Top

മുന്‍ സൈനികനെ വിദേശിയാക്കിയ നടപടി: പൊലീസ് നല്‍കിയത് വ്യാജ റിപ്പോര്‍ട്ടെന്ന് പരാതി

മുന്‍ സൈനികനെ വിദേശിയാക്കിയ നടപടി: പൊലീസ് നല്‍കിയത് വ്യാജ റിപ്പോര്‍ട്ടെന്ന് പരാതി
അസമില്‍ ദേശീയ പൗരത്വ പട്ടികയുടെ ഭാഗമായി, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികനെ വിദേശിയാക്കിയ നടപടിയില്‍ പൊലീസിനെതിരെ കേസ് റിപ്പോര്‍ട്ടില്‍ ഒപ്പ് വച്ച മൂന്ന് പേര്‍. യാതൊരു അന്വേഷണവും നടത്താതെ കെട്ടിച്ചമച്ച റിപ്പോര്‍ട്ടാണ് മുഹമ്മദ് സനവുള്ള എന്ന മുന്‍ സൈനികനെതിരെ പൊലീസ് തയ്യാറാക്കിയത് എന്ന് ഇവര്‍ ആരോപിച്ചു. ചന്ദ്രമാല്‍ ദാസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം. 30 വര്‍ഷം ആര്‍മിയിലും പിന്നീട് അസം ബോര്‍ഡര്‍ പൊലീസിലും പ്രവര്‍ത്തിച്ച സനവുള്ളയെ ബോര്‍ഡര്‍ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞയാഴ്ച വിദേശികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കിയിരുന്നു. തങ്ങള്‍ ഇക്കാര്യത്തില്‍ നിസഹായരാണ് എന്നായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ പ്രതികരണം.

അതേസമയം താന്‍ അന്വേഷിച്ച സനവുള്ള മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ ആളല്ല എന്നും ഇത് ഉദ്യോഗസ്ഥരുടെ നടപടികളില്‍ സംഭവിച്ച പിഴവാണ് എന്നുമാണ് പൊലീസില്‍ നിന്ന് വിരമിച്ചിരിക്കുന്ന ചന്ദ്രമാല്‍ ദാസ് എന്‍ഡിടിവിയോട് പറഞ്ഞത്. അതേസമയം സനവുള്ളയുടെ ഗ്രാമമായ കാമരൂപ് ജില്ലയിലെ കൊലോഹികാഷ് ഗ്രാമത്തിലെ സാക്ഷികളെ എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല. താന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രമാല്‍ ദാസിനെ ഒരിക്കല്‍ പോലും കാണുകയോ തന്നെ അന്വേഷണത്തിനായി ആരെങ്കിലും വിളിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ സാക്ഷിയായി പേര് രേഖപ്പെടുത്തിയിരിക്കുന്ന കുറാന്‍ അലി പറയുന്നു. അന്വേഷണം നടത്തിയതായി പറയുന്ന 2008-09 കാലത്ത് ഞാന്‍ നാട്ടിലുണ്ടായിരുന്നില്ല. ഗുവാഹത്തിയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. സനവുള്ള ആ സമയത്ത് മണിപ്പൂരില്‍ ആര്‍മിയുടെ ഭീകര വിരുദ്ധ ഓപ്പറേഷനുകളിലായിരുന്നു - കുറാന്‍ അലി എന്‍ഡിടിവിയോട് പറഞ്ഞു.

മുഹമ്മദ് സനവുള്ള ആ സമയത്ത് അസമിലുണ്ടായിരുന്നില്ല എന്ന കാര്യം ചന്ദ്രമാല്‍ ദാസും അംഗീകരിക്കുന്നുണ്ട്. മറ്റ് രണ്ട് സാക്ഷികള്‍ - സഹബാന്‍ അലിയും അംജാദ് അലിയും ചന്ദ്രമാല്‍ ദാസിനെതിരെ വെവ്വേറെ പരാതി നല്‍കിയിണ്ട്. അതേസമയം പൊലീസ് നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി എന്നുമാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ജ്യോതി മഹന്തയുടെ വിശദീകരണം. വ്യാപക പരാതികളാണ് അനധികൃത കുടിയേറ്റം തടയാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെതിരെ അസമില്‍ ഉയരുന്നത്.

ALSO READ: കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ സൈനികനെ വിദേശിയെന്ന് പറഞ്ഞ് ഡിറ്റന്‍ഷന്‍ ക്യാമ്പിലാക്കി; ഇടപെടാനാകില്ലെന്ന് ആര്‍മി

വെസ്റ്റ് അസമിലെ ഗോല്‍പാരയില്‍ വിദേശികള്‍ക്കുള്ള ഡിറ്റന്‍ഷന്‍ ക്യാമ്പിലേയ്ക്കാണ് മുന്‍ സൈനികനെ ബോര്‍ഡര്‍ പൊലീസ് മാറ്റിയത്. സനവുള്ളയുടെ അവസ്ഥയില്‍ ദുഖമുണ്ടെന്നും അതേസമയം തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ആര്‍മിയുടെ പ്രതികരണം. നിയമ പോരാട്ടത്തിലൂടെ മാത്രമേ സനവുള്ളയ്ക്ക് നാടുകടത്തല്‍ ഒഴിവാക്കാനാകൂ. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ ആയിരുന്ന മുഹമ്മദ് സനവുള്ള ഓണററി ക്യാപ്റ്റനായാണ് 2017 ഓഗസ്റ്റില്‍ വിരമിച്ചത്. 30 വര്‍ഷത്തോളം ആര്‍മിയിലും വിരമിച്ച ശേഷം ബോര്‍ഡര്‍ പൊലീസിലും പ്രവര്‍ത്തിച്ചു.

ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുഹമ്മദ് സനവുള്ളയ്ക്ക് 2018ല്‍ നോട്ടീസ് ലഭിച്ചിരുന്നു. ബംഗ്്‌ളാദേശിലെ ധാക്ക ജില്ലയിലെ കാസിംപൂരില്‍ ജനിച്ച ഒരു നിരക്ഷര തൊഴിലാളിയാണ് മുഹമ്മദ് സനവുള്ള എന്നാണ് ബോര്‍ഡര്‍ പൊലീസ് പറയുന്നത്. ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാന്‍ മുഹമ്മദ് സനവുള്ളയോട് നിര്‍ദ്ദേശിച്ചിരുന്നതായി അസം ഡയറക്ടറേറ്റ് ഓഫ് സൈനിക് വെല്‍ഫയര്‍ പറയുന്നു. മുഹമ്മദ് സനവുള്ള ഒരിക്കലും വോട്ട് ചെയ്തിട്ടില്ല എന്ന് ബോര്‍ഡര്‍ പൊലീസ് പറയുമ്പോള്‍ താന്‍ 1989 മുതല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നുണ്ട് എന്ന് സനവുള്ള പറയുന്നു.

Next Story

Related Stories