TopTop

തന്നെ ആക്രമിച്ചിട്ടും പാർട്ടി ഇടപെട്ടില്ല, കൊല അപമാനം സഹിക്കാനാകാതെ; തനിച്ച് തിരിച്ചടിക്കാൻ പോന്ന പീതാംബരന്‍

തന്നെ ആക്രമിച്ചിട്ടും പാർട്ടി ഇടപെട്ടില്ല, കൊല അപമാനം സഹിക്കാനാകാതെ; തനിച്ച് തിരിച്ചടിക്കാൻ പോന്ന പീതാംബരന്‍
തനിക്കെതിരെ ആക്രമണമുണ്ടായിട്ടും സംഭവത്തില്‍ പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇതാണ് തന്റെ സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്ന് കാസർക്കോട് ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്റെ മൊഴി.  മുന്നാട് കോളജിൽ കെഎസ്‍യു പ്രവർത്തകർക്കു മർദനമേറ്റ വിഷയത്തിൽ കോൺഗ്രസുകാർ ബസ് തടയുന്നതിനിടെ പ്രശ്നത്തിൽ ഇടപെട്ട പീതാബരനും പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേന്ദ്രനും മർദനമേറ്റു. എന്നാൽ ഇക്കാര്യത്തില്‍  പാർട്ടി കാര്യക്ഷമായി ഇടപെടാത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് മൊഴി.

കല്ല്യോട്ട് ഏച്ചിലടുക്കം സ്വദേശിയായ പീതാംബരൻ കെട്ടിടം പണി കരാറുകാരനാണ്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ എ. പീതാംബരന്റെ പ്രവർത്തനങ്ങൾ പാർട്ടിയിൽ തന്നെ എതിർപ്പുണ്ടായിരുന്നതായാണ് വിവരം. കല്ല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ രാഷ്ട്രീയ എതിരാളികളുമായി നിരന്തരം പ്രശ്നങ്ങൾ പീതാംബരന്റെ ഇടപെടലിൽ ഉണ്ടായിരിന്നു. ഇതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിനിടയാക്കിയിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കല്ല്യോട്ട് മൂവാരിമൂലയിലെ പ്രസാദിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലും പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രവി, ഗോപകുമാർ എന്നിവർ ആക്രമിക്കപ്പെട്ട സംഭവത്തിലും പീതാംബരനു പങ്കുണ്ടെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

വെട്ടിയത് താന്‍ തന്നെയാണെന്ന്  അന്വേഷണ സംഘത്തോട്  ഏറ്റുപറഞ്ഞ പീതാംബരന്‍ കൃത്യം നിര്‍വഹിച്ചത് കഞ്ചാവിന്റെ ലഹരിയിലാണെന്നും മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറു സുഹൃത്തുക്കളുമായി ചേർന്നാണ് കൊല ആസൂത്രണം ചെയ്തത്. കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. എന്നാൽ കൃത്യത്തിന് പിന്നിൽ‌ പ്രാദേശികമായ പ്രശ്നങ്ങളെന്ന സിപിഎമ്മിന്റെ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് മുഖ്യസൂത്രധാരനെന്ന് കരുതുന്ന പീതാംബരിന്റെ മൊഴി. സി.പി.എം പ്രാദേശിക നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതും. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ ഉടമ സജി ജോർജും പോലീസ് കസ്റ്റഡിയിലാണ്.

കസ്റ്റഡിയിലുള്ള 6 അംഗ സംഘം ഇയാൾക്കു വേണ്ടി പ്രാദേശിക പ്രശ്നങ്ങളിൽ സജീവമായി  ടപെട്ടിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കുക. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള ക്വട്ടേഷൻ സംഘം പ്രാദേശിക പിന്തുണയോടെ നടത്തിയ കൊലപാതകമെന്നാണു ആദ്യം പോലീസ് വാദം. പ്രഫഷനൽ രീതിയിലുള്ള ആക്രമണം ഇതിനുള്ള തെളിവായും പോലീസ് പറഞ്ഞിരുന്നു. എന്നാൽ പ്രാദേശികമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കസ്റ്റഡിയിലുള്ളവർ നൽകുന്ന വിവരം. കസ്റ്റഡിയിലുള്ളവർ എല്ലാവരും സമാനമായ മൊഴിയാണ് നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. അന്വേഷണം വഴി തിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പോലീസ് വിലയിരുത്തൽ.

മുന്നാട് കോളജ് സംഘർഷത്തിന് ശേഷമുള്ള വിഷയങ്ങളിൽ ശരത്‍ലാലിനെ ഒന്നാം പ്രതിയാക്കിയും കൃപേഷിനെ ആറാം പ്രതിയാക്കിയും കേസെടുത്ത ബേക്കൽ പൊലീസ് പിന്നീട് കൃപേഷിനെ ഒഴിവാക്കി. ശരത്‍ലാൽ റിമാൻഡിലാകുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ഇവർ പുറത്തിറങ്ങിയത്. സംഭവത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നു പീതാംബരനും സംഘവും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Next Story

Related Stories