Top

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ചെറിയ പനിമാത്രമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; ചെറിയ പനിമാത്രമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
എറണാകുളത്ത് നിപ ബാധ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. യുവാവിന് ഇപ്പോഴുള്ളത് ചെറിയ പനിമാത്രം. ബോധമുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതിനിടെ ഇന്ന് പരിശോധനയ്ക്ക് അയച്ച 4 സാംപിളുകളിൽ കുഴപ്പമില്ലെന്നാണ് നിഗമനമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ 7 പേർ ഐസ്വലേഷന്‍ വാർഡില്‍ നിരീക്ഷണത്തിൽ ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളം ജില്ലയിലുൾപ്പെടെ നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയെമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതിനിടെ, നിപ രോഗിയുമായ സമ്പര്‍ക്കം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തു. ഇതോടെ മൊത്തം പട്ടിക 314 ആയി. പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന റിബാവറിന്‍ ആവശ്യത്തിന് ജില്ലയില്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. സാമ്പിള്‍ അയക്കുന്നതിനുള്ള വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയം രോഗികളെയും രോഗബാധ സംശയിക്കുന്നവരെയും പരിചരിക്കുമ്പോള്‍ ആവശ്യമായ എന്‍95, 3 ലെയര്‍ മാസ്‌ക്കുകള്‍ എന്നിവയും ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിപയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ ഉൾപ്പെടെ നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ബുധനാഴ്ച രാവിലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ വ്യക്തമാക്കി. നിപ ബാധിച്ച രോഗിയുടെ ഇപ്പോഴത്തെ ആരോഗ്യ അവസ്ഥ സ്റ്റേബിള്‍ ആയിത്തന്നെ തുടരുകയാണെന്നും രോഗി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ചികിത്സ നടത്തുന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

അതിനിടെ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം ഇന്നു നിപ രോഗിയുടെ സ്വദേശമായ പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ,.ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ബുധനാഴ്ച്ച ജില്ലയില്‍ എത്തിച്ചേരുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. കോള്‍ സെന്ററുകളില്‍ ആരോഗ്യ സംബന്ധിയായ ബന്ധപ്പെട്ട് 372 കോളകള്‍ എത്തിയെ വിവരവും കളക്ടര്‍ പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനില്‍ പറയുന്നുണ്ട്. കോള്‍സെന്ററിലേക്ക് നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാം.




Next Story

Related Stories