TopTop

കുട്ടനാടിന് റൂം ഫോർ ദി റിവർ അനുയോജ്യമോ? വെള്ളപ്പൊക്കം അതിജീവിക്കുന്ന ഡച്ച് നിർമ്മാണ രീതി വിലയിരുത്തി മുഖ്യമന്ത്രി

കുട്ടനാടിന് റൂം ഫോർ ദി റിവർ അനുയോജ്യമോ? വെള്ളപ്പൊക്കം അതിജീവിക്കുന്ന ഡച്ച് നിർമ്മാണ രീതി വിലയിരുത്തി മുഖ്യമന്ത്രി
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന നിർമ്മാണ സാങ്കേതികവിദ്യ നേരിട്ട് മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നെതർലാന്റ്സിലെ ഔദ്യോഗിക സന്ദർശനത്തിനിടയിലാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയത്. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു സന്ദർശനം. വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോർ ദി റിവർ പദ്ധതി. കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജലവിഭവ - ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധരുമായും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചർച്ചകൾ നടത്തി. ഫലപ്രദമായ ജലമാനേജ്മെൻറിനുള്ള വിവിധ മാർഗങ്ങൾ വിദഗ്ദ്ധർ കേരളസംഘത്തിനു മുന്നിൽ അവതരിപ്പിച്ചു.

വ്യത്യസ്ത മേഖലയിലെ 20 വിദഗ്ദ്ധരുമായും ചർച്ച നടന്നു. നെതർലന്റ് സർക്കാറിലെ പശ്ചാത്തല വികസനം, ജലവിഭവം - ജല മാനേജ്മെൻറ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കാളികളായി. കോൺഫെഡറേഷൻ ഓഫ് നെതർലാന്റ് ഇൻഡസ്ട്രി ആന്റ് എംപ്ലോയേർസ് (VNO- NCW) നേതൃത്വത്തിൽ ഈ മേഖലയിൽ പ്രശസ്തരായ കമ്പനി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

നേരത്തെ ഗതാഗതം, ഐടി, മാലിന്യ സംസ്ക്കരണം തുടങ്ങിയ മേഖലകളിലെ കമ്പനികളുമായും മുഖ്യമന്ത്രിയും സംഘവും ചർച്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു. നെതർലൻഡിലെ അപ്ലൈഡ് സൈന്റിഫിക് ഓർഗനൈസേഷൻ , കേരളത്തിൽ ഇന്റർനെറ്റ് ഓഫ് തിംഗ്സും (IOT) ലിവിംഗ് ലാബ്സും സജ്ജമാക്കാൻ സഹായം വാഗ്ദാനം ചെയ്തു. കോഴിക്കോട് നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശമാണ് ഈ മേഖലയിലെ പ്രമുഖരുമായുള്ള ചർച്ചയിൽ ഉയർന്നു വന്നത്.

നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയും ചർച്ചകളിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.



“ബില്‍ഡേഴ്‌സും നഗരസഭയും ചെയ്ത തെറ്റിന് പെരുവഴിയിലാവാന്‍ പോവുന്നത് ഞങ്ങള്‍'”; സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകള്‍ പറയുന്നു

Next Story

Related Stories