UPDATES

ട്രെന്‍ഡിങ്ങ്

കെ എം മാണിയുടെ അരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; മുഖ്യമന്ത്രി സന്ദർശിച്ചു

അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. അദ്ദേഹത്തിന്റെ  മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണിയെ ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ശ്വാസകോശത്തില്‍ അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ‌ വ്യക്തമാക്കുന്നു.

മാണിയുടെ രക്തസമ്മർദവും നാഡിമിടിപ്പും സാധാരണ നിലയിലാണെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. എന്നാൽ‌ ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹത്തിന് ശ്വാസകേശത്തിൽ അണുബാധയുണ്ട്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറവാണ്. വൃക്കകളുടെ പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ഡയാലിസിസ് നല്‍കുന്നുണ്ട്. രാത്രി വെന്റിലേറ്റര്‍ സഹായം നല്‍കും. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അദ്ദേഹം വേഗം സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷയെന്നും വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി ചീഫ് ഓഫ് ഹോസ്പിറ്റല്‍ സ്റ്റാഫ് ഡോ.മോഹന്‍ മാത്യു പ്രതികരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ആശുപത്രിയിലെ ശ്വാസകോശ വിദഗ്ദനായ ഡോ. ഹരിലക്ഷമണന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ച വരികയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അണുബാധയുണ്ടാകാതിരിക്കാൻ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. അദ്ദേഹത്തിന്റെ  മകളും അടുത്ത ബന്ധുക്കളും ഇപ്പോൾ ആശുപത്രിയിലുണ്ട്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് യുഡിഎഫിന്റെ പ്രചരണ പരിപാടികളിൽ നിന്നുള്‍പ്പെടെ വിട്ടു നിൽക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ആശുപത്രിയിൽ കഴിയുന്ന കെ എം മാണി എംഎൽഎയെ മുഖ്യമന്ത്രി സന്ദർശിച്ചു. ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തിയ അദ്ദേഹം ഡോക്ടർമാരുമായും ബന്ധുക്കളുമായും കുടിക്കാഴ്ച നടത്തി.

നിരവധി തവണ സംസ്ഥാനത്ത് ധനമന്ത്രിസ്ഥാനം വഹിച്ചിട്ടുള്ള കെ.എം.മാണിക്കാണ് ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡുള്ളത്. 12 തവണയാണ് അദ്ദേഹം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം നിയമ സഭാ സാമാജികനായി 50 വർഷം പിന്നിട്ട വ്യക്തികൂടിയാണ്. കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി കോട്ടയം ജില്ല മീനച്ചിൽ മരങ്ങാട്ടുപള്ളിയിലായിരുന്നു കെ എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജിൽ എന്നിവിടങ്ങിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം അഭിഭാഷകൻ കൂടിയാണ്.

കോൺഗ്രസ് പ്രവർത്തനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കെ എം മാണി 1959 ൽ കെപിസിസി അംഗമായിരുന്നു. 1964 മുതൽ കേരള കോൺഗ്രസ്സിന്റെ ഭാഗമായ അദ്ദേഹം 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രി സ്ഥാനം വഹിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഉയർന്ന ബാർ കോഴക്കേസ് കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി. 2015 നവംബർ 10 ന് അഴിമതി ആരോപണത്തെത്തുടർന്ന് അദ്ദേഹം മന്ത്രിസ്ഥാനം രാജി വെച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍