TopTop

പാലക്കാട്ടെ അട്ടിമറിക്ക് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി, പാർട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണവുമായി എം ബി രാജേഷ്

പാലക്കാട്ടെ അട്ടിമറിക്ക് പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി, പാർട്ടിക്കുള്ളിലേക്ക് നീളുന്ന കടുത്ത ആരോപണവുമായി എം ബി രാജേഷ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നേരിട്ട പരാജയത്തിൽ ഗൂഡാലോചന ആരോപിച്ച് സിപിഎം സ്ഥാനാർഥി എംബി രാജേഷ്. ന്യൂനപക്ഷങ്ങളുടെ ഏകീകരണമുണ്ടായി, തിരിച്ചടി ഇത്ര വലുതാവുമെന്ന് പ്രതീക്ഷിച്ചില്ല. അതേസമയം, തന്നെ തോൽപ്പിക്കാൻ മണ്ഡലത്തിൽ ഗൂഢാലോചന നടന്നെന്നും എംബി രാജേഷ് ആരോപിച്ചതായി ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു. പൊതുതിരഞ്ഞെടുപ്പ് ഫലം ഉൾപ്പെടെ പരിശോധിക്കാൻ ഇന്ന് സിപിഎം, സിപിഐ പാർട്ടികളുടെ നേതൃയോഗങ്ങൾ ഉൾപ്പെടെ ചേരാൻ ഇരിക്കെയാണ് എംബി രാജേഷ് നിലപാട് വ്യക്തമാക്കുന്നത്. യോഗത്തിൽ ഈ ആരോപണവും ചർച്ചയാവുമെന്നാണ് വിവരം.

ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ഉയർന്ന ലൈംഗികാരോപണം ഉൾപ്പെടെ കൈകാര്യം ചെയ്ത പാർട്ടി നിലപാടും, ഇതിനെ തുടർന്നുണ്ടായ അഭിപ്രായ ഭിന്നതകളും പാർട്ടിക്ക് തിരിച്ചടി ആയെന്ന വിലയിരുത്തലിന് പിന്നാലെയാണ് തോൽവി സംബന്ധിച്ച ഗൂഡാലോചന ആരോപണവുമായി രാജേഷ് രംഗത്തെത്തുന്നത്. പാർട്ടിക്കുള്ളിലെ പ്രാദേശിക പ്രശ്നങ്ങളും തിരിച്ചടിയായെന്ന് ഫലപ്രഖ്യാപനത്തിന് പിറകെ ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.

ജില്ലയിലെ തന്നെ ഒരു വലിയ സ്വാശ്രയ കോളജ് മേധാവിയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. ഇക്കാര്യം പാർട്ടി അന്വേഷിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുപ്പള്ളശ്ശേരിയിലെ പാർട്ടി ഓഫീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉള്‍പ്പെടെ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷ ഏകീകരണം എന്ന് മാത്രം പറഞ്ഞു പരാജയം എഴുതി തള്ളാൻ കഴിയില്ലെന്നും രാജേഷ് പറഞ്ഞു. എന്നാൽ പാർട്ടിയിലെ പ്രാദേശിക വിഷയങ്ങള്‍ ഉൾപ്പെടെ പരാജയകാരണമായെന്ന് താൻ പറഞ്ഞിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കുന്നു.

അതേസമയം, പ്രമുഖ സ്വാശ്രയകോളേജ് മേധാവിക്കെതിരെ ശക്തമായി ആരോപണം ഉന്നയിക്കുമ്പോൾ അരോപണ ശരങ്ങൾ പരോക്ഷമായെങ്കിലും പികെ ശശിക്കെതിരെ തിരിച്ചു വിടുകയാണ് എം ബി രാജേഷ്. നെഹ്‌റു ഗ്രൂപ്പ് ഉടമ പികെ കൃഷ്ണദാസും പി കെ ശശിയും തമ്മിലുള്ള ബന്ധമാണ് ആരോപണത്തിന് ആധാരമെന്നാണ് വിലയിരുത്തൽ. അടുത്തിടെ പികെ കൃഷ്ണദാസിനെ പിന്തുണച്ച ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് പാമ്പാടി നെഹ്‌റു കോളെജിലെ എസ്എഫ്‌ഐ യൂണിറ്റും ജിഷ്ണുവിന്റെ അമ്മ മഹിജയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയക്കുകയും ചെയ്യുന്നു. മേയ് ആദ്യവാരത്തിലായിരുന്നു ഈ പരാതി.

നെഹ്‌റു മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വാണിയംകുളത്തെ പി കെ ദാസ് മെഡിക്കല്‍ കോളെജില്‍ കഴിഞ്ഞ ദിവസം നടന്ന സി ടി സ്‌കാന്‍ മെഷീന്‍ ഉദ്ഘാടന ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ആരോപണം. ജിഷ്ണു പ്രണോയ് കേസ് പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ പി കൃഷ്ണദാസിനെ പരസ്യമായി ന്യായീകരിക്കുകയും സമരം ചെയ്ത കുടുംബത്തെയും എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയും അപമാനിച്ചെന്നുമായിരുന്നു പരാതി.

എക്സിറ്റ് പോളുകൾ ഉൾ‌പ്പെടെ എൽഡിഎഫിന് വലിയ വിജയം പ്രഖ്യാപിച്ച മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ തവണ എംപി വിരേന്ദ്രകുമാറിനെതിരെ ഒരുലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ രാജേഷ് വിജയിച്ചയിച്ചപ്പോൾ‌ ഇത്തവണ 11637 വോട്ടുകൾക്ക് പരാജയം രുചിക്കുകയായിരുന്നു. പാലക്കാട്. ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ നിയമസഭാ മണ്ഡലങ്ങളിൽ രാജേഷ് മുന്നിലെത്തിയെങ്കിലും പട്ടാമ്പി, പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങളിൽ വി കെ ശ്രീകണ്ഠന്റെ ലീഡിനെ മറികടക്കാൻ ആയിരുന്നില്ല.ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും
Next Story

Related Stories