Top

ശബരിമല: പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍; വിധിക്ക് പിന്നില്‍ അടിയൊഴുക്കുകളെന്ന് തന്ത്രി കണ്ഠരര് രാജീവര്

ശബരിമല: പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍; വിധിക്ക് പിന്നില്‍ അടിയൊഴുക്കുകളെന്ന് തന്ത്രി കണ്ഠരര് രാജീവര്
ശബരിമലയില്‍ പ്രായഭേദമന്യേ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നേത്വത്തില്‍ സമവായ ശ്രമങ്ങള്‍ നടത്താനൊരുങ്ങുമ്പോള്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് തന്ത്രി കുടുംബം. സുപ്രീം കോടതി വിധി ശബരിമല ക്ഷേത്രത്തിന്റെ നാശത്തിനാണെന്നും ചൈതന്യം നഷ്ടപ്പെടുമെന്നുമായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം.

വിധിക്ക് പിന്നില്‍ അടിയൊഴുക്കുകള്‍ ഉണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ശബരിലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കിയാലെ യഥാര്‍ത്ഥ സ്ത്രീ വിമോചനം സാധ്യമാവു എന്നത് എന്ത്
അടിസ്ഥാനത്തിലുള്ള വാദമാണെന്നുമായിരുന്നു  അദ്ദേഹത്തിന്റെ  പ്രതികരണം.  വിധിക്കെതിരേ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ തന്ത്രികുടുംബവും എന്‍എസ്എസും പന്തളം കൊട്ടാര പ്രതിനിധികളും ഒരുമിച്ച്  പങ്കെടുത്തതും വിഷയത്തിലെ നിലപാട് കടുക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.

അതിനിടെ വിധിക്കെതിരെ അപ്പീല്‍ പുനപ്പരിശോധനാ ഹരജി നല്‍കാത്ത ദേവസ്വം ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചും, പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായി നടന്ന പോലീസ് നടപടിയിലും പ്രതിഷേധിച്ച് ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ദേവസ്വം പ്രസിഡണ്ടിന്റെ വീട്ടിലേക്ക് നടന്ന യുമോര്‍ച്ച മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തെത്തിയ ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട് സംസ്ഥാന നേതൃത്വം ഇന്നലെ തള്ളിയിരുന്നു. അടുത്ത കോര്‍കമ്മിറി കൂടുതല്‍ ശക്തമായ സമരങ്ങള്‍ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി.

Next Story

Related Stories