Top

നിയമന വിവാദം മന്ത്രി ജി സുധാകരന്റെ ഭാര്യ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; മാധ്യമ വേട്ടയാടലെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിയമന വിവാദം മന്ത്രി ജി സുധാകരന്റെ ഭാര്യ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; മാധ്യമ വേട്ടയാടലെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരളാ യുനിവേഴ്‌സിറ്റി യുഐഎം - യുഐറ്റി - എന്‍ജിനീയറിംഗ് ബിഎഡ് ഡയറക്ടറായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡോ. ജൂബിലി നവപ്രഭ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. നിയമനം നിയമ വിധേയമാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് ഡോ. ജൂബിലി നവപ്രഭ ഗവര്‍ണര്‍ ജ. പി സദാശിവത്തെ കണ്ടത്ത്. നിയമനം സംബന്ധിച്ച വിവാദത്തില്‍ കഴമ്പില്ലെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്നും വിഷയത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയില്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ പ്രതികരിച്ചു.
അതേസമയം, നിയമന വിവാദവുമായി ബന്ധപ്പെട്ട് നടന്നത് മാധ്യമങ്ങള്‍ നടത്തിയത് അസത്യപ്രചാരണമാണെന്ന് മന്ത്രി ജി സുധാകരന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നെ അപമാനിക്കുകയാണ് ഇതിലൂടെ മാധ്യമങ്ങള്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പ്രതികരിച്ചു. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിടെവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്നെ അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. ഏഷ്യാനെറ്റ്, ന്യൂസ് 18 കേരളം, മനോരമ ന്യൂസ് എന്നീ ടെലിവിഷന്‍ ചാനലുകളും മലയാള മനോരമ, ജന്മഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ പത്രങ്ങളെയും പേരെടുത്ത് പറഞ്ഞണ് ജി സുധാകരന്റെ വിമര്‍ശനം.

മന്ത്രിയുടെ ഫേസിബുക്ക് പോസ്റ്റ്.

എന്നെ ആക്ഷേപിക്കാന്‍ വേണ്ടി എന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയ്ക്ക് നേരെ ചില മാധ്യമങ്ങള്‍ നടത്തിയ അസത്യമായ ആരോപണങ്ങള്‍ക്കുള്ള മറുപടി.

ഡോ. ജൂബിലി നവപ്രഭയെ കേരള യൂണിവേഴ്‌സിറ്റിയുടെ യു.ഐ.എം - യു.ഐ.റ്റി - എന്‍ജിനീയറിംഗ് ബിയെഡ് എന്നീ സ്വാശ്രയ സ്ഥാപനങ്ങളുടെ പുതിയ ഡയറക്ടറേറ്റിന്റെ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നടത്തിയ ശരിയായ നിയമനത്തിനെതിരെ ഒരുകൂട്ടം രാഷ്ട്രീയക്കാരും ചില മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ ക്രിമിനല്‍ മാധ്യമ ഗൂഢാലോചനയാണ് മെയ് 27 മുതല്‍ 30 വരെയുള്ള തീയതികളില്‍ കുപ്രചരണങ്ങള്‍ ആയി പ്രത്യക്ഷപ്പെട്ടത്.

അപ്പോള്‍ തന്നെ സര്‍വ്വകലാശാല കാര്യകാരണ സഹിതം മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്ന് സുവ്യക്തമായ വിശദീകരണം നല്‍കുകയുണ്ടായി. മാധ്യമങ്ങള്‍ ഭൂരിപക്ഷവും ഈ കുപ്രചരണത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ മുന്‍നിര പത്രമായ മനോരമയുടെ തിരുവനന്തപുരം ബ്യൂറോ, ഏഷ്യാനെറ്റ്, ന്യൂസ് 18 കേരളം, മനോരമ ന്യൂസ് എന്നീ ടെലിവിഷന്‍ ചാനലുകളും ജന്മഭൂമി, വീക്ഷണം, ചന്ദ്രിക എന്നീ പ്രതിപക്ഷ പത്രങ്ങളിലും ഈ ദുരാരോപരണം ഉന്നയിച്ചു. ഏറ്റവും ക്രൂരമായും സംസ്‌കാര ശൂന്യമായും ധാര്‍മികതയുടെ ലവലേശം പോലുമില്ലാതെ മെയ് 30-ാം തീയതി വരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ന്യൂസ് 18 ഉം ഏഷ്യാനെറ്റും കുപ്രചരണം അവസാനിപ്പിച്ചു.

എന്നിട്ടും മനോരമയുടെ തിരുവനന്തപുരം ബ്യൂറോ കുപ്രചരണം തുടര്‍ന്നു. പത്രാധിപര്‍ ശ്രീ ഫിലിപ്പ് മാത്യു അവര്‍കള്‍ ഇടപെട്ടപ്പോള്‍ മനോരമ തിരുവനന്തപുരം ബ്യുറോ അധാര്‍മികമായ കുപ്രചരണം അവസാനിപ്പിക്കുകയും ചെയ്തു. മനോരമ വാരികയുടെ പത്രാധിപര്‍ ശ്രീ കെ.എ.ഫ്രാന്‍സിസ് അവര്‍കള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കരുതെന്ന് ബ്യൂറോ ചീഫിനോട് നിര്‍ദ്ദേശിച്ച ശേഷവും ഒരു ദിവസം കൂടി തെറ്റായ പുതിയ ആക്ഷേപങ്ങളുമായി ബ്യൂറോരംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് ശ്രീ ഫിലിപ്പ് മാത്യു അവര്‍കള്‍ ഇടപെട്ട് അവസാനിപ്പിച്ചത്. ഇത് അങ്ങേയറ്റം അപകീര്‍ത്തികരമായിരുന്നു.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് അവിടെവികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്നെ അപമാനിക്കാനാണ് അത്യന്തം ഹീനമായ തരത്തില്‍ ഉന്നത വിദ്യാഭ്യാസയോഗ്യതയുള്ള ഡോ. ജൂബിലി നവപ്രഭയെ അപമാനിച്ചത്. ഇത് പത്രധര്‍മ്മത്തില്‍ കേട്ട് കേള്‍വി ഇല്ലാത്ത കാര്യമാണ്. ഇപ്രകാരം ഗുരുതരമായ തെറ്റ് ചെയ്ത ഈ മാധ്യമ പ്രവര്‍ത്തകരെ സര്‍വ്വീസില്‍ നിന്ന് തന്നെ പുറത്താക്കേണ്ടതാണ്. മാനേജ്‌മെന്റും പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയയും ഇത് പരിശോധിക്കേണ്ടതാണ്.

കേരള സര്‍വ്വകലാശാലയുടെ സെനറ്റും, സിന്‍ഡിക്കേറ്റുമാണ് ഡയയറക്ടറേറ്റ് സൃഷ്ടിച്ച് ഡയറക്ടര്‍ തസ്തിക സെനറ്റ് വഴി പ്രഖ്യാപിച്ചത്. യോഗ്യതകള്‍ സിഡിക്കേറ്റാണ് നിശ്ചയിച്ചത്. ഇതില്‍ ഞങ്ങള്‍ക്ക് എന്താണ് കാര്യം. ? അപേക്ഷകരില്‍ ഏറ്റവും കൂടുതല്‍ യോഗ്യത ഉള്ളതിനാലാണ് വൈസ് ചാന്‍സിലര്‍ നിയോഗിച്ച സിലക്ഷന്‍ കമ്മിറ്റി അവരെ തെരഞ്ഞെടുത്തത്. വിരമിച്ച പ്രിന്‍സിപ്പല്‍മാര്‍ക്കോ, വൈസ് പ്രിന്‍സിപ്പല്‍മാര്‍ക്കോ, വകുപ്പ് അദ്ധ്യക്ഷര്‍ക്കോ, മേല്‍പ്പറഞ്ഞ സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കോ അപേക്ഷിക്കാമായിരുന്നു. ഇത് സര്‍വ്വ സാധാരണമായ നിയമന രീതികളാണ്.

കേരളത്തിലെ ഒന്നാംകിട കോളേജായ ആലപ്പുഴ എസ്.ഡികോളേജില്‍ 31 വര്‍ഷം അധ്യാപന പരിചയവും 4 മാസ്റ്റേഴ്‌സ് ഡിഗ്രികളും പി.എച്ച്.ഡി, എംഫില്‍ ബിരുദ്ധങ്ങളും കൗണ്‍സിലിങ്ങില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അവര്‍ക്ക് ഉണ്ട്. 6 ഗവേഷകരെ ഗൈഡ് ചെയ്ത് 3 പേര്‍ക്ക് പി.എച്ച്.ഡി നേടികൊടുത്തിട്ടുണ്ട്. മറ്റ് 3 പേര്‍ പ്രബന്ധം സമര്‍പ്പിച്ചു കഴിഞ്ഞു. മാസ്റ്റേഴ്‌സ് ഡിഗ്രികളില്‍ എം.ബി.എയും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ എം.എയും ഉണ്ട്. ഇങ്ങനെ ഒരാളെ തെരഞ്ഞെടുത്തതില്‍ ഒരു അപാകതയും കണ്ടെത്താന്‍ ഒരു വിദഗ്ദനും കഴിഞ്ഞിട്ടില്ല. ഒരു പരാതി പോലും നാളിതുവരെ വൈസ് ചാന്‍സിലര്‍ക്കോ, ചാന്‍സിലറായ ഗവര്‍ണര്‍ക്കോ നല്‍കിയിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ ആരും ഇതുവരെ പരാതികൊടുത്തിട്ടില്ല.

പിന്നെ പരാതിക്കാര്‍ ആരാണ് ?
ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍..

മെറിറ്റ് നിയമനത്തെ അട്ടിമറിച്ച് വകുപ്പിനെ ചൊല്‍പ്പടിയില്‍ ആക്കാന്‍ ആഗ്രഹിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ മലിന രാഷ്ട്രീയക്കാരാണ് ഇതിന് പുറകില്‍ എന്ന് അറിയുന്നു. ഈ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ബഹു: വിദ്യാഭ്യാസ മന്ത്രിക്കും, ഡി.ജി.പിക്കും, ഹോംസെക്രട്ടറിക്കും, ക്രൈംബ്രാഞ്ച് ഐ.ജിക്കും, വനിത കമ്മീഷനും ഡോ. ജൂബിലി നവപ്രഭ പരാതി നല്‍കിയിട്ടുണ്ട്.

ബഹുമാനപ്പെട്ട സര്‍വകലാശാല ചാന്‍സിലറായ കേരള ഗവര്‍ണര്‍ക്കും നേരിട്ട് പോയി പരാതി നല്‍കി. ഡോ. ജൂബിലിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി ഗവര്‍ണര്‍ മതിപ്പ് പ്രകടിപ്പിച്ചു. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ക്കെതിരെ അഭിമാനം സംരക്ഷിക്കാന്‍ നിയമ നടപടിക്ക് പോകാന്‍ ഏത് പൗരനും അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഡോ. ജൂബിലിയുടെ പരാതി ലഭിച്ച ശേഷം എല്ലാ അധികാരികളും യൂണിവേഴ്‌സിറ്റി രജിസ്ട്രാറോട് വിവരങ്ങള്‍ തേടിയതായി അറിയുന്നു. ക്രിമിനല്‍ ഗൂഡാലോചന ആരും നടത്താന്‍ പാടില്ല. അപകീര്‍ത്തിപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങളോട് ഒരുവാക്ക് ചോദിക്കാന്‍ പോലും നാളിതുവരെ തയ്യാറായിട്ടില്ല. അത് തന്നെ ഇവരുടെ ഭീരുത്വവും, കാപട്യവുമാണ് വെളിവാക്കുന്നത്.

ഞാന്‍ 15 വര്‍ഷം കേരളായിലും കാര്‍ഷിക സര്‍വകലാശാലയിലും ഭരണ സമിതിഅംഗമായിരുന്നു. ആയിരക്കണക്കിന് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരു ബന്ധുവിനെയും നിയമിച്ചിട്ടില്ല. മറ്റ് ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ആരോപിക്കാന്‍ നാളിതുവരെ ആര്‍ക്കും അവസരം നല്‍കിയിട്ടില്ല. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാവുന്നതാണ്.

'അവഹേളിക്കുക മാത്രമായിരുന്നു ഉദ്ദേശം. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ഡോ. ജൂബിലി എന്റെ ഭാര്യയായതാണ് അവരുടെ ഏക അയോഗ്യത.'

നിയമ നടപടികള്‍ സ്വീകരിക്കാന്‍ എന്റെ ഭാര്യക്ക് ആഗ്രഹം ഉണ്ടെങ്കില്‍ ആ വഴി അവര്‍ക്ക് സ്വീകരിക്കാവുന്നതാണ്. മെയ് 27-ാം തീയതി തന്നെ ഞാന്‍ പ്രതികരിക്കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തില്ല. അത് എന്റെ ഭാഗത്ത് വന്ന ഒരു പോരായ്മയാണ്. ഞാന്‍ അതില്‍ സര്‍വ്വധ നിയമന യോഗ്യയാണെന്ന് യൂണിവേഴ്‌സിറ്റി കണ്ടെത്തിയ എന്റെ ഭാര്യയോട് ക്ഷമ ചോദിക്കേണ്ടതാണ്. അവരെ തക്കസമയത്ത് സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ ഇത്രയും യോഗ്യതകള്‍ ഉള്ള ഒരാള്‍ക്കെതിരെ ഇത്തരം തരംതാണ കുപ്രചരണങ്ങള്‍ ആരും അഴിച്ചുവിടുമെന്ന് കരുതിയില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories