Top

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമത പങ്കെടുത്തേക്കും

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമത പങ്കെടുത്തേക്കും
മേയ് 30ന് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയവൈരികളിലൊരാളായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തേക്കും. സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിക്കും എന്നാണ് മമത ബാനര്‍ജി പറയുന്നത്. മറ്റ് മുഖ്യമന്ത്രിമാരുമായി ഞാന്‍ സംസാരിച്ചു. ഇതൊരു ചടങ്ങാണ് - മമത പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മോദിയേയും ബിജെപിയേയും അധികാരത്തില്‍ നിന്ന് താഴെയിറക്കാനായി ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് സജീവമായി ശ്രമിക്കുകയും ഏറ്റവും ആക്രമണോത്സുക പ്രചാരണം നടത്തുകയും ചെയ്ത നേതാവാണ്് മമത ബാനര്‍ജി. എന്നാല്‍ 2014ലേക്കാള്‍ വലിയ വിജയം നേടി മോദി വീണ്ടും അധികാരത്തിലെത്തുകയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയും മമത18ം തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് നടന്നത്. തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിക്കൊപ്പം ചേരുമെന്ന് മമതയോട് മോദി പറഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെ മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും ഗുണ്ടകള്‍ എന്നാണ് മമത വിളിച്ചത്. ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ഇരു പാര്‍ട്ടികളുടേയും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വ്യാപക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവച്ചിരുന്നു.

ALSO READ: സിപിഎം എംഎല്‍എ ബിജെപി പാളയത്തില്‍; മൂന്ന് തൃണമൂല്‍ എംഎല്‍എമാരും കളം മാറി

എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിച്ചപ്പോള്‍ ഗോസിപ്പ് എകിസ്റ്റ് പോളുകളെ വിശ്വസിക്കുന്നില്ല എന്നും ഇത് വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്താനുള്ള ബിജെപിയുടെ ഗൂഢ പദ്ധതിയുടെ ഭാഗമെന്ന് സംശയിക്കുന്നതായും മമത പറഞ്ഞിരുന്നു. മോദിയെ എക്‌സ്പയറി ബാബു (കാലാവധി തീര്‍ന്നയാള്‍) എന്ന് പറഞ്ഞാണ് മമത പരിഹസിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് വലിയ മുന്നേറ്റമാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയത്. 2014ല്‍ രണ്ട് സീറ്റും 17 ശതമാനം വോട്ടുമുണ്ടായിരുന്ന ബിജെപി ഇത്തവണ അത് 18 സീറ്റും 40 ശതമാനം വോട്ടുമാക്കി ഉയര്‍ത്തി. 34 സീറ്റുണ്ടായിരുന്ന തൃണമൂലിനെ 22ലേയ്ക്ക് ചുരുക്കി. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടിടങ്ങളില്‍ നാലിലും ബിജെപി ജയിച്ചു. തൃണമൂലിന് മൂന്നും കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് കിട്ടിയത്.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണറും മമതയുടെ വിശ്വസ്തനുമായിരുന്ന രാജീവ് കുമാറിനെതിരായ സിബിഐ നടപടികളിലടക്കം മമത മോദിയുമായി കൊമ്പ് കോര്‍ത്തു. എന്നാല്‍ സുപ്രീം കോടതിയില്‍ നിന്നു മമതയ്ക്ക് തിരിച്ചടിയാണുണ്ടായത്. വന്‍ ഭൂരിപക്ഷത്തിലാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ രണ്ടാം വരവ്. 303 സീറ്റ് ഇത്തവണ ബിജെപിക്കുണ്ട്. തീര്‍ച്ചയായും ബിജെപിയുടെ ഭാഗത്ത് നിന്ന് മമതയ്ക്ക് നേരെ കൂടുതല്‍ ശക്തമായ പ്രതികാര നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ബംഗാളില്‍ തൃണമൂലിന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ മമത ബാനര്‍ജി രാജി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജി വയ്ക്കാമെന്ന് താന്‍ പറഞ്ഞെങ്കിലും രാജി പാര്‍ട്ടി അംഗീകരിച്ചില്ല എന്നാണ് മമത പറയുന്നത്.

മൂന്ന് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് കൂറ് മാറിയ വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. 50ലധികം തൃണമൂല്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ ബിജെപിയിലേയ്ക്ക് മാറിയിരുന്നു. നിയമസഭ മണ്ഡലങ്ങള്‍ വച്ച് നോക്കുമ്പോള്‍ 143 സീറ്റില്‍ തൃണമൂല്‍ പിന്നില്‍ പോയി എന്നാണ് ബിജെപി നേതാവും മുന്‍ തൃണമൂല്‍ നേതാവുമായ മുകുള്‍ റോയ് പറഞ്ഞത്. ഇവരുമായി ബിജെപി ചര്‍ച്ച നടത്തുന്നുണ്ട് എന്നും മുകുള്‍ റോയ് പറഞ്ഞിരുന്നു. 2021ല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ എംഎല്‍എമാരെ തൃണമൂല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചേക്കാം. സിപിഎം എംഎല്‍എ ദേവേന്ദ്ര റോയ് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. നേരത്തെ മറ്റൊരു സിപിഎം എംഎല്‍എ ആയിരുന്ന ഖഗന്‍ മുര്‍മു ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Next Story

Related Stories