TopTop

നീതിക്കായുള്ള പോരാട്ടത്തില്‍ ഉജ്ജ്വല നിലപാടാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റേതെന്ന് കെ കെ രമ

നീതിക്കായുള്ള പോരാട്ടത്തില്‍ ഉജ്ജ്വല നിലപാടാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റേതെന്ന് കെ കെ രമ
നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെത്തിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങളുടെ സംഘടനയില്‍ നിന്നും രാജിവയക്കാനുള്ള യുവ നടിമാരുടെ തീരുമാനത്തെ അഭിനന്ദിച്ച് ആര്‍എംപി നേതാവ് കെ കെ രമ. നീതിക്കായുള്ള പോരാട്ടത്തില്‍ ഉജ്ജ്വല നിലപാടാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റേതെന്നും അവര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ചലചിത്ര മേഖല അടിമുടി പുരുഷാധിപത്യ മൂല്യങ്ങളാല്‍ നിയന്ത്രിതമാണ്, ഇതിലെ മാഫിയാ സ്വാധീനത്തിന്റെ കൂടി തെളിവാണ് സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ ആരോപണ വിധേയനായി പുറത്താക്കപ്പെട്ട ദിലീപിനെ തിരിച്ചെത്തിക്കുന്നതിലൂടെ പുറത്തുവരുന്നതെന്നും രമ കുറ്റപ്പെടുത്തുന്നു. താരസംഘടനയുടെ ഇപ്പോഴത്തെ നിലപാടില്‍ പ്രതിഷേധിച്ച് രാജിവച്ച റിമ കല്ലിങ്കല്‍ , ഭാവന, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവക്ക് ആത്മാര്‍ത്ഥമായ സ്‌നേഹാഭിവാദ്യങ്ങളും ടിപി ചന്ദ്രശേഖരന്റെ പത്‌നികൂടിയായ കെ കെ രമ നേരുന്നുണ്ട്. മുകേഷ് , ഇന്നസെന്റ് തുടങ്ങി ഇടതുപക്ഷമെന്നവകാശപ്പെടുന്ന ജനപ്രതിനിധികള്‍ വിഷയങ്ങളില്‍ പാലിച്ചു പോന്ന നിശ്ശബ്ദത അപമാനകരമാണ്. രാഷ്ട്രീയ നിലപാടുകളെ ജനപ്രിയ താരമൂല്യങ്ങള്‍ കൊണ്ടും സാമുദായിക വോട്ടുകള്‍ കൊണ്ടും പകരം വയ്ക്കുന്നതിന്റെ അപചയത്തിന്റെ ഫലമാണ് ഇത്തരം നിശബ്ദയെന്നും കെ കെ രമ കുറ്റപ്പെടുത്തുന്നു.

കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മലയാള ചലച്ചിത്ര രംഗത്ത് നീതിക്കായുള്ള പോരാട്ടത്തില്‍ ഉജ്ജ്വല നിലപാടാണ് വിമണ്‍ സിനിമാ കളക്ടീവ് (WCC ) സ്വീകരിച്ചിരിക്കുന്നത്. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പുറത്തായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നടപടിയില്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് wcc രേഖപ്പെടുത്തിയത്. അടിമുടി പുരുഷാധിപത്യ മൂല്യങ്ങളാല്‍ നിയന്ത്രിതമാണ് ചലച്ചിത്ര മേഖല. എന്നാല്‍ ഇതിനു പുറമേ താരസംഘടനയെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയുടേയും മാഫിയാ സ്വാധീനത്തിന്റേയും കൂടി തെളിവാണ് ദിലീപിന്റെ തിരിച്ചുവരവ്. നേരത്തേ തന്നെ നടപടി എടുത്തിരുന്നെങ്കിലും മലയാള സിനിമയിലെ പുരുഷ താരങ്ങളെല്ലാം ജയിലില്‍ പോയി ദിലീപിനെ കാണാന്‍ വരി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഒരു ആശ്വാസവാക്കുമായി ആക്രമിക്കപ്പെട്ട നടിയുടെ വീടിന്റെ പടി ചവിട്ടാന്‍ അവരാരും തയ്യാറായില്ല എന്നതിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഈ ജയില്‍ സന്ദര്‍ശനത്തിന്റെ അശ്ലീലം നമുക്ക് ബോദ്ധ്യമാവുക. താരസംഘടനയുടെ ഇപ്പോഴത്തെ നിലപാടില്‍ പ്രതിഷേധിച്ച് റിമ കല്ലിങ്കല്‍ , ഭാവന , ഗീതു മോഹന്‍ദാസ് , രമ്യ നമ്പീശന്‍ എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരിക്കുന്നു. അവര്‍ക്കെല്ലാം ആത്മാര്‍ത്ഥമായ സ്‌നേഹാഭിവാദ്യങ്ങള്‍ ..

ഇതൊരു സംഘടനയുടെ ആഭ്യന്തര കാര്യമോ സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമോ അല്ല. ഏതു തൊഴില്‍ മേഖലയിലും കലാ സാംസ്‌കാരിക രാഷട്രീയ രംഗങ്ങളിലും നിര്‍ഭയമായി സ്ത്രീകള്‍ക്ക് ഇടപെടാനും സ്വന്തം അഭിപ്രായങ്ങളും അഭിരുചികളുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അവസരങ്ങള്‍ കാണിച്ചവളെ കീഴടക്കുവാനും ചൂഷണം ചെയ്യാനും ആരെയും അനുവദിക്കരുത്. ഇതാണ് ഇപ്പോള്‍ നടത്തുന്ന പ്രതിരോധത്തിന്റെ രാഷ്ടീയം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെക്കാലമായ് മലയാള സിനിമ അടക്കിവാണ താരരാജാക്കന്മാരടക്കമുള്ളവരുടെ സംഘടിത ശക്തിയോടാണ് നാല് സ്ത്രീകള്‍ ഇച്ഛാശക്തി മാത്രം കൈമുതലാക്കി പൊരുതുന്നത്. പൊതു രാഷട്രീയ രംഗത്തെ ജീര്‍ണ്ണത ഉപയോഗപ്പെടുത്തി ജനപ്രതിനിധികളും ജനനേതാക്കളുമായവര്‍ വരെയുണ്ട്. മുകേഷ് , ഇന്നസെന്റ് തുടങ്ങി ഇടതുപക്ഷമെന്നവകാശപ്പെടുന്ന ജനപ്രതിനിധികള്‍ ഈ വിഷയങ്ങളില്‍ ഇന്നോളം പാലിച്ചു പോന്ന നിശ്ശബ്ദത എത്ര അപമാനകരമാണ്? രാഷ്ട്രീയ നിലപാടുകളെ ജനപ്രിയ താരമൂല്യങ്ങള്‍ കൊണ്ടും സാമുദായിക വോട്ട് ബാങ്കുകള്‍ കൊണ്ടും പകരം വയ്ക്കുന്ന അപചയത്തിന്റെ ഫലമാണിത്. കഴിഞ്ഞദിവസം കെബി ഗണേഷ് കുമാര്‍ കയ്യേറ്റം ചെയ്തുവെന്ന് പരാതിപ്പെട്ട അമ്മയും മകനും സമ്മര്‍ദ്ദങ്ങളുടെ ഫലമായി പരാതി പിന്‍വലിച്ചതും കേരളം കണ്ടതാണ്.

നാം കൂടി ഭാഗമായിരുന്ന സംഘടിത ശക്തികളോട് വിയോജിപ്പുകള്‍ രേഖപ്പെടുത്തി ഇറങ്ങി വരിക, ബദല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയൊക്കെ എളുപ്പമുള്ള കാര്യങ്ങളല്ല. കരിയര്‍ മാത്രമല്ല ,ചിലപ്പോള്‍ ജീവനും ജീവിതവും തന്നെ നഷ്ടപ്പെട്ടു പോയേക്കാം ദിലീപിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ കരിയറിലെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായി ഒരു നടി തന്റെ രാജിക്കത്തില്‍ തുറന്നെഴുതുന്നുണ്ട്. ഇവരോട് അനുകൂല മനോഭാവമുള്ള ഒട്ടനേകം സ്ത്രീകളും പുരുഷന്മാര്‍ പോലും ചിലപ്പോള്‍ ഇത്രയും ധൈര്യമില്ലാത്തതിനാലോ , തൊഴില്‍ നഷ്ടപ്പെട്ടാലുള്ള ഭാവി ജീവിത ഭദ്രത ആലോചിച്ചോ മിണ്ടാതിരിക്കുന്നുണ്ടാവും. അവര്‍ക്കും ധീരമായി നിലപാടെടുക്കാനുള്ള ആത്മവിശ്വാസം പകരാനുള്ള ഉത്തരവാദിത്തം പൊതു സമൂഹത്തിനുണ്ട്. നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടേതാവട്ടെ നാളെകള്‍.https://www.azhimukham.com/update-thilakan-letter-mohanlal-slams-amma/

https://www.azhimukham.com/newswrap-amma-a-democratic-organisation-says-actor-mahesh-writes-saju-kompan/


Next Story

Related Stories