ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സ്ത്രീപ്രവേശനം വിധി തടയാനാവില്ല; നിയമം നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി

1991ലെ മഹേന്ദ്രന്‍ കേസ് വിധി ഉള്‍പ്പെടെ പരിഗണിച്ച് സുപ്രീം കോടതിയിലെ പുനപ്പരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതുവരെ നിലവിലെ വിധി തടയണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചത്.

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി. സുപ്രീം കോടതിയുടേതാണ് വിധി അത് തടയാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് നിയമങ്ങളെന്നും യുവതി പ്രവേശനം താത്കാലികമായി തടയണം എന്നാവശ്യപ്പെട്ടെത്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെ വിധി നടപ്പാന്‍ ശ്രമിച്ച സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ച്ചും കോടതി രംഗത്തെത്തി. വിധി നടപ്പിലാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി. പുനപ്പരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കാനിരിക്കെ അതുവരെ സുപ്രീം കോടതി വിധി തടയണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

അതേസമയം ശബരിമലയില്‍ യുവതി പ്രവേശനം തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ മുന്‍ വിധിയെ ഉദ്ധരിച്ചായിരുന്നു പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. മഹേന്ദ്രന്‍ എന്നയാളുടെ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് 1991ല്‍ വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ഇതില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അന്നത്തെ വിധി പരിശോധിക്കാതെ മറ്റൊരു വിഷയത്തിലാണ് ശബരിമലയില്‍ യുവതി പ്രവേശനത്തിന് സുപ്രീംകോടതി അനുമതി നല്‍കിയതെന്നും ഹര്‍ജി പറയുന്നു. ഈ സാഹചര്യത്തില്‍ മഹേന്ദ്രന്‍ കേസിലെ വിധി ഉള്‍പ്പെടെ പരിഗണിച്ച് സുപ്രീം കോടതിയിലെ പുനപ്പരിശോധന ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നതുവരെ നിലവിലെ വിധി തടയണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ചത്.

എന്നാല്‍ വിധിപറയാന്‍ പരിഗണിക്കേണ്ട വിധികള്‍ ഉള്‍പ്പെടെ തീരുമാനിക്കേണ്ടത് സുപ്രീം കോടതിയാണ്. അതിനാല്‍ ഹര്‍ജി ഹൈക്കോടതിയില്‍ട നിലനില്‍ക്കില്ല. അവശ്യവുമായി ഹര്‍ജിക്കാരന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍