TopTop

സഭാതർക്കം: ഒരാഴ്ച മോർച്ചറിയിൽ സൂക്ഷിച്ച വയോധികയുടെ മൃതദേഹം സെമിത്തേരിക്ക് പുറത്ത് സംസ്കരിക്കുന്നു, ഒരുക്കങ്ങളുമായി പോലീസും റവന്യൂ വകുപ്പും

സഭാതർക്കം: ഒരാഴ്ച മോർച്ചറിയിൽ സൂക്ഷിച്ച വയോധികയുടെ മൃതദേഹം സെമിത്തേരിക്ക് പുറത്ത് സംസ്കരിക്കുന്നു, ഒരുക്കങ്ങളുമായി പോലീസും റവന്യൂ വകുപ്പും
ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തെ തുടർന്ന വൈകിയ കായംകുളം ഭരണിക്കാവ് മഞ്ഞാടിത്തറ കോട്ടയില്‍ മറിയാമ്മ ഫിലിപ്പിന്റെ സംസ്കാരം അൽപസമയത്തിനകം നടക്കും. കഴിഞ്ഞ ഒരാഴ്ചയായി മോർച്ചറിൽ തുടർന്നിരുന്ന മറിയാമ്മയുടെ മൃതദേഹം ശ്മശാനത്തിന് സമീപത്തുള്ള സ്ഥലത്ത് സംസ്കരിക്കാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഇതിനായുള്ള ചടങ്ങുകൾ ആരംഭിച്ചതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പോലീസ് റവന്യു വകുപ്പുകളുടെ നേതൃത്വത്തിലാണ് സംസ്കാരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍പ്പെട്ട് അന്ത്യകര്‍മങ്ങളടക്കം മുടങ്ങിപ്പോകുന്ന സംഭവങ്ങളുടെ അവസാനത്തെ ഉദാഹരണമായിരുന്നു മറിയാമയുടേത്.  കായംകുളം കാദീശ യാക്കോബായ ഇടവക അംഗമായ മറിയാമ (84) ജൂലായ് നാലിനായിരുന്നു മരിച്ചത്. കാദീശ ഓർത്തഡോക്സ് ഇടവകയുടെ കൈവശത്തിലുള്ള സെമിത്തേരിയിലാണ് ഇവരുടെ ശവസംസ്കാരം  നടത്തേണ്ടത്. കായംകുളം കാദീശാ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയില്‍ മറിയാമ്മയെ സംസ്‌കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. ഭർത്താവ് ഗീവർഗീസ് ഫിലിപ്പിൻറെ കല്ലറയും ഈ സെമിത്തേരിയിലാണ്.

എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയുടെ സെമിത്തേരിയില്‍ അടക്കം ചെയ്യണമെങ്കില്‍, യാക്കോബായ വിശ്വാസപ്രകാരമുള്ള പ്രാര്‍ത്ഥനയോ ശുശ്രൂഷകളോ അനുവദിക്കാനാകില്ലെന്നും, യാക്കോബായ വൈദികന് അന്ത്യകര്‍മങ്ങള്‍ ചെയ്യാനാകില്ലെന്നുമാണ് പള്ളി വികാരികളുടെ പക്ഷം. കാദീശാ പള്ളിയുടെ പരമാധികാരം മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കാണ് എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. രണ്ട് സഭയും രണ്ട് പള്ളിയും ഒരു സെമിത്തേരിയുമായതാണ് വർഷങ്ങളായി ഇവിടെ തർക്കത്തിന് കാരണം.

കാലങ്ങളായി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരേ സെമിത്തേരിയാണ് ഉപയോഗിച്ചു വരുന്നത്. കാദീശാ പള്ളിയിലെ ഈ സെമിത്തേരിയുടെ അവകാശം 1934ലെ ഭരണഘടന പ്രകാരം പൂര്‍ണമായും ഓര്‍ത്തഡോക്‌സ് സഭയ്ക്കാണെന്നിരിക്കേ, 2013 ലെ സഭാതര്‍ക്ക കേസിനു ശേഷം ഓരോ മരണം സംഭവിക്കുമ്പോഴും ഹൈക്കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് യാക്കോബായ വിഭാഗക്കാര്‍ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചിരുന്നത്. എന്നാല്‍, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പരമാധികാരമുള്ള പള്ളിയിലെ കര്‍മങ്ങളെല്ലാം ഓര്‍ത്തഡോക്‌സ് വൈദികര്‍ തന്നെ നടത്തട്ടെ എന്ന നിലപാട് ഹൈക്കോടതിയും എടുത്തതോടെയാണ് മറിയാമ്മ ഫിലിപ്പിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായത്. യാക്കോബായ വിശ്വാസിയായ മറിയാമ്മയുടെ അന്ത്യശുശ്രൂഷകള്‍ യാക്കോബായ പുരോഹിതര്‍ തന്നെ നടത്തണം എന്ന നിലപാടിലാണ് മക്കളും ബന്ധുക്കളും. തര്‍ക്കം മുറുകിയതോടെ മറിയാമ്മയുടെ മൃതദേഹം കഴിഞ്ഞ ഒരാഴ്ചക്കാലമായി മോര്‍ച്ചറിയിൽ സൂക്ഷിക്കേണ്ട അവസ്ഥ വരികയായിരുന്നു.

‘മരിച്ചവരെ റോഡില്‍ കളയാനൊക്കുമോ?’; മറിയാമ്മ ഫിലിപ്പ് മരിച്ചിട്ട് ഒരാഴ്ച, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍പ്പെട്ട് മൃതദേഹം മോര്‍ച്ചറിയില്‍

Next Story

Related Stories