‘ഞങ്ങളുടെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല, എന്തും നേരിടും’: ചരിത്ര സമരവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അവര്‍ മടങ്ങി

മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ വിശുദ്ധ ഗ്രന്ഥം നല്‍കിയ കരുത്തിലാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്.

തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതിതേടി 14ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ സമരത്തിനായി കൊച്ചിയിലെത്തിയത്. എന്നാല്‍ ഇന്ന് സമരം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ അവരുടടെ കണ്ണുകളില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടമായിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധനേടിയ നേടിയ സമരം അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിലാധ്യമായി കത്തോലിക്ക സഭയുടെ പരമോന്നത പുരോഹിതരിലൊരാള്‍ പോലീസ് കസ്റ്റഡിയിലാണ്.

നീതിതേടി തങ്ങള്‍ നടത്തിയ സമരത്തിന് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞപ്പോള്‍ പോരാട്ടത്തിലൂടെ ശക്തരായി മാറിയിരുന്ന ആ കന്യാസ്ത്രീകളുടെ കണ്ണുകള്‍ വീണ്ടും ഈറന്‍ അണിഞ്ഞിരുന്നു. അവര്‍ പറഞ്ഞു- എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടാണ് സമരത്തിനിറങ്ങിയത്. എന്നാല്‍ ലഭിച്ച ബഹുജന പിന്തുണ കരുത്തേകി.

ഇപ്പോള്‍ തങ്ങള്‍ക്ക് ഭയമില്ല. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയക്കുന്നില്ല. സംരക്ഷിക്കേണ്ട സഭയാണ് തങ്ങളെ തള്ളിപ്പറഞ്ഞത്. സമരത്തിന്റെ പേരില്‍ സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. അത്തരമൊരു ധൈര്യത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ വിശുദ്ധ ഗ്രന്ഥം നല്‍കിയ കരുത്തിലാണ് ഇത്രയും നാള്‍ പിടിച്ചു നിന്നത്. കന്യാസ്ത്രീകള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ നന്ദി പറഞ്ഞുകൊണ്ട് വ്യക്തമാക്കി.

ഇനിയുള്ള തങ്ങളുടെ ഭാവിയെ കുറിച്ച് അറിയില്ല. എന്നാല്‍ തങ്ങള്‍ തിരുവസ്ത്രത്തില്‍ തന്നെ തുടരും. സഭയ്ക്ക് എതിരായിരുന്നില്ല ഒരിക്കലും തങ്ങളുടെ പോരാട്ടം. സഭയിലെ ബിഷപ്പ് ഫ്രാങ്കോയെ പോലുള്ള പീഡകര്‍ക്കെതിരായിരുന്നു. അത് ഇനിയും തുടരും അവര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തെന്ന സൂചനകള്‍ ലഭിച്ചത്. ഇതോടെ സമരപന്തല്‍ ആഹ്‌ളാദത്തിലേക്ക് നീങ്ങി. എന്നാല്‍ വൈകിയും ഔദ്യോഗിക പ്രഖ്യാപനം വരാത്തത് അശങ്കകള്‍ക്ക് വഴിവച്ചു. ഇതോടെ കാത്തിരിപ്പായിരുന്നു. സാധാരണ വൈകീട്ട ്അഞ്ചോടെ കുറുവിലങ്ങാട്ടേക്ക് മടങ്ങിയിരുന്ന കന്യാസ്ത്രീകള്‍ 6-30 വരെ പന്തലില്‍ കാത്തിരുന്നു. തീരുമാനം വീണ്ടും വൈകിയതോടെ സമരം തുടരാന്‍ തീരുമാനിച്ച് മടങ്ങുകയായിരുന്നു. സിസ്റ്റേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ സമരപന്തലില്‍ തുടര്‍ന്നു. എന്നാല്‍ രാത്രിയോടെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായി.

ബിഷപ്പിന്റെ അറസ്റ്റ് വാര്‍ത്തയ്ക്ക് ശേഷം പുലര്‍ന്ന ശനിയാഴ്ച രാവിലെ കൊച്ചിയിലെത്തിയ കന്യാസ്ത്രീകള്‍ക്ക് ലഭിച്ചത് വന്‍ സ്വീകരണമായിരുന്നു. നൂറുകണക്കിന് പേരാണ് ഇവരെ സ്വീകരിക്കാന്‍ സമരപന്തലിലെത്തിയത്. ഇതിനിടെ ഒരുവശത്ത് ബിഷപ്പിന്റെ നിയമ നടപടികള്‍ പുരോഗമിക്കുകയായിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം സമരം അവസാനിപ്പിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ സമരം അവസാനിപ്പിച്ച് 2.20 ഓടെ കന്യാസ്ത്രീകള്‍ വീണ്ടും കുറുവിലങ്ങാട്ടേക്ക് മടങ്ങി. കേരളത്തിലെ വലിയൊരു വിഭാഗത്തിന്റെ മനം കവര്‍ന്ന പോരാട്ടം നടത്തിയായിരുന്നു ആ മടക്കം. തികഞ്ഞ ആത്മവിശ്വാസത്തോടെ.

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍