ്യാറാക്കി നടപ്പാക്കണം.
3. ഇപ്പോഴത്തെ മഴയിലെ വെള്ളം ടാങ്കുകളില്‍ ശേഖരിച്ച് തുടര്‍ന്നുള്ള നാളുകളില്‍ കുടിവെള്ളമായി ഉപയോഗിക്കാനുള്ള പരിപാടി അടിയന്തിരമായി ഉണ്ടാക്കണം. ഇതിനായി ആവശ്യമുള്ളത്ര ടാങ്കുകള്‍ നിര്‍മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും താല്കാലികമായി ശേഖരിക്കാവുന്നതാണ്.
4. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ തടയാനുള്ള മുന്‍കരുതല്‍ എല്ലാ കുടുംബക്ഷേമ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തണം.
5 പ്രളയബാധിത പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിച്ചവരെ വെള്ളം ഇറങ്ങിയ ഉടനെത്തന്നെ തിരിച്ചയക്കരുത്. അത് രോഗങ്ങള്‍ക്കും മരണത്തിനുപോലും കാരണമാകാം. ചുറ്റുവട്ടത്തുള്ള സ്ഥിരമായി ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റുകളും വീടുകളും ഏറ്റെടുത്ത് മൂന്ന് മാസത്തേക്കെങ്കിലും അവരെ അവിടെ താമസിപ്പിക്കണം. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുശേഷം മാത്രമേ അവരെ തിരിച്ചയക്കാവു.
6. വിഷപ്പാമ്പുകളില്‍നിന്നും സംരക്ഷണത്തിനായി ആന്റിവെനം വേണ്ടത്ര ലഭ്യമാക്കണം.
7. ഭരണകൂട സംവിധാനങ്ങള്‍ യുദ്ധ സാഹചര്യങ്ങളിലേതിന് സമാനമായി പ്രവര്‍ത്തിക്കണം.
8. ജി.ഐ.എസ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടനാട് മുഴുവന്‍ മാപ്പിംഗ് നടത്തി ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സ്ഥാനം നിര്‍ണയിക്കാം.
9. ദീര്‍ഘകാല ആവശ്യം പരിഗണിച്ച് സര്‍വസജ്ജമായ ഫ്ളഡ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ ശ്രമമാരംഭിക്കണം. ഒറീസയിലെ തീരപ്രദേശത്തെ സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്.

(ഫോട്ടോ കടപ്പാട് ദി ഹിന്ദു)

Next Story

Related Stories