ആദ്യ മന്ത്രിസഭ യോഗത്തില്‍ കര്‍ഷകരും വ്യാപാരികളുമടക്കമുള്ള വിഭാഗങ്ങള്‍ക്ക് നല്കിയ മൂന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള തീരുമാനമെടുത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍. കര്‍ഷകര്‍ പ്രതിവര്‍ഷം 6000 രൂപ ധന സഹായം നല്‍കാനുള്ള തീരുമാനം കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കാബിനറ്റ് യോഗത്തില്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള പെന്ഷന് പദ്ധതികളും പ്രഖ്യാപിച്ചു. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിധി എടുത്തുമാറ്റി. ഇതോടെ രണ്ട് കോടി പേര്‍ക്ക് കൂടി ഇതിന്റെ ഗുണം ലഭിക്കും. 14.5 കോടി വരെ ഗുണഭോക്താക്കള്‍ പദ്ധതിക്കുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുക്കിയ പിഎം കിസാന്‍ (പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി) പദ്ധതി ചിലവ് 2019-20 സാമ്പത്തിക വര്‍ഷം പദ്ധതി 87,217.50 കോടി രൂപയായിരിക്കും. നേരത്തെ ഇടക്കാല ബജറ്റില്‍ 75,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. കര്‍ഷര്‍ക്കുള്ള പണ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തിക്കും.
കര്‍ഷകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ള വ്യാപാരികള്‍ക്കും പങ്കാളിത്ത പെന്ഷന് പദ്ധതി - പ്രധാന്‍മന്ത്രി കിസാന്‍ പെന്ഷന് യോജന നടപ്പാക്കും. കര്‍ഷകര്‍ നിക്ഷേപിക്കുന്നതിന് തുല്യമായ തുക സര്‍ക്കാര്‍ നിക്ഷേപിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും. കടയുടമകളും സ്വയംതൊഴില്‍ ചെയ്യുന്നവരും 1.5 കോടിയില്‍ താഴെ ജിഎസ്ടി വിറ്റുവരവുള്ള ചില്ലറ വ്യാപാരികളും പദ്ധതിയുടെ ഭാഗമാകും. ഇനിയും ഗുണഭോക്താക്കളുടെ പട്ടിക നല്‍കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് കൃഷി മന്ത്രി പറഞ്ഞു.
ദേശീയ പ്രതിരോധ ഫണ്ടിൽ നിന്ന് രക്തസാക്ഷികളുടെ മക്കൾക്ക് നൽകുന്ന സ്കോളർഷിപ്പ് തുക ഉയർത്തുന്ന ഉത്തരവിലാണ് പ്രധാനമന്ത്രി മോദി ഇത്തവണ ആദ്യം ഒപ്പുവച്ചത്. ഇതോടെ ഇനി മുതൽ പെൺകുട്ടികൾക്ക് 3000 രൂപയും ആൺകുട്ടികൾക്ക് 2500 രൂപയുമാണ് സ്കോളർഷിപ്പായി ലഭിക്കുക.
നേരത്തെ, പെൺകുട്ടികൾക്ക് 2250 രൂപയും ആൺകുട്ടികൾക്ക് 2000 രൂപയുമായിരുന്ന സ്കോളർഷിപ്പാണ് വർധിപ്പിച്ചത്. ഇതിന് പുറമെ തീവ്രവാദികളുടെയോ, നക്സലുകളുടെയോ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരുടെ ആശ്രിതർക്കുള്ള തുകയിലും വർധന വരുത്തിയിട്ടുള്ളത്. 500 രൂപയാണ് ഇതിൽ വർദ്ധിപ്പിച്ചിട്ടുള്ളത്.