UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരമെഴുതാത്ത കടലാസെങ്ങനെ ഉത്തരക്കടലസാകും: എ വിജയരാഘവൻ

യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ എസ്എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉത്തരവും മാര്‍ക്കും ഇല്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് എങ്ങനെ പറയാനാവും, അതിന് വെറും കടലാസിന്റെ വിലയേ ഉള്ളൂ എന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം. തിരുവന്തപുരത്ത് പൊതുചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.‌‌

“ഉത്തരക്കടലാസ്..ഉത്തരക്കടലാസ് എന്നാണ് എല്ലാവരും പറയുന്നത്. ഉത്തരക്കടലാസില്‍ ഉത്തരം എഴുതത്തില്ലേ? എനിക്കിതുവരെ മനസിലായിട്ടില്ല. ഉത്തരമെഴുതാത്ത കടലാസിന്റെ പേരെന്താ? അതിന്റെ പേര് ഉത്തരക്കടലാസ് എന്നാ? പേപ്പറില്‍ മുഴുവന്‍ വരുന്നത് ഉത്തരക്കടലാസ് എന്നാണ്. ഉത്തരക്കടലാസ് കാണാതെ പോയാല്‍ പ്രശ്‌നം വേറെയാണ്. ഉത്തരക്കടലാസില്‍ ഉത്തരം എഴുതിയിട്ടുണ്ടാകും. അതില്‍ മാര്‍ക്കും ഉണ്ട്. ഉത്തരവും മാര്‍ക്കും ഇല്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാന്‍ പറ്റോ? അതിന് വെറും കടലാസിന്റെ വിലയേ ഉള്ളൂ.”- എ.വിജയരാഘവൻ പറയുന്നു.

യൂണിവേഴ്സിറ്റി വിഷയം ഉൾപ്പെടെ ഉയർത്തി കെഎസ് യു നടത്തി വന്നിരുന്ന സമരത്തെയും കഴിഞ്ഞ ദിവസം എ വിജയരാഘവൻ പരിഹസിച്ചത് വിവാദമായിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഗുരുരതരമായി പരിക്കേൽക്കുകയും എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ പ്രതിചേർക്കപ്പെടുകയും ചെയ്ത യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ വെറും അടിപിടിയെന്നായിരുന്നു എ വിജയരാഘവൻ പരാമർശിച്ചത്. ഇതിന് പിന്നാലെയായിരുന്നു കെ.എസ്.യു സമരത്തേയും സെക്രട്ടേറിയേറ്റ് മതിൽ ചാടിക്കടന്ന് പ്രതിഷേധിച്ച പ്രവർത്തകർക്കും എതിരായ പ്രസ്താവന. കെഎസ്‌യു സമരത്തിൽ പങ്കെടുക്കുന്നത് മീൻകച്ചവടക്കാരും കുറച്ചു വക്കീൽമാരും മാത്രമാണെന്നായിരുന്നു പരാമർശം.

അടിപിടി ഉണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണു സമരം. പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്നത് ഒരു വക്കീലാണ്. അവർ എങ്ങനെ കെഎസ്‌യുവിന്റെ സമരത്തിനെത്തിയതെന്നും ചോദിക്കുന്നു. 30 വയസ്സും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണു കെഎസ്‌യു സമരം നയിക്കുന്നതെന്നും എ വിജയരാഘവൻ ആക്ഷേപിച്ചു. എന്നാൽ ഇടതു പ്രസ്ഥാനങ്ങൾക്കെതിരെ നുണ പ്രചരിപ്പിക്കുന്നവരെ പരസ്യവിചാരണ ചെയ്ത് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും മാധ്യമങ്ങളെ ഉൾ‌പ്പെടെ വിമർശിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, കേന്ദ്ര സര്‍ക്കാർ‌ മുന്നോട്ട് വയ്ക്കുന്ന പുതിയ വിദ്യാഭ്യാസ നയം കോർപ്പറേറ്റുകൾക്ക് വേണ്ടി തയ്യാറാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ കോംപ്ലക്സുകൾ എന്ന ആശയം ഗ്രാമീണ മേഖലയിലെ വിദ്യാലയങ്ങളെ തകർക്കും. ഗുരുകുല വിദ്യാലയങ്ങൾ‌ക്കും മത സ്ഥാപനങ്ങൾക്കും നിയമ സാധുത നൽകുന്നതിലൂടെ വിദ്യാഭ്യാസ രംഗം കാവി വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാൻ അധ്യാപകർ തയ്യാറാവണം. കേന്ദ്രം പൊതുവിദ്യാലയങ്ങളെ തകർക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ രംഗത്തെ ഉന്നത നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

മുഖ്യമന്ത്രിക്കും പരാതി നല്‍കി, പക്ഷേ ഒരു നടപടിയും ഉണ്ടായില്ല; ലാത്തിത്തുമ്പ് കണ്ടാല്‍ മതില്‍ ചാടിയോടുന്നവരാണ് എന്റെ പരിക്കിന്റെ അളവെടുക്കുന്നത്-എല്‍ദോ എബ്രഹാം എം എല്‍ എ/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍