ന്യൂസ് അപ്ഡേറ്റ്സ്

വഴിതെറ്റിക്കാൻ പലരും ശ്രമിക്കും; തെറ്റായ ശീലങ്ങളിൽ പുതിയ ജീവനക്കാര്‍ വീഴരുത്: ടോമിൻ തച്ചങ്കരി

പിഎസ്‌സി വഴി നിയമനംകിട്ടിയവർ കാര്യക്ഷമത ഉള്ളവരാണെന്ന ജനങ്ങളുടെ വിശ്വാസത്തെ മാനിക്കണം.

കെഎസ്ആര്‍ടിസിയില്‍ നിയമിക്കപ്പെടുന്ന പുതിയ ജീവനക്കാർ മുൻപുള്ളവർ തെളിച്ച വഴിയിലൂടെ പോവരുതെന്ന് എംഡി ടോമിൻ തച്ചങ്കരി. പഴയ തെറ്റായ ശീലങ്ങളില്‍ പുതിയ ജീവനക്കാര്‍ വീഴരുത്. അങ്ങനെയാണെങ്കില്‍ ജോലിയില്‍നിന്നു മാറിനില്‍ക്കാം. വഴി തെറ്റിക്കാൻ പലരും ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ജീവനക്കാർക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്‌സി വഴി നിയമനംകിട്ടിയവർ കാര്യക്ഷമത ഉള്ളവരാണെന്ന ജനങ്ങളുടെ വിശ്വാസത്തെ മാനിക്കണം. ഏഴരക്കോടിയാണ് കഴിഞ്ഞ ദിവസത്തെ കോര്‍പ്പറേഷന്റെ വരുമാനം. ഇത് വർധിച്ചാൽ പുതിയ ജീവനക്കാരിൽ ജനങ്ങൾ മതിപ്പ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജോലി നേടുന്നവർ കെഎസ്ആർടിസിയെ സത്രമായി കണക്കാക്കരുതെന്നും തച്ചങ്കരി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ചേര്‍ന്നതിന് ശേഷം ജോലി വിട്ടു പുതിയ ജോലിക്കു പോകാന്‍ നോക്കരുത്. പുതുതായി ജോലിക്ക് കയറുന്ന കണ്ടക്ടര്‍മാര്‍ ഒരു മാസം കഴിഞ്ഞ് വേറേ ജോലിക്ക് പോകും എന്നാണ് എംപാനല്‍ ജീവനക്കാരുടെ വാദം. വേറെ ജോലിക്ക് പോകുന്നവർക്ക് തല്‍ക്കാലം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് തരില്ല. കെഎസ്ആര്‍ടിസി പണം മുടക്കി കണ്ടക്ടര്‍മാര്‍ക്ക് എല്ലാ പരിശീലനവും നല്‍കിയശേഷം വേറെ ജോലിതേടി പോകുന്നതാണ് ഉദ്യോഗസ്ഥരുടെ പതിവ്. ചുരുങ്ങിയതു മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്യാന്‍ തയാറാകാത്തവര്‍ കെഎസ്ആര്‍ടിസിയിലേക്ക് വരേണ്ടതില്ല. വേണ്ടിവന്നാൽ കണ്ടക്ടർമാർക്ക് ബോണ്ട് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.

ജീവനക്കാര്‍ കൂടെ നിന്നാല്‍ സ്ഥാപനത്തെ ലാഭത്തിലാക്കിമാറ്റാം എന്ന് വിശ്വാസമുണ്ട്. ജോലി ആനന്ദകരമാകണം. സ്ഥാപനത്തില്‍ കയറിയശേഷം ജോലി ചെയ്യാതിരിക്കാന്‍ കഴിയില്ല. ജോലി ആസ്വദിക്കണം. കെഎസ്ആര്‍‌ടിസി പ്രതിസന്ധിയിലാണ്. സഹിച്ചു മടുത്തതുകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും തച്ചങ്കരി പറയുന്നു. സാമ്പത്തിക സഹായം സര്‍ക്കാരില്‍നിന്ന് ഇനി പ്രതീക്ഷിക്കണ്ട. ഖജനാവില്‍ പണമില്ലെന്നും തച്ചങ്കരിപറയുന്നു. നന്നായി സഹരകരിച്ചാൽ ഒരു വര്‍ഷം കൊണ്ട് ഈ സ്ഥാപനം മാറും. അങ്ങനെ മാറണമെങ്കില്‍ ജീവനക്കാര്‍ കാര്യക്ഷതയുള്ളവരാകണമെന്നും എംഡി പുതിയ ജീവനക്കാരോട് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍