UPDATES

വാര്‍ത്തകള്‍

ചട്ടലംഘനങ്ങളിൽ നിലപാട് കടുപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ശ്രീധരന്‍പിള്ളക്കെതിരെ നടപടിക്ക് ശുപാര്‍ശ

ശ്രീധരൻ പിള്ളക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറ്റിങ്ങല്ലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ എന്നിവര്‍ക്കെതിരായ പരാതികളിലും നടപടി പുരോഗമിക്കുകയാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

മുസ്ലീം വിഭാഗങ്ങളെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നടപടിക്ക് ശുപാർശ. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യ തിരഞ്ഞെുപ്പ് കമ്മീഷണർ ടിക്കാറാം മീണ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. വിവാദ പ്രസംഗത്തിന്‍റെ പേരിൽ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേസെടുക്കണമെന്ന സിപിഎം നേതാവ് വി ശിവൻ കുട്ടിയുടെ ഹർജിയിൽ ഹൈക്കോടതിയിലും വിശദീകരണം നൽകി. ശ്രീധരൻ പിള്ളക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറ്റിങ്ങല്ലിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍, കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍ എന്നിവര്‍ക്കെതിരായ പരാതികളിലും നടപടി പുരോഗമിക്കുകയാണെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

ശ്രീധരൻ പിള്ളയുടെ നടപടി മുസ്‌ലിംവിരുദ്ധമാണെന്ന ആരോപണവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. എൽഡിഎഫ് ശ്രീധരൻപിള്ളയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം. ‘പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണത്തിലൂടെ ഭീകരരെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യൻ സൈന്യം തിരിച്ചെത്തിയപ്പോഴും രാഹുൽ ഗാന്ധിയും യച്ചൂരിയും പിണറായി വിജയനും മരിച്ചവരുടെ ജാതിയും മതവും വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ഇസ്‌ലാം ആകണമെങ്കിൽ ചില അടയാളമൊക്കെയുണ്ടല്ലോ. വസ്ത്രമൊക്കെ മാറ്റി നോക്കിയാലേ അറിയാൻപറ്റൂ.’ എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമർശം.

അതേസമയം, പ്രസംഗം വിവാദമായതോടെ സംഭവത്തിൽ പ്രതിരോധവുമായി ശ്രീധരൻ പിള്ളയും ബിജെപിയും രംഗത്തെത്തി. പ്രസംഗത്തിലെ വാചകങ്ങൾ അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ബിജെയുടെ നിലപാട്. മതന്യൂനപക്ഷങ്ങൾക്കെതിരെ പ്രസംഗത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു പരാമർശവും ഇല്ലെന്നും ശ്രീധരൻ പിള്ളയും പറയുന്നു.

ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ നടത്തിയ പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടും ജില്ലാ കളക്ടറോടും ടിക്കാറാം മീണ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഏപ്രില്‍ 16-ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്കില്‍ പേജില്‍ നല്‍കിയ ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ആവശ്യം. അതേസമയം, കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പുറത്തിറക്കിയ പ്രചാരണ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണ് നിഗമനമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ‌ പറയുന്നു. ഈ വിഷയത്തില്‍ നിയമാനുസൃത നടപടിയെടുക്കാനും അദ്ദേഹം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ വിവാദ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിന്റെ പേരിൽ വിശദീകരണവുമായി കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ രംഗത്തെത്തി. പ്രചരണ വീഡിയോയിൽ അവൾ എന്ന് പറഞ്ഞിട്ടില്ലെന്നും സ്ത്രീവിരുദ്ധതയില്ലെന്നും അദ്ദഹം ചുണ്ടിക്കാട്ടുന്നു. ഒരു വ്യക്തിയെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞത്. അതിലെ തെറ്റ് എന്താണ്. തനിക്ക് ഒരു ജാഗ്രത കുറവും ഉണ്ടായിട്ടില്ലെന്നും പെണ്ണ് പെണ്ണ് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍