UPDATES

വീഡിയോ

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥയ്ക്കും ഭർത്താവിനും നടുറോഡിൽ ശബരിമല പ്രതിഷേധക്കാരുടെ മർദനം (വീഡിയോ)

സ്വന്തം ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥയായ ഷീജയും ഭർത്താവും ആക്രമിക്കപ്പെടുന്നത്. ശാരീരികമായ കയ്യേറ്റം പോലും നേരിടേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഷീജ.

ശബരിമല പ്രതിഷേധത്തിന്റെ പേരിൽ നടു റോഡിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും കൊടുങ്ങല്ലൂരിൽ വച്ച് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥയായ പി എസ് ഷീജ, കെഎസ്ആർടിസി ജീവനക്കാരനായ ഭർത്താവ് ബോസ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സ്വന്തം ജോലി ചെയ്യാൻ ശ്രമിച്ചതിന്റെ പേരിലാണ് നടു റോഡിൽ ആളുകൾ നോക്കി നിൽക്കെ തങ്ങൾക്ക് മർദ്ദനമേൽക്കേണ്ടി വന്നതെന്ന് ഇരുവരും അഴിമുഖത്തോട് പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതറിഞ്ഞു ബുധനാഴ്ച തെരുവിൽ ബിജെപി സംഘപരിവാർ പ്രവർത്തകർ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ ഭാഗമായിരുന്നു ആക്രമണമെന്നും ബോസ് പറയുന്നു.

“കഴിഞ്ഞ ബുധനാഴ്ച കെഎസ്ആർടിസി യിൽ എന്റെ സഹപ്രവർത്തകനായ ഒരു ഡ്രൈവർ ഓടിച്ചിരുന്ന ബസ് ശബരിമല പ്രതിഷേധക്കാർ കല്ലെറിഞ്ഞു തകർത്തിരുന്നു. കല്ലേറിൽ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ കൊണ്ട് പോവാനാണ് ഞാൻ അവിടെ ചെന്നത്. വടക്കേക്കര പോലീസ് സ്റ്റേഷനിൽ സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന എന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. കല്ലേറ് കൊണ്ട ബസ്സിന്റെ ചിത്രങ്ങൾ എടുത്ത ശേഷം ഭാര്യ മുൻപേ തന്നെ സ്റ്റേഷനിലേയ്ക്ക് പോയി. അതിന് പുറകെ ഞങ്ങൾ ബസും എടുത്ത് പോവുകയായിരുന്നു. തുരുത്തിപ്പുറം പമ്പിനടുത്ത് എത്തിയപ്പോൾ വേറെ ഒരു കെഎസ്ആർടിസി ബസ് തടഞ്ഞിട്ടിരിക്കുന്നത് കണ്ടു. ഗുരുവായൂർ നിന്ന് വൈറ്റിലയിലേക്ക് പൊയ്ക്കൊണ്ടിരുന്ന ആ ബസ്സിലെ ഡ്രൈവറും എന്റെ പരിചയക്കാരനായിരുന്നു. എന്താണ് കാര്യം എന്ന് ചോദിക്കുമ്പോഴാണ് ഒരാൾ എന്റെ ഭാര്യയുടെ കൈ പിടിച്ച് തിരിക്കുന്നത് ഡ്രസ്സ് വലിച്ച് കീറാൻ നോക്കുന്നത് കണ്ടത്. അത് ചോദിക്കാൻ ചെന്ന എന്നെ മൂന്നാല് പേർ ചേർന്ന് അടിച്ചു റോഡിൽ വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഹെൽമെറ്റ് വച്ചൊക്കെ അടിച്ചുകൊണ്ടായിരുന്നു മർദ്ദനം”.

സ്വന്തം ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥയായ ഷീജയും ആക്രമിക്കപ്പെടുന്നത്. ശാരീരികമായ കയ്യേറ്റം പോലും നേരിടേണ്ടി വന്നതിന്റെ ഞെട്ടലിലാണ് ഷീജ ഇപ്പോഴും. “പെട്രോൾ പമ്പിന്റെ മുന്നിൽ ഒരു ബസ്സ് നിർത്തിയിട്ടിരിക്കുന്നതും കുറച്ച് ആളുകൾ ബസ്സിന് മുന്നിൽ നിന്ന് ബഹളമുണ്ടാക്കുന്നതും കണ്ടിട്ടാണ് ഞാൻ എന്റെ സ്കൂട്ടറിൽ നിന്നിറങ്ങി ചെല്ലുന്നത്. ഡ്രൈവറോട് വിവരം തിരക്കിയപ്പോൾ കൊടുങ്ങല്ലൂർ വച്ച് ഇതേ ബസ്സ് പ്രതിഷേധക്കാർ തടഞ്ഞിരുന്നെന്നും ഡ്രൈവർ പോലീസിനെ വിളിച്ചു വരുത്തി പ്രതിഷേധക്കാരെ നീക്കിയ ശേഷം പോന്നതാണെന്നും പറഞ്ഞു. അവിടുന്ന് പോരുമ്പോൾ ബസ്സിൽ ഉണ്ടായിരുന്ന ആരോ പ്രതിഷേധകരെ കൂവി വിളിച്ചു എന്നും പറഞ്ഞാണ് ഇപ്പോൾ വണ്ടി തടഞ്ഞു പ്രശ്നമുണ്ടാക്കുന്നതെന്നാണ് ഡ്രൈവർ പറഞ്ഞത്. അപ്പോൾ പ്രതിഷേധക്കാർ യാത്രക്കാരെ പുറത്തിറങ്ങാൻ സമ്മതിക്കാതെ ബസ്സ് തല്ലിപ്പൊളിക്കാൻ നോക്കുകയായിരുന്നു. ഞാൻ ഉടനെ തന്നെ എസ്ഐ യെ വിളിച്ചു വിവരം പറഞ്ഞു.

അതിനിടെ അക്രമികളിൽ ഒരാൾ എന്നെ അസഭ്യം പറഞ്ഞുകൊണ്ട് വന്ന് എന്റെ ഫോട്ടോ എടുക്കാൻ നോക്കി. അയാളെ തടയാൻ ശ്രമിച്ചു കൊണ്ട് ഞാൻ ഡിവൈഎസ്പി യെ വിളിച്ചു സംഭവം റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ വേറെ ഒരാൾ വന്നെന്റെ കൈ പിടിച്ചു തിരിക്കുകയും ഫോൺ തട്ടിപ്പറിച്ചു വാങ്ങിക്കുകയും ചെയ്തു. ഞാൻ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥയാണെന്നു പറഞ്ഞപ്പോൾ കൊടുങ്ങല്ലൂരിലെ ബിജെപിക്കാരാടി ഞങ്ങൾ, ഞങ്ങളെ തൊടാൻ ധൈര്യമുള്ള ഒരു പോലീസും ഇല്ലെന്ന് പറഞ്ഞായിരുന്നു എന്നെ വീണ്ടും അടിച്ചത്. എന്റെ കൈ പിടിച്ചു ഞെരിച്ചു ചുരിദാർ വലിച്ച് കീറാൻ ശ്രമിക്കുമ്പോഴാണ് ഭർത്താവ് അവിടേയ്ക്ക് ഓടി വരുന്നത്. പിന്നെ എന്നെ വളഞ്ഞു പിടിച്ചവർ അദ്ദേഹത്തെ റോഡിലിട്ട് ചവിട്ടാനും അടിക്കാനും തുടങ്ങി. അവന്റെ തലയടിച്ചു പൊളിക്കേടാ എന്നും പറഞ്ഞായിരുന്നു അക്രമികളുടെ ആക്രോശം. ഒടുവിൽ പോലീസ് എത്തിയാണ് ഞങ്ങളെ അവരിൽ നിന്ന് രക്ഷിച്ചത് “.
താനും ഭർത്താവും ഇത്രയധികം ആക്രമിക്കപ്പെട്ടിട്ടും റോഡിൽ തിങ്ങിക്കൂടിയ ആളുകൾ ആരും തടയാൻ മുന്നോട്ട് വന്നില്ല എന്നും ഷീജ പറയുന്നു. പത്തു പേരോളം ഉണ്ടായിരുന്ന സംഘത്തിലെ അഞ്ചു പേരെയാണ് പോലീസ് ഇത് വരെ പിടികൂടിയിട്ടുള്ളത്. അക്രമികൾ തട്ടിയെടുത്ത ഷീജയുടെ മൊബൈൽ ഫോണും ഇത് വരെ തിരിച്ചു കിട്ടിയിട്ടില്ല .

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍