TopTop

കടത്തിയത് 1000 കിലോയിലധികം സ്വർണം, നികുതിയിനത്തിൽ മാത്രം നഷ്ടം 35 കോടിയിലധികം; ബാലഭാസ്കറിന്റ മരണം വിരൽ ചൂണ്ടുന്നത് വൻ റാക്കറ്റിലേക്ക്?

കടത്തിയത് 1000 കിലോയിലധികം സ്വർണം, നികുതിയിനത്തിൽ മാത്രം നഷ്ടം 35 കോടിയിലധികം; ബാലഭാസ്കറിന്റ മരണം വിരൽ ചൂണ്ടുന്നത് വൻ റാക്കറ്റിലേക്ക്?
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി രണ്ടുവര്‍ഷത്തിനിടെ നികുതി വെട്ടിച്ച് 1000 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) കണ്ടെത്തൽ. അടുത്തിടെ വിമാനത്താവളത്തിൽ നിന്നും 25 കിലോ സ്വർണം പിടികൂടിയതിന് പിന്നാലെയാണ് യാത്രാവിവരങ്ങള്‍ പരിശോധിച്ചതിൽ നിന്നും മാത്രം ഡിആർഐ ഈ നിഗമനത്തില്‍ എത്തിയത്. ഇതില്‍ ഉള്‍പ്പെട്ട 45 സ്ത്രീകള്‍ നിരീക്ഷണത്തിലാണ്. നികുതിയിനത്തില്‍ മാത്രം 35 കോടി രൂപയാണ് സ്വര്‍ണക്കടത്തുകാര്‍ സ്വന്തമാക്കിയത്. എന്നാൽ സംഭവത്തിൽ അറസ്റ്റിലായ ചിലരുടെ പശ്ചാത്തലം ആരോപണങ്ങൾക്ക് പുതിയ മാനം നല്‍കുകയായിരുന്നു.

അഭിഭാഷകർ, സ്ത്രീകൾ എന്നിവരുൾപ്പെട്ട സംഘമാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലും പിടിയിലുമുള്ളത്. ഇതിന് പുറമെയാണ് ഡിആർഐ പിടിയിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവർ. വാഹനാപകടത്തിൽ മരിച്ച ബാലഭാസ്കറിന്റെ അടുത്ത സഹായികളായിരുന്നു ഇവർ.  ഇതോടെ ബാലഭാസ്കറിന്റെ പ്രശസ്തിയും വിദേശ പര്യടനങ്ങളും സ്വർണക്കടത്തിന് ഉപയോഗിച്ചിരുന്നെന്ന സംശയവും ഉയരുകയാണ്. പ്രമുഖർ ഉള്‍പ്പെട്ട വൻ റാക്കറ്റാണ് തിരുവനന്തപുരം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്തിന് പിന്നിലെന്ന് ഇതിനോടകം സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ  ഗൗരവം കണക്കിലെടുത്ത് തന്നെയാണ് കള്ളക്കടത്ത് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് മുതിർന്നതും.

അറസ്റ്റിലായ സെറിന മാത്രം 50 കിലോയിലധികം സ്വർണം കടത്തിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. ടിക്കറ്റിന് പുറമെ രണ്ടായിരം ദിർഹമായിരുന്നു പ്രതിഫലം. പിടിയിലായ മിക്ക കടത്തുകാരും ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും ഗൗണുകളിലും അറയുണ്ടാക്കിയുമാണ് സ്വര്‍ണം കടത്തിയത്. ഇത്തരം മാർഗങ്ങൾ പിടിക്കപ്പെട്ടതോടെയാണ് ഹാന്‍ഡ് ബാഗിനുള്ളില്‍ കടത്തുന്ന രീതി പരീക്ഷിച്ചത്. ഇതോടെ സ്ത്രീകളെയും ഇതിനായി കൂടുതൽ ഉപയോഗിക്കുകയായിരുന്നു. കടത്തിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നെന്നതിന് തെളിവാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റുൾപ്പെടെയുള്ള സംഭവങ്ങൾ.

എന്നാൽ ഇതിനിടയിൽ ദുരൂഹമായി അവശേഷിക്കുന്നത് ബാലഭാസ്കറിന്റെ അപകടമരണമാണ്. അപകടവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉയർത്തിയ ആരോപണങ്ങൾ, സാമ്പത്തിക ഇടപാട് സംബന്ധിച്ച സംശയങ്ങൾ എന്നിവ വീണ്ടും ചർച്ചയിൽ‌ വരുകയും ചെയ്യുന്നു.  ബാലഭാസ്കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാൽ കഴിഞ്ഞ ദിവസം കുറിച്ച് പോസ്റ്റുകളിലും ഇത്തരം നിരവധി സൂചനകളാണ് നൽകുന്നത്. ബാലഭാസ്കറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്ക് നേരത്തെ തന്നെ സംശയത്തിന്റെ മുനകൾ നീണ്ടിരുന്നത് വീണ്ടും ഉയരുകയാണ് പുതിയ സാഹചര്യത്തിൽ.

പ്രകാശന്‍ തമ്പിയും വിഷ്ണുവും തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതികളായപ്പോഴാണ് ബാലഭാസ്‌കറിന്റെ മരണവും സംശയത്തിലാകുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പേരും ഉയരുന്നതിലെ ഞെട്ടലിലാണ് അച്ഛന്‍ കെ സി ഉണ്ണി. മാധ്യമങ്ങള്‍ക്ക് അറിയുന്നതില്‍ കൂടുതലൊന്നും തനിക്കറിയില്ല. ബാലു ഒരിക്കലും അത്തരമൊരു സാഹചര്യത്തില്‍ ഇടപെടില്ല. കാരണം അവന് അതിന്റെ ആവശ്യമില്ല. മുന്നേ അറിഞ്ഞിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും ഇവരുമായുള്ള ബന്ധം വിച്ഛേദിച്ചേനെ എന്നും പിതാവ് പറയുന്നു.

ഇതിന് പിറകെയാണ് ബന്ധു പ്രിയ വേണുഗോപാലിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ വെളിപ്പെടുത്തൽ. പാലക്കാടും മറ്റുമായി ലക്ഷങ്ങൾ ആരുടെയൊക്കെയോ ബിസിനസ്സിൽ ബാലഭാസ്കർ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. പാലക്കാട്ടെ കുടുംബത്തിലെ മകന്റെ പഠനാവശ്യങ്ങൾക്കായി വേറെയും ലക്ഷങ്ങൾ. കൂടെയുള്ള മറ്റൊരു കക്ഷിക്ക് "അപ്പം മെഷീൻ" ബിസിനസിന് വേറെ 15 ലക്ഷം. ഈ കക്ഷിയാണ് ഇപ്പോൾ കേസിലുള്ള വിഷ്ണു എന്നും പ്രിയ പറയുന്നു. ഇവരെ ബാലഭാസ്കർ അതിയായി വിശ്വസിച്ചിരുന്നതായും പ്രിയ പറയുന്നു. ഇത്രയും കാലമായി തഞങ്ങൾ കരുതിയിരുന്നതിനും അപ്പുറമാണ് യാഥാർഥ്യം എന്ന് ഇപ്പോള്‍ തിരിച്ചറിയുകയാണ്. സത്യം എന്തായാലും അത് പുറത്തു വരട്ടെ എന്നും പ്രിയ പറയുന്നു.

അപകടസമയത്ത് ബാലഭാസ്കറിനൊപ്പം ഉണ്ടായിരുന്ന അർജ്ജുൻ പാലക്കാട്ടെ സ്ത്രീയുടെ സഹോദരന്റെ മകനാണ് ഇക്കാര്യം ആ സമയത്ത് ആരും ചർച്ച ചെയ്തില്ല. കൂടാതെ അപകട സമയത്ത് ലക്ഷ്മിയുടെ ബാഗിൽ ഉണ്ടായിരുന്ന കുറെയധികം പണവും സ്വർണാഭരണങ്ങളും ആരുടേതെന്നത് വ്യക്തമല്ല. ക്ഷേത്ര ദർശനത്തിനായാണ് പോയതെങ്കിൽ ഒരു ദിവസത്തെ യാത്രയിൽ എന്തിനാണ് ഇത്രയും സ്വർണം കൈവശം വച്ചത്. ഈ സ്വർണത്തിനു ഇപ്പോഴത്തെ ഈ കള്ളക്കടത്തു കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടുന്നു.

ആക്സിഡന്റ് നടന്നപ്പോൾ മുതൽ നടന്ന പലകാര്യങ്ങളിലും ഞങ്ങൾക്ക് ഏറ്റവുമധികം സംശയം തോന്നിയിരുന്നു. പലതവണ വാക്തർക്കങ്ങൾപോലും നടത്തേണ്ടി വന്ന 2 വ്യക്തികൾ. അവരാണ് ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാവുന്ന സ്വർണക്കള്ളക്കടത്തുകേസിലെ പ്രതികളായി പോലീസിന്റെ വലയിലായിരിക്കുന്നത്. ഇക്കാര്യങ്ങൾ തിരിച്ചറിയുമ്പോൾ തങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ പറയേണ്ട ബാധ്യത ബാലഭാസ്കറിന്റെ സഹോദരങ്ങൾ എന്ന നിലയിൽ ഞങ്ങൾക്കുണ്ടെന്നും പ്രിയ പറയുന്നു.

‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു

Next Story

Related Stories