UPDATES

പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ക്രമക്കേടിൽ എഫ് ഐആര്‍ ലഭിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് നിർദേശം നൽകി. ക്രമക്കേടിൽ എഫ് ഐആര്‍ ലഭിച്ച ശേഷം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോലീസിലെ പോസ്റ്റല്‍ വോട്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഇന്ന് നടപടിയുണ്ടാവുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് ഇന്‍റലിജൻസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ട് ശുപാർശ സഹിതം സംസ്ഥാന പൊലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് അദ്ദേഹം അംഗീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശം.

അതിനിടെ, പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ എല്ലാ ജില്ലകളിലും വിശദമായ അന്വേഷണം വേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറുമെന്നുമായിരുന്നു ഡിജിപിയുടെ നിലപാട്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തീരുമാനിക്കാമെന്നും ബെഹ്ര വ്യക്തമാക്കിയിരുന്നു.

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപകമായ ക്രമക്കേടു നടന്നതായും പോലീസുകാരെ സ്വാധീനിച്ച് പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഇടത് അനുകൂല അസോസിയേഷന്‍ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇതു സ്ഥിരീകരിക്കുന്ന നാല് പേജുള്ള റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയിരുന്നു.

ആക്ഷേപം തെളിയിക്കുന്ന ശബ്ദരേഖകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. അസോസിയേഷന്‍ നിര്‍ദ്ദേശ മനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ പോലീസുകാരന്‍ നേരത്തേ സമ്മതിക്കുകയും ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍