ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: വികസനം ഒരുക്കുന്നതില്‍ വനം വകുപ്പിന് ശത്രുതാ മനോഭാവമെന്ന് ദേവസ്വം ബോര്‍ഡ്; അടിസ്ഥാനരഹിതമെന്ന് വനം വകുപ്പ്

വനം അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ ശബരിമലയെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുതെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വനം വകുപ്പ് തടസം നില്‍ക്കുകയാണെന്ന ആരോപണവുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ശബരിമലയെ തകര്‍ക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന ഗുരുതര ആരോപണവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ എം പത്മകുമാര്‍ ആരോപിച്ചു. ശബരിമലയില്‍ അനധികൃത നിര്‍മാണം അനുവദിക്കരുതെന്ന കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും പത്മുമാര്‍ പരോക്ഷമായി വിമര്‍ശിച്ചു. ബോര്‍ഡ് അനധികൃത നിര്‍മാണം നടത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്നന്നായിരുന്നു പത്തനംതിട്ടയില്‍ മാധ്യമങ്ങളെ കണ്ട പത്മകുമാര്‍ പറഞ്ഞു. മംഗളാ ദേവി ക്ഷേത്രത്തെപോലെ ശബരിമലയെ തര്‍ക്ക പ്രദേശമാക്കാനാണ് വനം വകുപ്പിന്റെ ശ്രമമെന്നും എ. പത്മകുമാര്‍ കുറ്റപ്പെടുത്തി.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ഉന്നാതാധികാര സമിതി പറഞ്ഞത് ശരിയാണ്. എന്നാല്‍ ഇപ്പോള്‍ നടത്തുന്നത് അനാവശ്യ ഇടപെടലിനുള്ള ശ്രമമാണ്. 2007ലെ മാസ്റ്റര്‍ പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി വകുപ്പുമായി കൂടിയാലോചിച്ചാണ് തയ്യാറാക്കിയത്. ശബരിമലയില്‍ അനാവശ്യകെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍ വനം അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ ശബരിമലയെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുതെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കു എന്നും വനം മന്ത്രി കെ രാജു നിലപാട് വ്യക്തമാക്കുന്നു. വനംവകുപ്പും ദേവസ്വവും തമ്മിലുള്ള തര്‍ക്കം നിലക്കല്‍ ഇടതാവളത്തിന്റെ വികസനത്തെയും പമ്പാ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.

അതേസമയം, മണ്ഡലകാലത്ത് നിലയ്ക്കലില്‍ 10,000 പേര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യമൊരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. ചെങ്ങന്നൂരില്‍ ബേസ് ക്യാംപ് ഒരുക്കും. പുതിയ 20 ഇടത്താവളങ്ങള്‍ കൂടി സജ്ജമാക്കും. ശബരിമലയില്‍ സമാധാന അന്തരീക്ഷം ഒരുക്കാന്‍ എല്ലാവരും തയാറാകണമെന്നും പത്മകുമാര്‍ ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്കിനായി നടതുറക്കുന്നതോടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കാനാവും. പ്രളയങ്ങള്‍ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുണ്ടായിട്ടില്ല. ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ അത് കൂടി മനസ്സിലാക്കിയിട്ട് വേണം ദര്‍ശനം നടത്താനെന്നും പത്മകുമാര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍