ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്

ലൈംഗികാതിക്രമണം നടന്നു എന്ന പറയുന്ന ദിവസം ബിഷപ്പ് രാത്രി ഭക്ഷണത്തിന് ശേഷം മറ്റൊരു മഠത്തിലാണ് താമസിച്ചിരുന്നത് എന്നതിന് തെളിവുകളും ലഭിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്. ലൈംഗികാതിക്രമത്തിന് ഇരകളാവുന്നവരെ തിരിച്ചറിയാനാവുന്ന വിധം ഒരു വിവരവും പുറത്തുവിടുകയോ പരാമര്‍ശിക്കുകയോ ചെയ്യരുതെന്ന നിയമത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ പത്രക്കുറിപ്പ് പുറത്തുവിട്ടത്. തിരിച്ചറിയും വിധം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ തങ്ങള്‍ ഉത്തരവാദിയായിരിക്കില്ല എന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോ പത്രക്കുറിപ്പിനൊപ്പം പുറത്തുവിട്ടിരിക്കുന്നത്.

‘ജലന്ധര്‍ ബിഷപ്പിനും എം ജെ കോണ്‍ഗ്രിഗേഷനും എതിരെ നടക്കുന്ന ആരോപണത്തിന്റെ പുറകിലുള്ള ഗൂഢാലോചന അന്വേഷിക്കുന്നതിനുള്ള കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍ ചുവടെ’ എന്ന് തുടങ്ങുന്ന പത്രക്കുറിപ്പിനൊപ്പമാണ് കന്യാസ്ത്രീയുടെ ചിത്രവും തിരിച്ചറിയാനാവും വിധം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സിസ്റ്റര്‍ എം.ജെ.അമല പത്രക്കുറിപ്പിറക്കിയത്.

പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കണ്ടെത്തലുകളും പരാതിക്കാരിയായ കന്യാസ്ത്രീക്കും സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകള്‍ക്കും എതിരെയാണ്. സഭയുമായി ഔദ്യോഗികമായി ബന്ധമില്ലാത്ത നാല് വ്യക്തികളോടൊപ്പം ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഡാലോചന നടത്തിയതായാണ് എം ജെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുക്തിവാദികളുടെ പിന്തുണ ഇക്കാര്യത്തില്‍ കന്യാസ്ത്രീകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അത് ബോധ്യപ്പെട്ടതോടെ മഠത്തില്‍ വന്ന് പോവുന്ന അപരിചിതരെ ശ്രദ്ധിക്കുവാന്‍ എം ജെ കോണ്‍ഗ്രിഗേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എല്ലാ വര്‍ഷവും പുതുക്കേണ്ട ‘വ്രത നവീകരണം’ കന്യാസ്ത്രീകള്‍ നടത്തിയിട്ടില്ല എന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സുഹൃത്തായ കന്യാസ്ത്രീയാണ് രജിസ്റ്റര്‍ കൈകാര്യം ചെയ്തിരുന്നത്. മഠത്തിലെ സിസിടിവിയുടെ നിയന്ത്രണം കന്യാസ്ത്രീകള്‍ തങ്ങളുടെ കയ്യിലാക്കിയിരുന്നു എന്നാണ് കന്യാസ്ത്രീകള്‍ക്കെതിരെയുള്ള ആരോപണം.

ലൈംഗികാതിക്രമണം നടന്നു എന്ന പറയുന്ന ദിവസം ബിഷപ്പ് രാത്രി ഭക്ഷണത്തിന് ശേഷം മറ്റൊരു മഠത്തിലാണ് താമസിച്ചിരുന്നത് എന്നതിന് തെളിവുകളും ലഭിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ബിഷപ്പ് നിരവധി തവണ ലൈംഗികമായി അതിക്രമിച്ചു എന്ന പരാതി അടിസ്ഥാനരഹിതവും ഗൂഡാലോചനയുടെ ഭാഗവുമാണെന്ന് എം ജെ കോണ്‍ഗ്രിഗേഷന്‍ പറയുന്നു. അതിന് ശേഷം പല വേദികളിലും പരിപാടികളിലും പരാതിക്കാരി ബിഷപ്പിനൊപ്പം പങ്കെടുത്തിട്ടുണ്ട് എന്നതാണ് ഇവര്‍ അതിന് ന്യായീകരണമായി പറയുന്നത്.

റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍ വിശദീകരിച്ചതിനൊടുവില്‍ 2015മെയ് 23ന് പരാതിക്കാരിയും ബിഷപ്പും ഒരു സ്വകാര്യ ചടങ്ങില്‍ ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രമാണ് എം ജെ കോണ്‍ഗ്രിഗേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത് മുതല്‍ ഇവര്‍ക്കെതിരായ സമീപനമാണ് മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ സ്വീകരിക്കുന്നത്. പരാതി നല്‍കിയത് മുതല്‍ കന്യാസ്ത്രീയേയും അവര്‍ക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകളേയും പലതരത്തില്‍ തകര്‍ക്കാന്‍ നോക്കുന്നതായും ജീവന് പോലും ഭീഷണിയുണ്ടെന്നും സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പുറത്തുപറയുകയും ചെയ്തിട്ടുണ്ട്.

അതേസമയം ലൈംഗികാതിക്രമത്തിനിരയായ കന്യാസ്ത്രീയെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കും മറ്റുള്ളവര്‍ക്കും നേരിടേണ്ടി വന്നത് ക്രൂരമായ അവഗണനയും പീഡനവുമാണെന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ നീന അഴിമുഖത്തോട് പറഞ്ഞത്. “എട്ട് പേരാണ് കുറവിലങ്ങാട്ടെ മഠത്തിലുള്ളത്. അതില്‍ അതിക്രമിക്കപ്പെട്ട കന്യാസ്ത്രീ ഉള്‍പ്പെടെ ഞങ്ങള്‍ ആറ് പേരാണ് സഭയ്‌ക്കെതിരെ പ്രതിഷേധിക്കുന്നത്. മറ്റ് രണ്ട് പേര്‍ ഞങ്ങള്‍ക്ക് എതിരാണ്. പ്രശ്‌നങ്ങളുണ്ടായതിന് ശേഷം മഠത്തില്‍ ചെന്നാലും പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്യാറില്ല. ഞങ്ങള്‍ ആറ് പേരും ഒറ്റപ്പെട്ട പോലെയാണ് അവിടെ.

അമ്മ ഞങ്ങളോടൊന്നും പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പിതാവ് മഠത്തിലേക്ക് വരുമെന്ന് പറഞ്ഞപ്പോള്‍, ‘വേണ്ട, പിതാവ് ഇങ്ങോട്ട് വരണ്ട, വന്നാല്‍ ഞാന്‍ എന്റെ വീട്ടില്‍ പോവും’ എന്ന് അമ്മ പ്രതികരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്ത് ചോദിച്ചിട്ടും ‘പിതാവ് വരണ്ട’ എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിതാവ് ഇവിടെ വന്നാല്‍ എന്താണ് കുഴപ്പമെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം ‘ പിതാവിന്റെ കൂടെക്കിടക്കാന്‍ കഴിയാത്തതുകൊണ്ടാണ്’ എന്നാണ് അമ്മ പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം വ്യക്തമായി. പിതാവ് വന്നപ്പോള്‍ അമ്മയോട് വീട്ടില്‍ പൊയ്‌ക്കൊള്ളാനും ഞങ്ങള്‍ പറഞ്ഞു.”

കൂടുതല്‍ വായിക്കാം: കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

മിഷണറീസ് ഓഫ് ജീസസ് കോണ്‍ഗ്രിഗേഷന്‍ പത്രക്കുറിപ്പ്

*ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീയുടെ ചിത്രങ്ങളടങ്ങിയ ഭാഗം പ്രസിദ്ധീകരിക്കുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍