UPDATES

ട്രെന്‍ഡിങ്ങ്

ഗുരുവായൂർ ദർശനത്തിന് നരേന്ദ്ര മോദി, വയനാട്ടിലെ വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി; എന്തുകൊണ്ട് ഈ സന്ദര്‍ശനങ്ങള്‍ കേരളത്തിന് പ്രധാനമാണ്

പൊതു തിരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ത്ത രണ്ടു നേതാക്കളുടെയും ഒരേ സമയത്തുള്ള കേരള സന്ദര്‍ശനം കൌതുകത്തോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഗുരുവായൂർ ദർശനത്തിനായാണ് രണ്ടാം തവണ അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ കേരള സന്ദർശനം. എന്നാൽ  റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയുളള വിജയത്തിന് നന്ദി പറയാനാണ് രാഹുൽ ഗാന്ധി കേരളത്തിലത്തുന്നത്. കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ലെങ്കിലും ആദ്യ സന്ദർശനങ്ങളിലൊന്നിനായി മോദി കേരളത്തെ തിരഞ്ഞെടുക്കുമ്പോൾ കേരളത്തിൽ മാത്രം കോണ്‍ഗ്രസ്സിന് ലഭിച്ച വലിയ വിജയത്തിന് നന്ദി പറയാന്‍ കൂടിയാണ് രാഹുൽ സംസ്ഥാനത്ത് എത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഇന്ന് രാത്രി രാത്രി പത്തു മണിയോടെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന മോദി കൊച്ചിയിൽ തങ്ങിയ ശേഷം ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം ഗുരുവായൂരിലേക്ക് തിരിക്കും. ദര്‍ശനത്തിനു ശേഷം പതിനൊന്നു മണിയോടെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. പന്ത്രണ്ടു മണിയോടെ കൊച്ചിയിലേക്ക് മടങ്ങും. അതേസമയം, ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ മോദിയോട് ആവശ്യപ്പെടുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങും. മുന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിലെത്തുന്നത്. പന്ത്രണ്ട് ഇടങ്ങളിലെ റോഡ് ഷോയിൽ പങ്കെടുക്കുന്ന രാഹുൽ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനാണ് ശ്രമിക്കുന്നത്. വണ്ടൂര്‍ നിയമസഭ നിയോജക മണ്ഡലത്തിലെ കാളികാവാണ് റോഡ്ഷോ. കരിപ്പൂര്‍ വിമാനത്താവളം മുതല്‍ കാര്‍ മാര്‍ഗമാണ് യാത്ര. തുടര്‍ന്ന് നിലമ്പൂര്‍ ടൗണിലെ ചന്തക്കുന്നു മുതല്‍ ചെട്ടിയങ്ങാടി വരെ റോഡ്്ഷോ നടത്തും. പിന്നാലെ ഏറനാട് നിയമസഭ മണ്ഡലത്തിലെ എടവണ്ണയിലേക്കാണ് യാത്ര. സീതീഹാജി പാലം മുതല്‍ ജമാലങ്ങളാടി വരെ തുറന്ന വാഹനത്തിലെത്തി വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തും.

ഏറനാട്ടിലെ തന്നെ അരീക്കോടും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മുക്കം ഈങ്ങാപ്പുഴ എന്നിവിടങ്ങളിലും പരിപാടികളിൽ സംബന്ധിക്കും. എന്നാൽ കാലവര്‍ഷം ശക്തമാവുന്നത് പരിപാടിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യു.ഡി.എഫ് നേതൃത്വം.

പൊതു തിരഞ്ഞെടുപ്പില്‍ കൊമ്പുകോര്‍ത്ത രണ്ടു നേതാക്കളുടെയും ഒരേ സമയത്തുള്ള കേരള സന്ദര്‍ശനം കൌതുകത്തോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം ആദ്യത്തെ ക്ഷേത്ര ദര്‍ശനത്തിന് മോദി കേരളത്തെ തിരഞ്ഞെടുത്തത്തിലെ രാഷ്ട്രീയ സൂചനകള്‍ വ്യക്തമാണ്. തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാനായില്ലെങ്കിലും വളര്‍ച്ചയുടെ മെച്ചപ്പെട്ട ഗ്രാഫാണ് വോട്ട് ശതമാനത്തില്‍ കാണിക്കുന്നത്. കൂടാതെ പ്രഖ്യാപിത ശത്രുക്കളായ ഇടതുപക്ഷം കോണ്‍ഗ്രസ്സിന് മുന്‍പിലാണെങ്കിലും തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ബിജെപി ദേശീയ നേതൃത്വം കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു കടന്നുവരാന്‍ സാധ്യതയുള്ള ദിവസങ്ങളാണ് വരാന്‍ പോകുന്നത്. പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച് ഇനി തിരഞ്ഞെടുപ്പൂകളുടെ കാലം കൂടിയാണ്. വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ രണ്ടാമത് വന്ന വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ പിടിക്കാനായാല്‍ അത് ബിജെപിക്ക് വന്‍ നേട്ടമാകും.

ദേശീയ തലത്തില്‍ നേരിട്ട വമ്പിച്ച തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ എന്തായിരിക്കും പറയുക എന്നത് ആകാംഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വയനാട്ടിലെ മിന്നും ജയത്തിനിടയിലും തന്റെ പരമ്പരാഗത മണ്ഡലമായ അമേതിയിലേറ്റ പരാജയം രാഹുലിന് തിരിച്ചടിയായിരുന്നു. കൂടാതെ നിയമ സഭ തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തൊട്ടടുത്ത കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ കൈവിടുകയും ചെയ്തു. തങ്ങളുടെ രക്ഷകന്‍ എന്ന നിലയിലാണ് ന്യൂനപക്ഷങ്ങളുടെ അടക്കം വോട്ട് നേടി രാഹുലും കോണ്‍ഗ്രസ്സും വന്‍ വിജയം നേടിയത്. ഭാവി പ്രധാനമന്ത്രിയായാണ് സംസ്ഥാന നേതൃത്വം രാഹുലിനെ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ മുട്ടിടിച്ച് വീഴുന്നതാണ് കണ്ടത്. അതുകൊണ്ടു തന്നെ മോദി വിരുദ്ധ വോട്ടുകള്‍ നന്നായി പോള്‍ ചെയ്യപ്പെട്ട ഒരു സംസ്ഥാനത്ത് വന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ എന്താണ് പറയാന്‍ പോകുന്നത് എന്നതിന് ഏറെ പ്രസക്തിയുണ്ട്.

Read More: 40 വർഷം സിപിഎം നേതാവ്, ഇപ്പോൾ ബിജെപി എംപി: മുർമുവിന്റെ മാറ്റത്തിലുണ്ട് ബംഗാള്‍ പാർട്ടിയുടെ ചരമ കാരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍