TopTop
Begin typing your search above and press return to search.

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറി: ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറി: ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. വൈശാഖിനെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും മറ്റു 4 പേര്‍ക്കെതിരെ അന്വേഷണം നടത്താനും ഡിജിപി ലോക്‌നാഥ് ബഹ്രയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വൈശാഖിനു പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം.

വൈശാഖ് പോലീസുകാരോട് വാട്‌സപ്പ് സന്ദേശം വഴി ബാലറ്റ് ആവശ്യപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമാന്‍ഡോ ആയിരുന്ന വൈശാഖിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. പോലീസ് അസോസിയേഷന് തട്ടിപ്പില്‍ പങ്കുണ്ടെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയ മീണ, അവരുടെ ഇടപെടല്‍ എത്രത്തോളമാണെന്ന് അന്വേഷിച്ചു 15ന് അകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു പോലീസുകാരുടെ ബാലറ്റുകള്‍ സ്വന്തം വിലാസത്തില്‍ സ്വീകരിച്ച തൃശൂര്‍ ഐആര്‍ ബറ്റാലിയനിലെ പോലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന്‍ എന്നിവര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. ഇവര്‍ക്കെതിരെ നടപടി വേണമോ എന്നു വ്യക്തമാക്കിയിട്ടില്ല.

പോസ്റ്റല്‍ ബാലറ്റ് കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യണമെന്ന സര്‍ക്കുലര്‍ പാലിക്കുന്നതില്‍ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ വീഴ്ച വരുത്തിയോ എന്നതും അന്വേഷിക്കും. അതേസമയം, സംസ്ഥാന വ്യാപകമായി നടന്ന തപാല്‍വോട്ട് അട്ടിമറിയില്‍ 600 പോലീസുകാര്‍ മാത്രമുള്ള ഐആര്‍ ബറ്റാലിയനിലെ 6 പേര്‍ക്കെതിരെ മാത്രം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിജിപിയുടെ നടപടിയ്‌ക്കെതിരെ വ്യാപക അമര്‍ഷം സേനയ്ക്കുള്ളിലുണ്ട്. കൂടാതെ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതും ചര്‍ച്ചയായിട്ടുണ്ട്.

Read More: “ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍'”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു


Next Story

Related Stories