TopTop

രാഹുല്‍ ഗാന്ധി രാജി വയ്ക്കും എന്ന് പറഞ്ഞിട്ടില്ല: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല

രാഹുല്‍ ഗാന്ധി രാജി വയ്ക്കും എന്ന് പറഞ്ഞിട്ടില്ല: കോണ്‍ഗ്രസ് വക്താവ് സൂര്‍ജെവാല
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ രാഹുല്‍ ഗാന്ധി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ്. രാഹുല്‍ രാജി സന്നദ്ധത അറിയിച്ചു, എന്നാല്‍ പ്രവര്‍ത്തക സമിതി അത് തള്ളിക്കളഞ്ഞു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ഇത്തരത്തില്‍ രാജി സന്നദ്ധത അറിയിച്ചിട്ടേ ഇല്ല എന്നാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജവാല പറയുന്നത് എന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങി കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കള്‍ പദവികള്‍ രാജി വച്ചിരുന്നു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിന് സഖ്യമുണ്ടായിട്ടും തകര്‍ന്നടിഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് നാല് സീറ്റ് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം. ഹരിയാനയില്‍ ഒന്നും കിട്ടിയില്ല. ഝാര്‍ഖണ്ഡില്‍ ജെഎംഎമ്മുമായുള്ള സഖ്യം ഗുണം ചെയ്തില്ല. ഇരു പാര്‍ട്ടികളും ഓരോ സീറ്റുകളിലൊതുങ്ങി. ഈ മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടാം. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പുണ്ടാകും. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി അധ്യക്ഷന്മാര്‍ മാറിയേക്കാം. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ള പുതിയ ടീമുകളെ മിക്കയിടങ്ങളിലും നിയോഗിക്കേണ്ടി വരും.

എല്ലാ സംസ്ഥാനങ്ങളിലും പ്രാതിനിധ്യമുള്ള ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടി എന്ന നിലയിലേയ്ക്ക് തിരിച്ചുപോകണമെങ്കില്‍, ദേശീയ തലത്തിലെ പ്രാധാന്യം വീണ്ടെടുക്കണമെങ്കില്‍ കോണ്‍ഗ്രസിന് സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. യുപിയില്‍ 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക ലക്ഷ്യമിട്ടാണ് പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും നിയോഗിച്ചത് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയോ ആത്മവിശ്വാസം നല്‍കുകയോ ചെയ്യുന്ന ഫലമല്ല യുപിയിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടെങ്കിലും ഇത് അപ്രസക്തമാക്കുന്ന ജനവിധിയിലാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരം നേടിയ രാജസ്ഥാനിലടക്കം 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. 15 വര്‍ഷത്തിന് ശേഷം അധികാരം നേടിയ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തകര്‍ന്നടിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തരംഗമുണ്ടാക്കും എന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്ന യുപിയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ജയിച്ചത് സോണിയ ഗാന്ധി മാത്രം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ "ചൗക്കിദാര്‍ ചോര്‍ ഹേ" (കാവല്‍ക്കാരന്‍ കള്ളനാണ്) പ്രചാരണം ജനപിന്തുണ നേടിയില്ലെന്നും തിരിച്ചടിയാണ് ഉണ്ടാക്കിയതെന്നും പല മുതിര്‍ന്ന നേതാക്കളും വിലയിരുത്തുന്നതായി ദ ഇന്ത്യന്‍ എക്്‌സ്പ്രസ് പറയുന്നു. 2014ല്‍ 44 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി കോണ്‍ഗ്രസ് ഏറ്റുവാങ്ങിയപ്പോള്‍ പ്രസിഡന്റ് ആയിരുന്ന സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് ആയിരുന്ന രാഹുല്‍ ഗാന്ധിയും ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതി ഇത് തള്ളിക്കളയുകയാണുണ്ടായത്.

ഇത്തവണ തോല്‍വിയുടെ ഉത്തരവാദിത്തം 100 ശതമാനവും തനിക്കുണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം താന്‍ രാജി വയ്ക്കണോ എന്ന് തീരുമാനിക്കുന്നത് പ്രവര്‍ത്തക സമിതി ആയിരിക്കും എന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിനല്ല എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

ബിജെപിയിലെ ബ്രാഹ്മണാധിപത്യം തുടരുന്നു; ഹിന്ദി ബെല്‍റ്റില്‍ സവര്‍ണജാതിക്കാര്‍ക്ക് മേല്‍ക്കൈ

Next Story

Related Stories