UPDATES

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കാം, കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവിന് ഇത്തവണ കഴിഞ്ഞ തവണത്തേതില്‍ നിന്നും കുറവുണ്ടാകില്ല.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായി പരിണമിക്കാന്‍ ഇടയുണ്ട്. ഇതോടെ കേരളത്തില്‍ മഴ ശക്തമാകും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

ജൂണ്‍ ഒന്‍പതിന് തെക്കു പടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.

10ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണ്ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടവപ്പാതി എത്തിയെങ്കിലും സംസ്ഥാനത്ത് ഇതുവരെ കാര്യമായ മഴ ലഭിച്ചുതുടങ്ങിയിട്ടില്ല. തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. തെക്കന്‍ ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലകള്‍ ഇപ്പോഴും വരണ്ട അവസ്ഥയില്‍ തന്നെ തുടരുകയാണ്. വരുന്ന 48 മണിക്കൂറില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിച്ചിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും ഇടിമിന്നലിനും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവിന് ഇത്തവണ കഴിഞ്ഞ തവണത്തേതില്‍ നിന്നും കുറവുണ്ടാകില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പ്രളയം ഇത്തവണ ആവര്‍ത്തിക്കാനുള്ള സാധ്യതയില്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍