UPDATES

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാൻ കത്തെഴുതിയ സംഭവം: വിശദീകരണവുമായി ശ്രീധരന്‍ പിള്ള

ലഭിച്ച നിവേദനങ്ങളിലെ വിരങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത് താന്‍ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്ന ആരോപണത്തിന് വിശദീകരണവുമായി ശ്രീധരന്‍ പിള്ള. ലഭിച്ച നിവേദനങ്ങളിലെ വിവരങ്ങള്‍ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു തന്റെ ശുപാര്‍ശ. തനിക്കു നിവേദനം നല്‍കിയ നിവേദക സംഘത്തില്‍ സിപിഎം പ്രാദേശിക നേതാവും ഉണ്ടായിരുന്നെന്ന്‌ അദ്ദേഹം ആരോപിച്ചു.

ജനപക്ഷത്തോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടി എന്ന് അവകാശപ്പെടുന്നവര്‍ ജനവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയപാതാ വികസനത്തിനായി പലര്‍ക്കും വീടും സ്ഥലവും നഷ്ടപ്പെട്ടു. അവര്‍ക്കിതു വരെ നഷ്ടപരിഹാരം പോലും കൊടുത്തിട്ടില്ല. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് താന്‍ കത്തെഴുതിയത് എന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേരളത്തിലെ എന്‍എച്ച് 66 നാലുവരിയാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്രം തടയിട്ടത്. ഇതിനു പിന്നില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അയച്ച കത്താണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ കത്തിന്റെ പകർപ്പും പുറത്തു വരികയുണ്ടായി. കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ശ്രീധരന്‍ പിള്ള കത്തെഴുതിയെന്നാണ് ആരോപണം.

ശ്രീധരന്‍ പിള്ള എഴുതിയതെന്നാരോപിക്കപ്പെടുന്ന കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസ് ആണ് പ്രസിദ്ധീകരിച്ചത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. ഈ ആരോപണം കൂടുതല്‍ ശക്തമായി ധനമന്ത്രി തോമസ് ഐസക്ക്  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചിരുന്നു.

കാസറഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാനാണ് ദേശീയപാതാ അതോരിറ്റിയുടെ ഉത്തരവ്. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് തുടര്‍നടപടികളൊന്നും ഉണ്ടാകില്ലെന്ന നിലയാണ്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീര്‍ന്നതിനു ശേഷമേ ഇനി നടപടിയുണ്ടാകൂ എന്ന നിലയാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍