UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രഹ്ന ഫാത്തിമയുടെ ശബരിമല ദര്‍ശനം; നിയമങ്ങള്‍ ലംഘിക്കാന്‍ കൂട്ടുനില്‍ക്കില്ല: ബിഎസ്എന്‍എല്‍

ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരിയും കൊച്ചി സ്വദേശിനിയുമായി റഹ്ന ഫാത്തിമയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യങ്ങള്‍ക്ക് പിറകെയാണ് പൊതുമേഖലാ ടെലഫോണ്‍ കമ്പനിയുടെ വിശദീകരണം.

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി മറികടന്ന് ജീവനക്കാര്‍ ആരെങ്കിലും വ്യക്തി താല്പര്യങ്ങള്‍ക്ക് മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ബിഎസ്എന്‍എല്‍. ശബരിമല ദര്‍ശനത്തിനെത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരിയും കൊച്ചി സ്വദേശിനിയുമായി റഹ്ന ഫാത്തിമയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യങ്ങള്‍ക്ക് പിറകെയാണ് പൊതുമേഖലാ ടെലഫോണ്‍ കമ്പനിയുടെ വിശദീകരണം. തങ്ങളുടെ ഔദ്യോഗിക് ഫേസ് ബുക്ക് പേജിലാണ് അവര്‍ ഇക്കാര്യം പുറത്ത് വിട്ടത്.

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കേന്ദ്ര സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എന്‍എല്‍. ഒരു മതത്തിന്റെയും വിശ്വാസങ്ങളെ തങ്ങള്‍ വ്രണപ്പെട്ടുത്തിയിട്ടില്ല. എന്നാല്‍ വ്യക്തി താല്‍പര്യങ്ങളുടെ പേരില്‍ രണ്ട് ലക്ഷത്തോളം വരുന്ന തങ്ങളുടെ ജീവനക്കാരില്‍ ആരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വ്യക്തമായാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബിഎസ്എന്‍എല്‍ കേരള ഫേസ്ബുക്ക് പോസ്റ്റില്‍ വ്യതക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ മൗലീകാവകാശങ്ങളെ അംഗീകരിച്ചു കൊണ്ടാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ശബരിമലയിലും, പ്രളയകാലത്തും മറ്റ് സ്വകാര്യ ടെലഫോണ്‍ കമ്പനികള്‍ ചെയ്യുന്നത് പോലെ സംവിധാനങ്ങള്‍ ഓഫ് ചെയ്തിടുകയല്ല ചെയ്യുന്നത്. മണ്ഡല മകര വിളക്ക് കാലത്തൊഴികെ മറ്റു മലയാള മാസങ്ങളില്‍ നട തുറക്കുമ്പോഴും ബിഎസ്എന്‍എല്‍ മാത്രമാണ് പമ്പ മുതല്‍ സന്നിധാനം വരെ മൊബൈല്‍ കവേറേജ് നല്‍കുന്നത്.

നഷ്ടം സഹിച്ചും ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനമാണ് തുടര്‍ന്നത്. ബിഎസ്എന്‍എല്ലിന്റെ മുഴുവന്‍ നിയന്ത്രണവും കേന്ദ്ര സര്‍ക്കാരിലാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ സദാ ബാധ്യസ്ഥരുമാണെന്നും എല്ലാ നല്ലവരായ വരിക്കാരെയും ഭക്തന്മാരെയും ഈ പ്രത്യക സാഹചര്യത്തില്‍ അറിയിക്കുന്നതായും കമ്പനി കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം: 

പ്രിയ BSNL ഉപഭോക്താക്കളെ , മാന്യ ശബരിമല വിശ്വാസികളേ,

ഭാരതത്തിന്റെ നിയമവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ടെലികോം പൊതുമേഖലാ സ്ഥാപനമാണ്‌ BSNL. ഏതെങ്കിലും മത വികാരത്തെ വ്രണപ്പെടുതാണോ എന്തെങ്കിലും നിയമങ്ങള്‍ ലംഘിക്കാനോ BSNL എന്ന സ്ഥാപനം കൂട്ട് നില്‍ക്കില്ല എന്ന് ഞങ്ങളുടെ മാന്യ വരിക്കാരേയും അഭ്യുതയകാംക്ഷികളെയും അറിയിച്ചു കൊള്ളുന്നു.. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും വ്യക്തിതാല്‍പ്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഭാരത സര്‍ക്കാര്‍ അംഗീകരിച്ച നിയമാവലി അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്നറിയിച്ചു കൊള്ളുന്നു. വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ BSNLന്‍റെ തീരുമാനമായി തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിക്കുന്നു.

ശബരിമലയെ സംബന്ധിച്ച് വര്‍ഷം മുഴുവന്‍ സന്നിധാനത്ത് അവിടുത്തെ ശാന്തിമാരുടെയും ദേവസ്വം ജീവനക്കാരുടേയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും ഉപയോഗാര്‍ത്ഥം മൊബൈല്‍ ടവര്‍ ഓണ്‍ ആക്കി വെയ്ക്കുന്നത് ഒരു ലാഭത്തിനും വേണ്ടിയല്ല മറിച്ചു നിസ്വാര്‍ഥമായ സേവനം മാത്രമാണ് ഞങ്ങളുടെ ലക്‌ഷ്യം എന്ന് ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു. . മണ്ഡല മകര വിളക്ക് കാലത്തൊഴികെ മറ്റു മലയാള മാസങ്ങളില്‍ നട തുറക്കുമ്പോഴും BSNL മാത്രമാണ് പമ്പ മുതല്‍ സന്നിധാനം വരെ മൊബൈല്‍ കവേറേജ് നല്‍കുന്നത്. വളരെ അധികം നഷ്ടം സഹിച്ചും ഇത് പോലെ ഉള്ള സര്‍വീസ് നല്‍കുന്നത് ഇതൊരു സര്‍ക്കാര്‍ കമ്പനി ആയത് കൊണ്ടും ജനങ്ങളോടുള്ള ഞങ്ങളുടെ നിസ്വാർത്ഥമായ സേവന മനോഭാവം കൊണ്ടു മാണ്. BSNLന്റെ മുഴുവന്‍ നിയന്ത്രണവും കേന്ദ്ര സര്‍ക്കാരില്‍ അര്‍പ്പിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ സദാ ബാധ്യസ്ഥാരെന്നും എല്ലാ നല്ലവരായ വരിക്കാരെയും ഭക്തന്മാരെയും ഈ പ്രത്യക സാഹചര്യത്തില്‍ ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു.

നമ്മളുടെ എല്ലാം നികുതി പണത്താല്‍ പടുത്തുയര്‍ത്തിയ BSNL എന്ന ഈ സ്ഥാപനം കേരളത്തില്‍ ഇപ്പോള്‍ കഴിഞ്ഞു പോയ പ്രളയ കാലത്തും മുന്‍പ് ചെന്നൈയിലും വിശാഖപട്ടണത്തും കാശ്മീരിലും ഉത്തരാഖണ്ഠിലും ഒക്കെ ദുരന്തം വന്നപ്പോള്‍ മറ്റു ഓപ്പറേറ്റര്‍മാര്‍ അവരുടെ സര്‍വീസ് ഓഫ്‌ ചെയ്തപ്പോള്‍ വര്‍ധിച്ച ഇന്ധന ചിലവ് സഹിച്ചും വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിലും ജനങ്ങളുടെ രക്ഷക്ക് അഹോരാത്രം നിസ്വാര്‍ഥം പ്രവര്‍ത്തിച്ചു എന്നത് നിങ്ങള്‍ ഒക്കെ അനുഭവിച്ചറിഞ്ഞതാണല്ലോ. തുടര്‍ന്നും ഇതേ പോലെ ഉള്ള സേവനങ്ങള്‍ ചെയ്യുന്നതിന് നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് താഴ്മയായി അറിയിച്ചു കൊള്ളുന്നു.

150 വര്‍ഷത്തിനു മുകളില്‍ പാരമ്പര്യം ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്വന്തം സ്ഥാപനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ ഉപദേശവും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു. ഭാരതത്തിന്റെ നിയമങ്ങള്‍ കാത്തു സൂക്ഷിച്ചു കൊണ്ട്, ഭാരതത്തിന്റെ മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊണ്ട് നമ്മുടെ സാഹോദര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഏതു സമയത്തും എന്നും ഞങ്ങള്‍ കൂടെ ഉണ്ടാകും എന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ ഉറപ്പു തരുന്നു.

ദിലീപിന് ശബരിമലയില്‍ കയറാമെങ്കില്‍ എസ്.പി മഞ്ജുവിന് മാത്രമല്ല ഏത് സ്ത്രീക്കുമാകാം

“ഓര്‍ഡിനന്‍സ് കൊണ്ടുവരൂ അമിത് ഷാ ജീ, ശബരിമലയെ രക്ഷിക്കൂ”: ഫേസ്ബുക്കില്‍ മലയാളികള്‍

രാജാവേ, ശബരിമല നട അടച്ചിടുംമുമ്പ്; അങ്ങ് കൊല്ലവർഷം 969 ഇടവം 23-ലെ പന്തളം അടമാനം എന്നു കേട്ടിട്ടുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍