TopTop

ദേശീയപാത വിവാദം; തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിന്, തോമസ് ഐസക് മാപ്പുപറയണമെന്ന് പി എസ് ശ്രീധരൻ പിള്ള

ദേശീയപാത വിവാദം; തന്നെ ക്രൂശിച്ചത് ചെയ്യാത്ത കുറ്റത്തിന്, തോമസ് ഐസക് മാപ്പുപറയണമെന്ന് പി എസ് ശ്രീധരൻ പിള്ള
കേരള മുഖ്യമന്ത്രിയും ധനമന്ത്രിയും തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ കള്ളമാണെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന നടപടിയാണ് ഇവരുടെതെന്നും പിള്ള കുറ്റപ്പെടുത്തി. ദേശീയപാത വികസന വിഷയത്തിൽ തനിക്കെതിരെ തോമസ് ഐസക്ക് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ ക്രൂശിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല എന്നാൽ തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട കേരള ധനമന്ത്രി മാപ്പുപറയാൻ തയ്യാറാവണമെന്നും അദ്ദേഹം പ്രതികരിച്ചു. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കാര്യം ജനങ്ങളോട് പറയുന്നതിന് മുൻപ് ബന്ധപ്പെട്ട മന്ത്രാലത്തോട് ചോദിക്കണമായിരുന്നു. പരസ്പരം ബന്ധപ്പെടുന്നതാണ് രാജ്യത്തെ ജനാധിപത്യ സംവിധാനം. പാർട്ടി നേതൃത്വം പറയുകയും സർക്കാർ അനുസരിക്കുകയും ചെയ്യുന്ന സംവിധാനം ജനാധിപത്യത്തിലില്ല. ഇത് സോവിയറ്റ് റഷ്യയോ ചൈനയോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയും ധനമന്ത്രിയും തന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. തന്നെയും പാർട്ടിയെ മോശമാക്കാനാണ് ശ്രമിച്ചത്. അല്ലാതെ പ്രശ്നം പരഹരിക്കാനുള്ള ശ്രമങ്ങൾ കേരള സർക്കാർ നടത്തിയില്ല. വിവാദം ഉണ്ടായതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വവും സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിയും വിഷയം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ബോധിപ്പിക്കാൻ ശ്രമിച്ചു. ഇതിന്റെ ഫലമായാണ് ഇപ്പോൾ നിർദേശം റദ്ദാക്കിയിട്ടുള്ളത്. ഈ ഇടപെടൽ പോലും നടത്താൻ സർക്കാര്‍ മുതിർന്നില്ലെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി റദ്ദാക്കിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതിന് പിറകെയാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് വിജ്ഞാപനം റദ്ദാക്കുന്നതെന്നും ഗഡ്കരി അറിയിച്ചു. കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് മന്ത്രി അറിയിച്ചു. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കലാണ് വെല്ലുവിളിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനോടും ഗഡ്കരി ഇക്കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

ദേശീയ പാതാ വികസനത്തില്‍ നിന്നും കേരളത്തെ ഒഴിവാക്കിയ നടപടി ബിജെപി അധ്യക്ഷന്റെ ഇടപെടല്‍ മൂലമാണെന്നും അത് അദ്ദേഹത്തിന്റെ സാഡിസ്റ്റ് നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ എല്ലാകാലവും ഗതാഗത കുരുക്കില്‍പെട്ട് കഴിയട്ടെ എന്ന തോന്നലാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.






Next Story

Related Stories