UPDATES

കോൺഗ്രസിനെ ടിആർഎസുമായി ലയിപ്പിക്കണം; തെലങ്കാനയിൽ 12 എംഎൽഎമാർ സ്പീക്കര്‍ക്ക് കത്ത് നൽകി

ലയന ആവശ്യം മുന്നോട്ട് വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നതും കോൺഗ്രസിന് തിരിച്ചടിയാണ്.

ലോകസഭാ തിരഞ്ഞെടുപ്പില്‍ എറ്റ വലിയ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയെ പ്രതിസന്ധിയിലാക്കി തെലങ്കാനയിലെ കോൺഗ്രസ് എംഎൽഎമാർ. പാർട്ടിയെ ഭരണകക്ഷിയായ ടിആർഎസ്സുമായി ലയിപ്പിക്കണമെന്നാവശ്യപ്പെട്ട് 12 എംഎൽഎമാർ സ്പീക്കർക്ക് കത്തുനൽകി. നിയമസഭയിൽ ആകെയുള്ള 19 അംഗങ്ങളിലെ 12 പേരാണ് സ്പീക്കറെ കണ്ടത്. പിസിസി അധ്യക്ഷൻ കൂടിയായ ഉത്തം കുമാർ റെഡ്ഡി നൽഗോണ്ടയിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ രാജി വയ്ക്കുകയും കോൺഗ്രസിന്റെ അംഗബലം 18 ചുരുങ്ങിയതിനും പിന്നാലെയാണ് എംഎൽ‌എമാരുടെ നീക്കമെന്നതും ശ്രദ്ധേയമാണ്.

തന്ദൂർ കോൺഗ്രസ് എംഎൽഎ രോഹിത്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ മകനും ടിആർഎസ്സിന്‍റെ പ്രവർത്തനാധ്യക്ഷനുമായ കെ ടി രാമറാവുവിനെ കണ്ട് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചയോടെ 12 എംഎൽഎമാർ സ്പീക്കർ പി ശ്രീനിവാസ റെഡ്ഡിയെ കണ്ടത്. സംസ്ഥാനത്തിന്‍റെ ക്ഷേമവും വികസനവുമാണ് ലക്ഷ്യം, ഇതിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനൊപ്പം പ്രവർത്തിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കൊപ്പം പ്രവർത്തിക്കണമെങ്കിൽ ടിആർഎസ്സുമായി ലയിക്കുന്നതാണ് നല്ലതെന്ന് എംഎൽഎമാരുടെ യോഗത്തിൽ അഭിപ്രായം ഉയർന്നുവെന്നും ജി. വെങ്കട രമണ റെഡ്ഡി പറയുന്നു.

എന്നാൽ എംഎൽഎമാരുടെ നീക്കം കോൺഗ്രസിന് നിയമസഭയിൽ പ്രതിപക്ഷനേതൃപദവി പോലും നഷ്ടപ്പെടുത്തിയേക്കും. 18-ൽ 12 പേരും കൊഴിഞ്ഞുപോയതോടെ അംഗസംഖ്യ ആറായി ചുരുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ഏഴംഗങ്ങളുണ്ടെന്നിരിക്കെയാണ് ഇത്. ബിജെപിക്ക് ഒരു സീറ്റുമുണ്ട്.

അതിനിടെ ലയന ആവശ്യം മുന്നോട്ട് വച്ച എംഎൽഎമാർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നതും കോൺഗ്രസിന് തിരിച്ചടിയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും മറ്റൊന്നിൽ ചേർന്നാൽ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കൽപിക്കാനാകില്ലെന്ന വ്യവസ്ഥയാണ് തിരിച്ചടിയാവുന്നത്. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ് കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള ടിആർഎസ്സ് അധികാരത്തിലെത്തിയത്.

 

40 വർഷം സിപിഎം നേതാവ്, ഇപ്പോൾ ബിജെപി എംപി: മുർമുവിന്റെ മാറ്റത്തിലുണ്ട് ബംഗാള്‍ പാർട്ടിയുടെ ചരമ കാരണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍