TopTop

പ്രിയങ്ക ഗാന്ധി യുപിയിൽ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധി യുപിയിൽ കസ്റ്റഡിയിൽ
ഗുജ്ജാര്‍ വിഭാഗക്കാരുടെ വെടിയേറ്റ് മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഗോണ്ട് എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 പേർ കൊല്ലപ്പെട്ട സോനഭദ്ര ജില്ലയിലുള്ള ഉംഭ സന്ദർശനത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. സോനഭദ്രയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചെന്ന് അരോപിച്ചായിരുന്നു തന്നെ അറസ്റ്റ് ചെയ്തതെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സോൺഭദ്ര സന്ദർശിക്കുന്നതിൽ നിന്ന് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധവുമായി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെതിരെ ധർണ സംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു നടപടി. തന്നെ അറസ്റ്റ് ചെയ്ത് മേഖലയിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

ഭൂമി തർക്കത്തിന്റെ ഭാഗമായുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായി സോൺഭദ്രയിലേക്കുള്ള യാത്രയിക്കിടയാലായിരുന്നു പോലീസ് ഇടപെടൽ. അവർ എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് എനിക്കറിയില്ല, ഞങ്ങൾ എവിടെയും പോകാൻ തയ്യാറാണ്,” പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഘർഷത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷമായിരുന്നു പ്രിയങ്ക സോനഭദ്ര സന്ദർശനത്തിന് ഒരുങ്ങിയത്. അതേസമയം, പ്രിയങ്കയെ അറസ്റ്റ് ചെയ്തെിട്ടില്ലെന്നാണ് യുപി പോലീസിന്റെ നിലപാട്.[video width="848" height="480" mp4="https://www.azhimukham.com/wp-content/uploads/2019/07/WhatsApp-Video-2019-07-19-at-12.40.15-PM.mp4"][/video]

ഗോണ്ട് എന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍. ഇവര്‍ തലമുറകളായി കൃഷി ചെയ്തുകൊണ്ടിരുന്ന 90 ബിഗ (36 ഏക്കര്‍) ഭൂമി ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട ഗ്രാമത്തലവന്‍ വാങ്ങുകയും അത് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തെയും തുടര്‍ന്നായിരുന്നു വെടിവയ്പ്. ബുധനാഴ്ച രാവിലെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ ഈ ഭൂമിയില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് 25-ഓളം ട്രാക്ടറുകളിലായി നൂറോളം വരുന്ന ഗുജ്ജാറുകള്‍ ഇവിടേക്ക് എത്തിയത്. തോക്കുകളുമേന്തിയായിരുന്നു ഇവരുടെ വരവ് എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എത്തിയ ഉടന്‍ തന്നെ ഇവര്‍ ട്രാക്ടറുകള്‍ ഇറക്കി നിലം ഉഴുതു തുടങ്ങി. ഇവര്‍ എത്തിയതോടെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മറ്റുള്ളവരേയും വിളിച്ചു ചേര്‍ത്തു. സ്ഥലത്തെത്തിയവര്‍ തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍ഷവും ആരംഭിച്ചു. നിലമുഴുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഉന്തും തള്ളും ഉണ്ടാവുകയും ഉടന്‍ ഗ്രാമത്തലവന്‍ യജ്ഞ ദത്ത് ഭൂരിയയും സംഘവും ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനിടെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ വടികളുമുപയോഗിച്ച് ഇവരെ തിരിച്ചാക്രമിച്ചു. തുടര്‍ന്ന് ഇവരും വെടിയേറ്റു വീഴുകയായിരുന്നു.

ഗ്രാമത്തലവന്‍ യജ്ഞ ദത്ത്, അയാളുടെ സഹോദരങ്ങളായ ദേവ് ദത്ത്, നിധി ദത്ത്, മരുമക്കളായ ഗണേഷ്, വിമലേഷ് എന്നിവര്‍ ഉള്‍പ്പെടെ 26 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 23 പേര്‍ സോനഭദ്രയിലേയും വാരണാസിയിലേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

1955 മുതല്‍ തുടങ്ങുന്നതാണ് ഈ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാര കാര്യങ്ങള്‍. അന്ന് സ്ഥലത്തെ പ്രമുഖ സ്ഥലമുടമകളായ ഒരു കുടുംബം അവരുടെ കുടുംബക്കാര്‍ തന്നെ ഉള്‍പ്പെടുന്ന ഒരു സഹകരണ സംഘം രൂപീകരിച്ച് ഭൂമി അതിന് കൈമാറി. അന്ന് സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരമായിരുന്നു ഇത്. ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്തിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ആദര്‍ശ് കൃഷി സഹകാരി സമിതിക്ക് എല്ലാ വര്‍ഷവും വാടക ഇനത്തില്‍ പണം നല്‍കിക്കൊണ്ട് ഇവര്‍ കൃഷി തുടര്‍ന്നു. 1966-ല്‍ ഈ പദ്ധതി ഇല്ലാതായെങ്കിലും ഭൂമി സര്‍ക്കാരിലേക്ക് പോകുന്നതിനു പകരം ഇതേ കുടുംബം തന്നെ ഏറ്റെടുത്തു. 1989-ല്‍ ഇവര്‍ ഈ ഭൂമി കുടുംബത്തിലെ തന്നെ മറ്റു രണ്ടു പേര്‍ക്ക് വിറ്റു. ഒരു ഐഎഎസ് ഓഫീസറുടെ ഭാര്യയുടേയും അമ്മയുടേയും പേരിലായിരുന്നു ഇത്. ഇവര്‍ ഇത് 2010-ല്‍ ഗ്രാമമുഖ്യന് വിറ്റു എന്നുമാണ് രേഖകള്‍.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം വരെ ഓരോ ബിഗ ഭൂമിക്ക് വര്‍ഷം 3000 രൂപ വച്ച് സഹകരണ സംഘത്തിന് വാടക ഇനത്തില്‍ നല്‍കിയിരുന്നു എന്നും ബിഹാര്‍ സ്വദേശിയായ ഒരാള്‍ വന്ന് ഇത് കൈപ്പറ്റിയിരുന്നുവെന്നും ഗോണ്ടുകള്‍ പറയുന്നു. യജ്ഞ ദത്ത് ഇത് വാങ്ങിയതോടെ അയാള്‍ പണം ശേഖരിക്കാന്‍ എത്താതായി. അപ്പോള്‍ മാത്രമാണ് ഈ ഭൂമി വിറ്റ കാര്യം ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ അറിയുന്നത്. തലമുറകളായി തങ്ങള്‍ കൃഷി ചെയ്തു വന്നിരുന്ന സ്ഥലം തങ്ങക്ക് തന്നെ വിട്ടു തരണമെന്ന് ഇവര്‍ കാലങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടിരുന്നതുമാണ്. യജ്ഞ ദത്ത് സ്ഥലം വാങ്ങിയതോടെ ഇത് ഏറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചു. ആദ്യ തവണ സ്ഥലമേറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ കോടതിയെ സമീപിച്ചു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്നു വരികയാണ്. ഇതിനിടെ യജ്ഞ ദത്തും സംഘവും വീണ്ടും ബലമായിി സ്ഥലമേറ്റെടുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇവരെ വിലക്കുകയും ചെയ്തിരുന്നു.

തങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്നതടക്കം നിരന്തരം ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഗോണ്ട് വിഭാഗത്തിലുള്ളവര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച സംഘമായി എത്തി ഇവര്‍ വെടിയുതിര്‍ത്തതും 10 പേരെ കൊലപ്പെടുത്തിയതും. ഉത്തര്‍ പ്രദേശ് അടക്കം ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടേയും ജാതി സംഘര്‍ഷങ്ങളുടേയും ഏറ്റവുമൊടുവിലുത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ‘കൂട്ടക്കൊല’ എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ വിഷയത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനമാണ് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നടത്തിയിട്ടുള്ളത്.

Next Story

Related Stories