Top

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പാകിസ്താന്‍ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി
പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ). കുല്‍ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയിരുത്തി. അതേസമയം കുല്‍ഭൂഷണെ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹേഗിലെ പീസ് പാലസില്‍ ജസ്റ്റിസ് അബ്ദുള്‍ഖലി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവിച്ചത്. അബ്ദുള്‍ഖലിയുടെ നേതൃത്വത്തിലുള്ള 16 അംഗ ബഞ്ചിന്റേതാണ് വിധി. 15 ജഡ്ജിമാര്‍ ഇന്ത്യക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പാകിസ്താനില്‍ നിന്നുള്ള ഒരു ജഡ്ജി മാത്രം പാകിസ്താന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയുടെ ആവശ്യം ന്യായമാണ് എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞിരിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് നയതന്ത്ര വിജയമാണ്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കി. വിധിയെ സ്വാഗതം ചെയ്യുന്നതായും ഇത് ഇന്ത്യയുടെ വലിയ വിജയമാണ് എന്നും മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജ് പ്രതികരിച്ചു.

ALSO READ: ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത


ചാരവൃത്തി, ഭീകരവാദം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ കേസിൽ രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാക് കോടതി വിധിക്കുകയായിരുന്നു. എന്നാൽ പാക് കോടതിയുടെ വിധിക്കെതിരെ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ജാദവ്‌ നിരപരാധിയാണെന്നും നിയമസഹായം നിഷേധിച്ചുകൊണ്ടുള്ള വിചാരണ അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യ ഐ.സി.ജെക്ക് മുമ്പാകെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച 49 കാരനായ കുൽഭൂഷണെ 2016 മാർച്ചിലാണ് ചാരവൃത്തി ആരോപിച്ച് ഇറാനിൽ നിന്നും പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയി അറസ്റ്റു ചെയ്തതെന്നാണ് ഇന്ത്യയുടെ ആരോപണം.

മെയ് 15 നാണ് അന്താരാഷ്ട്ര കോടതിയിൽ വാദം ആരംഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ചാരനാണ് കുൽഭൂഷൺ ജാദവ് എന്നും അദ്ദേഹത്തിന് വിയന്ന കൺവെൻഷന്റെ പരിരക്ഷ ലഭിക്കില്ലെന്നുമായിരുന്നു അന്താരാഷ്ട്ര കോടതിയിൽ പാകിസ്താന്റെ വാദം. കെട്ടിച്ചമച്ച കഥകളാണ് പാകിസ്ഥാൻ സമർപ്പിച്ചതെന്ന് ഇന്ത്യയും വാദിച്ചിരുന്നു.‌‌‌‌‌

അഭിഭാഷകൻ ഹരീഷ് സാൽവെയായിരുന്നു ഇന്ത്യൻ വാദങ്ങളുമായി ഐ.സി.ജെയിൽ ഹാജരായത്. പാകിസ്താൻ സൈനിക കോടതിയിലെ കുപ്രസിദ്ധ നടപടികൾ തുറന്ന് കാട്ടാനായിരുന്നു ഹരീഷ് സാൽവെ ശ്രമിച്ചത്. പാകിസ്താൻ കോടതിയിലെ വിചാരണയിൽ ജാദവ് കുറ്റം സമ്മതിച്ചതായുള്ള വാദത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കണമെന്നും വധശിക്ഷ റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു.

ചാരപ്രവർത്തനത്തിനായി ഇറാനിൽനിന്ന് ബലൂചിസ്താനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അറസ്റ്റെന്നായിരുന്നു പാകിസ്താന്റെ വാദം. തങ്ങളുടെ ചാരനിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഇന്ത്യ നിയമസഹായ ആവശ്യം ഉയർത്തുന്നതെന്ന് പാകിസ്താൻ കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ 2017-ൽ അമ്മയെയും സഹോദരിയെയും കാണാൻ ജയിലിൽ ഏകാന്തനായി കഴിയുന്ന ജാധവിന് പാകിസ്താൻ അനുവാദം നൽകുകയും ചെയ്തിരുന്നു.

Next Story

Related Stories